സഹകരണ എന്‍ജിനീയറിങ് കോളേജുകളില്‍ മെറിറ്റ് സീറ്റുകള്‍ കൂട്ടി

moonamvazhi

സംസ്ഥാനത്തെ സഹകരണ എന്‍ജിനീയറിങ് കോളേജുകളില്‍ മെറിറ്റ് ക്വാട്ടയില്‍ മാറ്റം വരുത്തി. 90 ശതമാനം സീറ്റുകളും മെറിറ്റുകളാക്കിയാണ് മാറ്റിയത്. നേരത്തെ 70 ശതമാനമായിരുന്നു മെറിറ്റ് സീറ്റ്. 70:25:5 എന്നതായിരുന്നു നേരത്തെ മെറിറ്റ്-മാനേജ്‌മെന്റ്- എന്‍.ആര്‍.ഐ. ക്വാട്ട. ഇത് 90:5:5 എന്ന അനുപാതത്തിലേക്കാണ് മാറ്റിയത്.

അതേസമയം, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഈ അനുപാതത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 60:30:5:5 എന്നിങ്ങനെയാണ് ഈ കോഴ്‌സിന്റെ ക്വാട്ട. 60 ശതമാനം റഗുലേറ്റഡ് ഫീസ് അനുസരിച്ചുള്ള മെറിറ്റ് സീറ്റും, 30ശതമാനം ഫുള്‍ ഫീസോടുകൂടിയ മെറിറ്റ് സീറ്റും, അഞ്ച് ശതമാനം സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് സംവരണം ചെയ്തതും ഫുള്‍ ഫീസോടുകൂടിയതുമായ മെറിറ്റ് സീറ്റുമായിരിക്കും. ബാക്കി അഞ്ച് ശതമാനം എന്‍.ആര്‍.ഐ. ക്വാട്ടയാണ്. പെരുമണ്‍, കിടങ്ങൂര്‍, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് എന്‍ജിനീയറിങ് കോളേജുകളിലാണ് കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുള്ളത്.

പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്ന വ്യവസ്ഥയോടെയാണ് 2018-ല്‍ തലശ്ശേരി, വടകര എന്നീ സഹകരണ എന്‍ജിനീയറിങ് കോളേജുകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനിയറിങ് എന്നീ ബി-ടെക് കോഴ്‌സുകള്‍ അനുവദിച്ചത്. ഇതില്‍ അഞ്ചുശതമാനം എന്‍.ആര്‍.ഐ. ക്വാട്ടയാക്കി മാറ്റണമെന്ന് കേപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News