കോവിഡ് : സഹകരണമേഖലയ്ക്ക് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് രജിസ്ട്രാർ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

adminmoonam

കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകരണമേഖലയ്ക്ക് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.കോവിഡ്–19 മഹാമാരിയെ തുടർന്ന് കേരളത്തിലെ സഹകരണ മേഖലയും പ്രതിസന്ധികൾ നേരിടുകയാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ അടിസ്ഥാന ശിലകളിലൊന്നായ സഹകരണ മേഖലയുടെ അതിജീവനം നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയും, സാമൂഹിക ജീവിതവും തിരികെ പിടിക്കുന്നതിന് അത്യാവശ്യമാണ്.

കേരളത്തിലെ സഹകരണ മേഖലയ്ക്ക് കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, കോവിഡാനന്തര കാലത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലേയ്ക്കും വേണ്ടി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നു.

ഇതിലേയ്ക്കായി കേരളത്തിലെ സഹകാരികൾ, സഹകരണ സംഘങ്ങൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ അടിസ്ഥാനമാക്കേണ്ടതാണ്.
1. ലോക്കഡൗൺ പ്രഖ്യാപിച്ചതിലൂടെ സഹകരണ മേഖലയിൽ ഉണ്ടായ പ്രതിസന്ധി എന്തെല്ലാം? ടി പ്രതിസന്ധി ഉത്പാദനം, വിപണനം, ബാങ്കിംഗ് തുടങ്ങിയ സഹകരണ മേഖലയെ എപ്രകാരമെല്ലാം ബാധിച്ചിട്ടുണ്ട്?
2. ടി പ്രതിസന്ധി പരിഹരിക്കുന്നതിനുളള ഹ്രസ്വകാല നിർദ്ദേശങ്ങൾ എന്തെല്ലാം?
3. ടി പ്രതിസന്ധി പരിഹരിക്കുന്നതിനുളള ദീർഘകാല നിർദ്ദേശങ്ങൾ എന്തെല്ലാം?
4. ടി പ്രതിസന്ധി നേരിടുന്നതിന് വിവിധ സഹകരണ സ്ഥാപനങ്ങൾ എന്തെല്ലാം നടപടികൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നു.?
മേൽ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സഹകരണ സംഘം രജിസ്ട്രാറുടെ ഫെയ്സ് ബുക്ക് പേജിൽ കമന്റായും, keralarcs.[email protected] എന്ന ഇ-മെയിൽ വിലാസത്തിലും അറിയിക്കാവുന്നതാണ്.
അഭിപ്രായങ്ങൾ അറിയിക്കുന്നവർ അവരവരുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൂടി ഉൾപ്പെടുത്തണമെന്ന് രജിസ്ട്രാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News