സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു.വകുപ്പിൽ നിന്നും അപേക്ഷകളിൽ അനുമതി വൈകുന്നതാണ് തടസ്സം.

adminmoonam

സംസ്ഥാനത്തെ സഹകരണ വകുപ്പിനു കീഴിലുള്ള സംഘങ്ങളുടെ അപേക്ഷകളിൽ ഒച്ചിന്റെ വേഗം. സംഘങ്ങളുടെ ഏതുകാര്യത്തിനും മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. ജില്ലാ അടിസ്ഥാനത്തിൽ ഉള്ള ജോയിന്റ് രജിസ്ട്രാർ മാർക്കാണ് അനുമതി നൽകാൻ അധികാരം. എന്നാൽ ഇപ്പോൾ 25 ശതമാനത്തിൽ താഴെ മാത്രം അപേക്ഷകളിൽ ആണ് യഥാസമയം മറുപടി പോലും നൽകാൻ ആകുന്നുള്ളൂ എന്ന് സഹകരണ വകുപ്പ് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നടപടിക്രമങ്ങൾ വേഗത്തിലും സുതാര്യവും ആക്കാനായി ജോയിന്റ് രജിസ്ട്രാർ മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്. ഇതുവഴി കാലതാമസം ഒഴിവാക്കി അപേക്ഷകളിൽ വേഗം തീർപ്പുകൽപ്പിക്കാൻ സാധിച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്തെ രജിസ്ട്രാർ ഓഫീസിൽ പോകാതെ തന്നെ ഒട്ടുമിക്ക ഫയലുകളിലും തീരുമാനമെടുക്കാമെന്ന സാഹചര്യമുണ്ടായി.

എന്നാൽ അമിത ജോലിഭാരം ആണ് ഫയലുകളിൽ തീരുമാനം വൈകുന്നതെന്ന് ജോയിന്റ് രജിസ്ട്രാർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ പതിനാലയിരത്തോളം സഹകരണസംഘങ്ങളുടെയും ചുമതല 14 ജോയിന്റ് രജിസ്ട്രാർമാർക്കാണ്.. ഇതിനു പുറമേ ജില്ലാ സഹകരണ ബാങ്കുകളുടെ അധിക ചുമതലയും ഇപ്പോഴുണ്ട്. ജില്ലാ ബാങ്കുകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പോലുമില്ല. ഇതുമൂലം ദിവസത്തിന്റെ പകുതി സമയം ജില്ലാ ബാങ്കുകളുടെ പ്രവർത്തനത്തിനായി മാറ്റിവെക്കപ്പെടേണ്ടിവരുന്നു. കേരള ബാങ്കിന്റെ വരവ് പറഞ്ഞാണ് ഇത് നീട്ടിക്കൊണ്ടുപോകുന്നത്. രണ്ടര വർഷത്തോളമായി ഇപ്പോഴത്തെ ഉദ്യോഗസ്ഥഭരണം. ഈ കാലയളവിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ പ്രവർത്തനവും മന്ദഗതിയിലാണ്. ഒപ്പം സംസ്ഥാനത്ത് 1100 സംഘങ്ങൾ ഇപ്പോൾ ഉദ്യോഗസ്ഥ ഭരണത്തിലാണ്.

ജോയിന്റ് രജിസ്ട്രാർ മാരുടെ തിരക്ക് മൂലം സഹകരണ സംഘങ്ങളുടെ ശാഖ മാറ്റം, നവീകരണം, പുതിയ ബ്രാഞ്ച് അനുവദിക്കൽ, തുടങ്ങി ചെറുതും വലുതുമായ അപേക്ഷകളിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും അനുമതിയോ നിഷേധിക്കലോ ലഭിക്കുന്നില്ല. കാലതാമസമില്ലാതെ മറുപടി ലഭിക്കണമെന്ന് മാത്രമേ സഹകാരികൾ ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നുള്ളൂ. ഇതുമൂലം പ്രവർത്തനങ്ങൾ നിലക്കാതെ ഇരിക്കാനും സുഖമായ പ്രവർത്തനത്തിലും ആയി സംഘം ഭരണസമിതികൾ അംഗീകാരമില്ലാതെ തന്നെ പ്രവർത്തികൾ ചെയ്യുകയാണ്. പ്രവർത്തിക്കു ശേഷമോ പ്രവർത്തി നടക്കുമ്പോഴോ അംഗീകാരത്തിനായി അപേക്ഷ നൽകുന്ന രീതിയും വർധിച്ചുവരുന്നുണ്ട്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ ഭരണസമിതികൾ ആഗ്രഹിക്കുന്നില്ലെങ്കിലും കാര്യങ്ങൾ സുഖമായി നടക്കേണ്ടത്തിന്റെ ആവശ്യകതയും അവർ ഊന്നിപ്പറയുന്നു. കാലതാമസമില്ലാതെ സമയബന്ധിതമായി അപേക്ഷകളിൽ മറുപടി ലഭിക്കാനാവശ്യമായ ഉത്തരവ് സഹകരണ വകുപ്പ് മന്ത്രിയും രജിസ്ട്രാറും ജോയിൻ രജിസ്റ്റർ മാർക്ക് നൽകിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Latest News