സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്തത – മാനേജ്മെന്റ് മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യക്തമായ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം.

adminmoonam

രാജ്യത്തെ അർബൻ ബാങ്കുകളെയും മള്ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നതിനായി ശക്തമായ ഒരു നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര ഫിനാൻസ് മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇത്തരം ബാങ്കുകൾക്ക് നിർദ്ദിഷ്ഠ മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ ഉറപ്പാക്കാനും ബാങ്കുകളുടെ ഭരണസമതി അംഗങ്ങൾക്ക് ഉണ്ടായിരിക്കേണ്ട കോളിഫിക്കേഷൻ സംബന്ധിച്ചും ഈ മേഖലയിൽ അവർക്കുള്ള പരിജ്ഞാനത്തെ സംബന്ധിച്ചും വ്യക്തമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഫിനാൻസ് സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കി.

സഹകരണ ബാങ്കുകൾക്ക് സമ്പത്ത് വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ സാധിക്കും. ഒപ്പം തന്നെ നിക്ഷേപം സ്വീകരിക്കുമ്പോൾ ബാങ്കുകൾക്ക് നിക്ഷേപം നൽകിയവരോട് ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നുകൊണ്ടാണ് അർബൻ ബാങ്കുകൾക്കും മള്ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും പൊതുമാനദണ്ഡം കൊണ്ടുവരിക എന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബ്- മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഉണ്ടായ സംഭവവികാസങ്ങളുടെയും കഴിഞ്ഞ വർഷങ്ങളിൽ സഹകരണ മേഖലയിൽ ഉണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. കേന്ദ്രബജറ്റിനുശേഷമുള്ള ഒരു ആശയവിനിമയസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർദിഷ്ട മാറ്റങ്ങൾ സഹകരണമേഖലയുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന രജിസ്ട്രാർമാരുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അല്ലെന്നും രജിസ്ട്രാർമാരുടെ അധികാരങ്ങളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി. ഇത് ബാങ്കിംഗ് മായി ബന്ധപ്പെട്ട സഹകരണ ബാങ്കുകളുടെ പ്രവർത്തന ശൈലി മാത്രമേ മാറുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രജിസ്ട്രാർ മാർക്കുള്ള അധികാര അവകാശങ്ങളും ചുമതലകളും മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സഹകരണമേഖലയ്ക്ക്മാത്രമായി പ്രത്യേക മൂലധന പര്യാപ്ത മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News