സഹകരണകണ്‍സോര്‍ഷ്യം എല്ലാ ബാങ്കുകള്‍ക്കുമായി മാറ്റണം – പ്രതിപക്ഷം
ഒരു ബാങ്കിനെ സഹായിക്കാനുള്ള താല്‍ക്കാലിക സംവിധാനമായി കണ്സോര്ഷ്യമുണ്ടാക്കുന്നത് ശരിയായ രീതിയല്ല. സാമ്പത്തിക പ്രശ്നങ്ങളാല്‍ പ്രതിസന്ധിയിലായ 17 സഹകരണ ബാങ്കുകള്‍ നിലവിലുണ്ട്. തൃശ്ശൂര്‍ ജില്ലയിലെതന്നെ മറ്റൊരു ബാങ്കിലെ നിക്ഷേപകര്‍ക്ക് 49 കോടി രൂപയാണ് നഷ്ടമായത്. അതുകൊണ്ട് ഒരു സഹകരണ ബാങ്കിനെ സഹായിക്കാന്‍ മാത്രം പ്രത്യേകമായി കണ്‍സോര്‍ഷ്യം രൂപീകരിക്കുതിനുള്ള നീക്കം ദുരുപദിഷ്ടമാണ്- പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിന്റെ വ്യക്തമായ ഉത്തരവോ നിര്‍ദ്ദേശമോ ഇല്ലാതെ സഹകരണ വകുപ്പ് നേരിട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് ഭാവിയില്‍ പലതരം പ്രതിസന്ധികളുണ്ടാക്കും. സംസ്ഥാനത്ത് പണം നഷ്ടപ്പെട്ടിട്ടുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് – പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാനായി തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളും സംഘങ്ങളും കാറ്റഗറിക്കനുസരിച്ച് 50 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി രൂപ വരെ നല്‍കണമെന്നു കാണിച്ച് ജില്ലയിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അസി.് രജിസ്ട്രാര്‍മാര്‍ മുഖേന സഹകരണ ബാങ്കുകളുടേയും സംഘങ്ങളുടേയും പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മറ്റ് സഹകരണ സ്ഥാപനങ്ങളും അവരവരുടെ സാമ്പത്തികശേഷിക്കനുസരിച്ച് കണ്‍സോര്‍ഷ്യത്തിനായി ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സഹകരണ ബാങ്കിന് മാത്രമായി കണ്‍സോര്‍ഷ്യം എന്ന രീതിയില്‍നിന്ന് സര്‍ക്കാര്‍ മാറി സഹകരണ സംഘങ്ങളെയും ബാങ്കുകളെയും രക്ഷിക്കാനുള്ള പൊതുകണ്സോര്ഷ്യമെന്ന രീതിയിലേക്ക് ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.