നിക്ഷേപവും പ്രവര്‍ത്തന പരിധിയും ആധാരമാക്കി അര്‍ബന്‍ ബാങ്കുകള്‍ക്ക് നിയന്ത്രണ സംവിധാനം

Deepthi Vipin lal

റിസര്‍വ് ബാങ്ക് രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളെ നാലു നിര ( tier ) യില്‍പ്പെടുത്തി കുറഞ്ഞ മൂലധന പര്യാപ്തതാ അനുപാതം ( CRAR ) നിശ്ചയിച്ചു. 100 കോടി രൂപ വരെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകളാണ് ഈ നിരയില്‍ ഏറ്റവും താഴെ ( ടയര്‍ -1 ) വരുന്നത്.

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത ഘടന പാടില്ലെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട്. അതിനാണിപ്പോള്‍ അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപവും പ്രവര്‍ത്തനപരിധിയും കണക്കാക്കി റിസര്‍വ് ബാങ്ക് പരിഹാരം കണ്ടിരിക്കുന്നത്.

100 കോടി മുതല്‍ ആയിരം കോടി വരെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ ടയര്‍ – രണ്ടിലും ആയിരം കോടിക്കും പതിനായിരം കോടിക്കും ഇടയില്‍ നിക്ഷേപമുള്ള ബാങ്കുകള്‍ ടയര്‍ – 3 ലും വരും. പതിനായിരം കോടിക്കു മുകളില്‍ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ നാലാം നിരയില്‍പ്പെടുന്നു.

നാലു നിരയില്‍ വരുന്ന അര്‍ബന്‍ ബാങ്കുകള്‍ക്കും കുറഞ്ഞ മൂലധന പര്യാപ്തതാ അനുപാതം ( CRAR ) നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും താഴെത്തട്ടില്‍ ടയര്‍ – 1 ലുള്ള ബാങ്കുകള്‍ക്കു നിലവിലുള്ള CRAR ആയ ഒമ്പതു ശതമാനം അതേപോലെ തുടരും. രണ്ടു മുതല്‍ നാലു വരെയുള്ള നിരയില്‍ വരുന്ന ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം റിസര്‍വ് ബാങ്ക് പുതുക്കി 12 ശതമാനമാക്കിയിട്ടുണ്ട്. ഈ ബാങ്കുകളുടെ മൂലധന ഘടന ശക്തിപ്പെടുത്താനാണീ നടപടി.

അര്‍ബന്‍ ബാങ്കുകളുടെ റിപ്പോര്‍ട്ട് പ്രകാരം മിക്ക ബാങ്കുകളുടെയും 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് CRAR 12 ശതമാനത്തിലധികം വരും. 1534 ബാങ്കുകളില്‍ 1274 ബാങ്കുകളുടെയും സ്ഥിതിയിതാണ്. പുതുക്കിയ CRAR നേടിയിട്ടില്ലാത്ത അര്‍ബന്‍ ബാങ്കുകള്‍ക്ക് ഈ ലക്ഷ്യം ഘട്ടംഘട്ടമായി കൈവരിക്കാന്‍ അവസരം നല്‍കും. അതായതു 2024 മാര്‍ച്ച് 31 നകം മൂലധന പര്യാപ്തതാ അനുപാതം 10 ശതമാനം ഉണ്ടായാല്‍ മതി. 2025 ല്‍ 11 ശതമാനവും 2026 ല്‍ 12 ശതമാനവും കൈവരിച്ചാല്‍ മതി.

അര്‍ബന്‍ ബാങ്കുകളുടെ അവസ്ഥ നോക്കിവേണം CRAR നിശ്ചയിക്കാനെന്ന് അര്‍ബന്‍ ബാങ്കുകളുടെ അപെക്‌സ് സംഘടനയായ NAFCUB ( ദ നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ) ആവശ്യപ്പെട്ടിരുന്നു. സാരസ്വത് ബാങ്ക്, കോസ്‌മോസ് ബാങ്ക് പോലുള്ള അര്‍ബന്‍ ബാങ്കുകള്‍ കമേഴ്‌സ്യല്‍ ബാങ്കുകളുമായാണു മത്സരിക്കുന്നതെന്നു സംഘടന ചൂണ്ടിക്കാട്ടുകയുണ്ടായി. അതേസമയം, ഭൂരിഭാഗം അര്‍ബന്‍ ബാങ്കുകളും ഒറ്റ ശാഖ മാത്രമുള്ള യൂനിറ്റ് ബാങ്കുകളാണ്. ഇവയ്ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു ദോഷം ചെയ്യും- സംഘടന അഭിപ്രായപ്പെട്ടിരുന്നു.

അര്‍ബന്‍ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മുന്‍ ആര്‍ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍ ചെയര്‍മാനായി റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു റിസര്‍വ് ബാങ്ക് നിക്ഷേപത്തിന്റെയും പ്രവര്‍ത്തനപരിധിയുടെയും അടിസ്ഥാനത്തില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കു നിയന്ത്രണ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.