സിനിമാ പ്രേമികള്‍ക്ക് നൂതന ദൃശ്യാനുഭവമൊരുക്കി ലാഡര്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ നാളെ തുറക്കും
സിനിമ പ്രേമികള്‍ക്കായി ലാഡര്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ സമുച്ചയം ഒറ്റപ്പാലത്ത്. പ്രേക്ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ ദൃശ്യ-ശ്രാവ്യാനുഭവങ്ങള്‍ പകരുന്ന സംവിധാനങ്ങളുമായി പാലക്കാട് ഒറ്റപ്പാലത്ത് ലാഡര്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയം നാളെ (വെളളി) 10:30 ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശങ്കര്‍ ഭദ്രദീപം തെളിയിക്കും. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഒറ്റപ്പാലം പാലക്കാട് പാതയില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപമാണ് കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) 45 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 121,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുളള തീയറ്റര്‍ സമുച്ചയം. ഡോള്‍ബി ഫുള്‍ അറ്റ്‌മോസ് ശബ്ദവിന്യാസവും ത്രിഡി ദൃശ്യനുഭവവും പകരുന്ന മൂന്ന് സ്‌ക്രീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാന തീയേറ്ററില്‍ 14 റിക്ലൈനര്‍ സീറ്റുകള്‍ ഉള്‍പ്പടെ 458 സീറ്റുകളും മറ്റു രണ്ടു തിയേറ്ററുകളില്‍ 214 വീതം സീറ്റുകളുമാണുള്ളത്. ബാര്‍ക്കോ 4കെ 25 ആര്‍.ജി.ബി ലേസര്‍ പ്രൊജക്ടറിന്റെ ദൃശ്യവിരുന്ന് പകരുന്ന ജില്ലയിലെ ആദ്യ തിയേറ്ററാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ ഫുഡ് കോര്‍ട്ടും ഷോപ്പിംഗ് ഏരിയയും ഗെയിംസോണും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്‌സലേറ്റര്‍, ലിഫ്റ്റ് സജ്ജീകരണങ്ങളുമുണ്ട്. വി.കെ. ശ്രീകണ്ഠന്‍ എം.പി, കെ.പ്രേംകുമാര്‍ എം.എല്‍.എ, ഒറ്റപ്പാലം നഗരസഭാഅധ്യക്ഷ കെ. ജാനകി ദേവി എന്നിവര്‍ മൂന്നു തീയേറ്ററുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി ഫുഡ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ അതിഥികളെ പരിചയപ്പെടുത്തും. കോബ്ര (തമിഴ്), പാല്‍ത്തു ജാന്‍വര്‍ ( മലയാളം), ബീസ്റ്റ് (ഇംഗ്ലീഷ്) എന്നീ സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് നാളെ തീയറ്ററുകള്‍ സജീവമാകുന്നത്.
ടിക്കറ്റുകള്‍ ന്യൂ ആപ്പ് വഴി റിസര്‍വേഷന്‍ സൗകര്യമുണ്ട്. തീയേറ്ററിലെ കൗണ്ടറിലൂടെയും ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റ് റിസര്‍വേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ.. https://www.ticketnew.com/ നിങ്ങള്‍ക്കായുളള സീറ്റ് ഇപ്പോള്‍ തന്നെ ഉറപ്പാക്കൂ.