സഹകരണ രംഗത്ത് സേവന – സാങ്കേതിക മേഖലയിൽ കറക്ഷനുകൾ ആവശ്യമാണെന്ന് മന്ത്രി ജി. സുധാകരൻ.

[email protected]

കേരളത്തിലെ സഹകരണ മേഖലയിൽ സേവനരംഗത്തും സാങ്കേതിക രംഗത്തും ഒരുപാട് കറക്ഷനുകൾ ആവശ്യമാണെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി. സുധാകരൻ അഭിപ്രായപ്പെട്ടു.സഹകരണ മേഖലയിലെ അടിസ്ഥാന തത്വം സുതാര്യതയാണ് എന്ന ബോധ്യത്തോടെ പ്രവർത്തിക്കാൻ സഹകാരികൾക്കും ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും സാധിച്ചാൽ മാത്രമേ സഹകരണമേഖലക് സാങ്കേതികവിദ്യയിൽ ഏറെ മുന്നോട്ടു പോകാനാകൂ എന്നും മന്ത്രി പറഞ്ഞു.മൂന്നാംവഴി ഓൺലൈൻ “സഹകരണ മേഖല സാങ്കേതികവിദ്യയിൽ പുറകിലോ “എന്ന വിഷയത്തിലുള്ള ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സമഗ്രമായ പൊളിച്ചെഴുത്ത് അല്ല ആവശ്യം, മറിച്ച് കഴിഞ്ഞകാലങ്ങളിലെ നല്ല കാര്യങ്ങളെ ഉൾക്കൊണ്ട് പുതിയ കാലഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന നിയമനിർമ്മാണവും സാങ്കേതികവിദ്യയിലെ പുരോഗതിയും കൈവരിക്കാൻ സഹകരണമേഖലയ്ക്ക് കഴിയണം. അതിനു ഇച്ഛാശക്തിയുള്ള നേതൃത്വം ഇന്ന് കേരളത്തിലുണ്ട്. സഹകാരികളും ഉദ്യോഗസ്ഥരും ഒരുമിച്ചു നിന്നാൽ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കേരളത്തിലെ സഹകരണമേഖലക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ ബാങ്കുകളിലെ പലിശ സാധാരണക്കാർക്ക് ആശ്വാസകരമാകുന്ന രീതിയിൽ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളെകാൾ കുറവായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനായി സഹകരണ രജിസ്ട്രാറും ഉദ്യോഗസ്ഥരും സഹകരണമന്ത്രിയും ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പലിശ കൂടുതൽ ആണെങ്കിൽ അത് റജിസ്ട്രാറുടെ വീഴ്ചയും നിയമവിരുദ്ധമാണ്. ഒരുതരത്തിലും പലിശ കൂടാൻ പാടില്ല. . സഹകരണമേഖലയിൽ ഒറ്റ സോഫ്റ്റ്‌വെയർ കൊണ്ടുവരാൻ സാധിക്കണം. ഇതു വഴി ഇടപാടുകാർക്ക് സാമ്പത്തിക ക്രയവിക്രയം എളുപ്പമാകുമെന്നും സുതാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സഹകരണ രംഗത്തെ ബ്യൂറോക്രസി അതിന് തടസ്സമായി നിന്നു. സഹകരണമേഖലയിൽ സാങ്കേതികവിദ്യ മുന്നേറുമ്പോൾ സുതാര്യത കൂടുതൽ വരും. ഇത് ഈ രംഗത്തുള്ള പലർക്കും പലതിനും തടസ്സമായി. ഇതാണ് ഒരു പരിധിവരെ സഹകരണമേഖലയിൽ സാങ്കേതികവിദ്യ കുറച്ചെങ്കിലും പുറകോട്ട് പോകാൻ കാരണം.

രാജ്യത്തിന് മാതൃകയാണ് കേരളത്തിലെ സഹകരണ മേഖല. ശക്തമായ നേതൃത്വവും കേരളത്തിലുണ്ട്. എന്നാൽ സഹകരണ വകുപ്പ് തുടർ വകുപ്പാണ് എന്ന ബോധം പലപ്പോഴും അധികാരികൾക്ക് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ ഉണ്ടായ നേട്ടങ്ങൾ തുടർന്നുകൊണ്ടുപോകാൻ പലപ്പോഴും സാധിക്കാറില്ല. പലതിനെയും തച്ചുടച്ചാണ്‌ പുതിയ ഭരണാധികാരികൾ പുതിയ പരിഷ്കാരങ്ങൾ നടത്തുന്നത്. ഇത് മൂലം സഹകരണമേഖലയ്ക്ക് കോട്ടം സംഭവിക്കുന്നു. മുൻകാലങ്ങളിലെ നല്ല കാര്യങ്ങളെ തുടർന്നു കൊണ്ടു പോവുകയും കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖലയിൽ നല്ല മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു തുടർ വകുപ്പായി സഹകരണ വകുപ്പിനെ കൊണ്ടുപോകാൻ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും സാധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News