സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റരീതി കര്‍ശനമാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

moonamvazhi

സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റ രീതി നിര്‍ബന്ധമാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. ട്രിബ്യൂണല്‍ പലവട്ടം നിര്‍ദ്ദേശിച്ചിട്ടും പാലിക്കാത്ത സ്ഥിതിവന്നതോടെയാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷനുവേണ്ടി സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ ഹരജി നല്‍കിയത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി കഴിഞ്ഞെന്നും ഇനി സ്ഥലം മാറ്റം ഓണ്‍ലൈന്‍ രീതിയില്‍ മാത്രമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.

സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുസ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ആറുവര്‍ഷമായിട്ടും സഹകരണ വകുപ്പില്‍ ഇത് നടപ്പാക്കിയില്ല. രാഷ്ട്രീയ താല്‍പര്യം അനുസരിച്ച് സഹകരണ ഓഡിറ്റര്‍മാരെയും ഇന്‍സ്‌പെക്ടര്‍മാരെയും നിരന്തരം സ്ഥലം മാറ്റുന്ന സ്ഥിതിവന്നതോടെയാണ് ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് നടപടിവേണമെന്ന് ആവശ്യപ്പെട്ട് 2021-ല്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷനും അതിന്റെ സംസ്ഥാന പ്രസിഡന്റും പി.കെ. ജയകൃഷ്ണനും പ്രത്യേകമായി ട്രിബ്യൂണിലിന് ഹരജി നല്‍കിയത്. എന്‍.ഐ.സി. പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നുണ്ടെന്നും അത് കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കുമെന്നും ആ ഘട്ടത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.

2022 മാര്‍ച്ച് 25ന് ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കി. എന്നാല്‍, നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ പരാതിക്കാരന്‍ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. രജിസ്ട്രാറെ വിളിച്ചുവരുത്തിയാണ് ഇക്കാര്യത്തില്‍ ട്രിബ്യൂണല്‍ വിശദീകരണം തേടിയത്. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കി. ഇതും നടപ്പാക്കാതെ വന്നപ്പോഴാണ് പരാതിക്കാര്‍ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. വകുപ്പില്‍ ഇനി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാത്രമെ നടപ്പിലാക്കൂവെന്നും, അതിതിനു സോഫ്റ്റ് ഫെയര്‍ ദ്രുതഗതിയില്‍ തയ്യാറാക്കി വരുന്നുവെന്നും രജിസ്ട്രാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയത് കോടതി രേഖപ്പെടുത്തി.

സഹകരണ വകുപ്പിലെ ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്ന നടപടികളുടെ ഭാഗമായ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി കെ.വി. ജയേഷും ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.വിഎസ് വിശ്വംഭരന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News