സഹകരണ പരീക്ഷരീതി മാറ്റുന്നതിന് ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ സിസ്റ്റം; സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു
സഹകരണ പരീക്ഷ ബോര്‍ഡിന്റെ റിക്രൂട്ട്‌മെന്റ് രീതി അടിമുടി പരിഷ്‌കരിക്കുകയാണ്. ഇതിന് ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനൊപ്പം, ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് രീതി കൊണ്ടുവരാനുള്ള മാറ്റം ബോര്‍ഡിലും കൊണ്ടുവരികയാണ്. ഇതിനായി സി-ഡിറ്റാണ് ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ സിസ്റ്റം വികസിപ്പിക്കുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചു. 20ലക്ഷം രൂപയാണ് അനുവദിച്ചത്. മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെയും സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.
ഒരുവിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ സംഘങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള നിയന്ത്രണം, റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ഏത് സംഘത്തിലെ നിയമനത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്നിവയെല്ലാം ഓണ്‍ലൈനായി തന്നെ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് ഇന്റഗ്രേറ്റഡ് സംവിധാനം വരുന്നത്. റിക്രൂട്ടാമെന്റ് രീതി സമഗ്രമായി പരിഷ്‌കരിച്ചിട്ടുള്ള കരട് ചട്ടം തയ്യാറാക്കിയിട്ടുണ്ട്. ഈ ചട്ടം നിലവില്‍വരുന്നതിനൊപ്പം സോഫ്റ്റ് വെയര്‍ കൂടി അതനുസരിച്ച് ക്രമീകരിക്കാനാണ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
യോഗ്യതയുള്ളവര്‍ക്ക് വിജ്ഞാപനത്തിലെ മുഴുവന്‍ ഒഴിവുകളിലേക്കും സംഘങ്ങളിലേക്കും അപേക്ഷിക്കാമെന്നതാണ് നിലവിലെ രീതി. ഒരു വിജ്ഞാപനത്തില്‍ അഞ്ചില്‍ കൂടുതല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരമാവധി അഞ്ചെണ്ണത്തിലോ അല്ലെങ്കില്‍ വിജ്ഞാപനത്തിലെ ആകെയുള്ള സംഘങ്ങളില്‍ 10 ശതമാനത്തിലേക്കോ മാത്രമേ അപേക്ഷിക്കാനാകൂ. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ 15 ദിവസത്തിനകം ഉദ്യോഗാര്‍ഥി നിയമനം ആഗ്രഹിക്കുന്ന സംഘങ്ങളുടെ മുന്‍ഗണനാപട്ടിക നല്‍കണം. ആ പട്ടികയിലെ ക്രമം അനുസരിച്ചായിരിക്കും നിയമനം ലഭിക്കുക. ക്രമം പരിഗണിച്ച് ഒരാള്‍ക്ക് നിയമനം ലഭിച്ചു കഴിഞ്ഞാല്‍ ആ ഉദ്യോഗാര്‍ഥിയുടെ മറ്റ് സംഘങ്ങളിലേക്കുള്ള നിയമന അവസരം മരവിപ്പിച്ച് നിര്‍ത്തുകയും അവിടേക്ക് മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യും. ഇതിനുള്ള ക്രമീകരണം സോഫ്റ്റ് വെയറില്‍തന്നെ ഉള്‍പ്പെടുത്തും.