സഹകരണ അക്ഷര മ്യൂസിയത്തിലേക്ക് ചരിത്രരേഖകള്‍ ശേഖരിക്കുന്നു
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ നാട്ടകത്ത് തുടങ്ങുന്ന അക്ഷരം-ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയത്തിലേക്ക് ചരിത്രരേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അനുമതി. വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇത്തരം രേഖള്‍ ശേഖരിക്കാനുള്ള അനുമതിയാണ് നല്‍കിയത്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, റവന്യൂ ഓഫീസുകളില്‍ യാദൃശ്ചികമായി കിട്ടി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളോ രേഖകളോ ഏറ്റെടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഗുണകരമാകുമെന്ന് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ മുഖേന എസ്.പി.സി.എസ്. സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, വിവിധ സ്ഥാപനങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള പല വസ്തുക്കളും രേഖകളും വേണ്ടത്ര പ്രാധാന്യമോ പരിപാലനമോ ഇല്ലാതിരിക്കുന്നുണ്ടാവാം. ഇവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ശേഖരിക്കാനുള്ള അപേക്ഷയാണ് എസ്.പി.സി.എസ്. നല്‍കിയത്.
ഇത്തരം രേഖകള്‍ പഠിക്കുന്നതിനും ഫലം വിലയിരുത്തുന്നതിനും അക്ഷര മ്യൂസിയത്തിന് ആവശ്യമായ അനുമതി പത്രങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നും വകുപ്പുകളില്‍നിന്നും വേണ്ടതുണ്ട്. ഇത് നേടുന്നതിന് പ്രത്യേക അനുമതി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് നല്‍കണമെന്ന് രജിസ്ട്രാറും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.
സാഹിത്യ മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിനായി പുരാരേഖ, പുരാവസ്തു, റവന്യൂ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പുരാവസ്തു പ്രാധാന്യമുള്ള വസ്തുക്കളും രേഖകളും കടമായോ, സംഭാവനയായോ ഏറ്റെടുക്കാം. മ്യൂസിയത്തിന്റെ ദൈനംദിന പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ദ്ധസര്‍ക്കാര്‍-പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ അനുമതി നല്‍കാമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്.
കോട്ടയം നാട്ടകം മറിയപ്പള്ളിയില്‍ എം.സി. റോഡരികിലുള്ള നാലേക്കര്‍ സ്ഥലത്താണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സാംസ്കാരിക മ്യൂസിയം തയ്യാറാക്കുന്നത്. ഒരു പുസ്തകം തുറന്നുവെച്ച രീതിയിലാണ് ഇതിന്റെ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ആദ്യഘട്ടം നിര്‍മ്മാണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
സാഹിത്യ രംഗത്തെ സഹകരണ മേഖലയുടെ ചുവടുവെപ്പായിരുന്നു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ രൂപീകരണം. അതിന്റെ പിറവിയും വളര്‍ച്ചയും ഉള്‍ക്കൊള്ളുന്ന ചരിത്രമടക്കം പ്രദര്‍ശിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. വാമൊഴിയും വരമൊഴിയും അച്ചടിയും വികസിച്ചതിന്റെ ചരിത്രം അച്ചടിയുടെ ഉദ്ഭവവും വികാസവും അച്ചുകളും പ്രസുകളുമെല്ലാം പ്രദര്‍ശിപ്പിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിനൊപ്പം, ഫോക്ലോര് കലാരുപങ്ങളുടെ ദൃശ്യ-ശ്രവ്യ സംവിധാനവും ഒരുക്കുന്നുണ്ട്.