സഹാറ ഗ്രൂപ്പ് സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങി

moonamvazhi

സഹാറ ഇന്ത്യ ഗ്രൂപ്പ് സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കുള്ള പണം തിരിച്ചുകൊടുക്കാനുള്ള നടപടി തുടങ്ങി. ഇതിനുവേണ്ടിയുള്ള സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്-സഹാറ റീഫണ്ട് പോര്‍ട്ടല്‍ ചൊവ്വാഴ്ച കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. യഥാര്‍ഥ നിക്ഷേപകര്‍ക്കു പണം തിരിച്ചുനല്‍കാനായി കരുതിവെച്ച 5000 കോടി രൂപയാണു തിരിച്ചുനല്‍കുക.

പതിനായിരം രൂപയും അതില്‍ക്കൂടുതലും നിക്ഷേപിച്ച ഒരു കോടിയാളുകള്‍ക്കു തുടക്കത്തില്‍ പതിനായിരം രൂപവരെയാണു ആദ്യഗഡുവായി നല്‍കുന്നത്. തുടര്‍ന്ന് 30,000 രൂപവരെ നിക്ഷേപിച്ചവര്‍ക്കുള്ള തുക തിരിച്ചുനല്‍കും. ഇതുവഴി ആകെ 1.78 കോടി നിക്ഷേപകര്‍ക്കു പണം കിട്ടും. പോര്‍ട്ടല്‍വഴി ഓണ്‍ലൈനില്‍ ക്ലെയിം ചെയ്താല്‍ 45 ദിവസത്തിനകം അക്കൗണ്ടില്‍ പണമെത്തും. സഹാറ ഗ്രൂപ്പ് സഹകരണസംഘങ്ങളിലെ ചെറിയ നിക്ഷേപകര്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. ഈ സഹകരണസംഘങ്ങളിലെ പത്തു കോടി നിക്ഷേപകര്‍ക്കാണു പണം തിരിച്ചുകിട്ടാനുള്ളത്.

ഇപ്പോഴുള്ള 5000 കോടി രൂപ നല്‍കിക്കഴിഞ്ഞാല്‍ ബാക്കിയുള്ള നിക്ഷേപകരുടെ പണംകൂടി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയൊരു അപ്പീല്‍ ഫയല്‍ ചെയ്യും. സഹാറ ഗ്രൂപ്പിലെ നാലു വായ്പാസംഘങ്ങളില്‍നിന്നാണു നിക്ഷേപകര്‍ക്കു പണം കിട്ടാനുള്ളത്. സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാരാ ഇന്ത്യ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയാണീ സംഘങ്ങള്‍. പോര്‍ട്ടലിലൂടെ അപേക്ഷിക്കാനായി നാലു സംഘങ്ങളെക്കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ ഓണ്‍ലൈനിലുണ്ടെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. അതിനാല്‍ യഥാര്‍ഥ നിക്ഷേപകരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല – അദ്ദേഹം പറഞ്ഞു.

സഹാറ-സെബി റീഫണ്ട് അക്കൗണ്ടില്‍നിന്നു 5000 കോടി രൂപ സഹാറ ഗ്രൂപ്പ് സഹകരണസംഘങ്ങളിലെ യഥാര്‍ഥ നിക്ഷേപകര്‍ക്കു നല്‍കാനായി സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിനു കൈമാറണമെന്നു കഴിഞ്ഞ മാര്‍ച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പണം തിരിച്ചുനല്‍കുന്ന നടപടികള്‍ക്കു മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍. സുഭാഷ് റെഡ്ഡി മേല്‍നോട്ടം വഹിക്കും. പോര്‍ട്ടലിലെ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് വേണ്ട രേഖകള്‍സഹിതമാണു നിക്ഷേപകര്‍ പണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആധാര്‍കാര്‍ഡ് വഴി പരിശോധിച്ചശേഷം 45 ദിവസത്തിനകം പണം മടക്കിക്കിട്ടും- സഹകരണമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. പൊതുസേവന കേന്ദ്രങ്ങള്‍വഴി ക്ലെയിം സമര്‍പ്പിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നു നിര്‍ദേശിച്ചതായി അമിത് ഷാ പറഞ്ഞു.

ഓഹരിവിപണിയും മ്യൂച്ചല്‍ഫണ്ടും നിയന്ത്രിക്കുന്ന സെബിയില്‍ സഹാറ ഗ്രൂപ്പ് നിക്ഷേപിച്ച 24,000 കോടി രൂപയില്‍നിന്നു 5000 കോടി രൂപ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കാനായി അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണു തുക തിരിച്ചുകൊടുക്കാനുള്ള വഴി തെളിഞ്ഞത്. 2010 മാര്‍ച്ചിനും 2014 ജനുവരിക്കുമിടയിലാണു സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ നാലു സംഘങ്ങളും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം രൂപവത്കരിക്കപ്പെട്ടത്. ഇവയെല്ലാം കൂടി 86,673 കോടി രൂപയാണു നിക്ഷേപംവഴി സമാഹരിച്ചത്. ഇതില്‍ 62,643 കോടി രൂപ സഹാറ ഗ്രൂപ്പിന്റെതന്നെ ആംബിവാലി ലിമിറ്റഡ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചു. സഹകരണസംഘങ്ങളില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നില്ലെന്നു രാജ്യത്തെങ്ങുനിന്നും നിക്ഷേപകരുടെ പരാതികള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ സംഘങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും കേന്ദ്ര രജിസ്ട്രാര്‍ മുമ്പാകെ വിചാരണ നടക്കുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതു നിര്‍ത്തിവെക്കാനും കേന്ദ്ര രജിസ്ട്രാര്‍ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കി. കേന്ദ്ര സഹകരണമന്ത്രാലയത്തിനു നിക്ഷേപകരുടെ 1.22 ലക്ഷം പരാതികളാണു കിട്ടിയിരുന്നത്. തുടര്‍ന്നാണ് സഹാറ-സെബി റീഫണ്ടില്‍ നിന്നു 5000 കോടി രൂപ കിട്ടിയാല്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാമെന്നു അറിയിച്ചുകൊണ്ട് സഹകരണമന്ത്രാലയം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കഠിനാധ്വാനിയായിരുന്ന സുബ്രതാ റോയിയാണു 1978 ല്‍ സഹാറ ഇന്ത്യ ഗ്രൂപ്പിനു തുടക്കമിട്ടത്. ചെറുകിടക്കാരില്‍നിന്നുപോലും സഹാറ നിക്ഷേപം സ്വീകരിച്ചു. അങ്ങനെ സഹാറയുടെ സാമ്രാജ്യം റിയല്‍ എസ്റ്റേറ്റിലേക്കും ഫിനാന്‍സ്, ഏവിയേഷന്‍, മാധ്യമം, എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍ ബിസിനസ് മേഖലകളിലേക്കും വളര്‍ന്നു. 2.25 കോടി നിക്ഷേപകരില്‍നിന്നു 24,000 കോടി രൂപ സമാഹരിച്ചപ്പോഴാണു സെബി സഹാറക്കെതിരെ സംശയങ്ങളുമായി രംഗത്തുവന്നത്. 24,000 കോടി രൂപ 15 ശതമാനം പലിശയോടെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കണമെന്ന സെബിയുടെ നിര്‍ദേശം സഹാറ ഗ്രൂപ്പ് പാലിക്കാതിരുന്നതാണു നിയമനടപടികളിലേക്കു നീങ്ങാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News