സഹകരണ അംഗ സമാശ്വാസ നിധി മൂന്നാം ഘട്ടത്തില്‍ 21.36 കോടി രൂപ സഹായം

moonamvazhi

സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധിമൂന്നാം ഘട്ടത്തില്‍ 10,271 അപേക്ഷകള്‍ പരിഗണിച്ച് 21.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല സമിതിയാണ് അംഗസമാശ്വാസ നിധിയില്‍ ഓഗസ്റ്റ് 27 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് സഹായം അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നു ഘട്ടങ്ങളിലായി 68.24 കോടി രൂപയാണ് സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് സമാശ്വാസ സഹായമായി അനുവദിച്ചത്. 32,525 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്.

കാന്‍സര്‍, വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ഗുരുതര കരള്‍ രോഗം, ഡയാലിസിസ്, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, ഗുരുതര ഹൃദ് രോഗ ശസ്ത്രക്രിയ, എച്ച്‌ഐവി, അപകടങ്ങളില്‍ ശയ്യാവലംബരായവര്‍, മാതാപിതാക്കള്‍ മരണപ്പെട്ട് അവര്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ക്കാണ് സഹകരണ അംഗ സമാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുക.

അംഗ സമാശ്വാസ പദ്ധതി പ്രകാരം പരമാവധി സഹായം 50,000 രൂപയാണ്. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാകുക. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ അതത് സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തിന്റെ പത്ത് ശതമാനത്തില്‍ അധികരിക്കാത്ത തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ആണ് അംഗസമാശ്വാസ നിധിയിലേയ്ക്കുള്ള വിഹിതമായി നല്‍കുന്നത്.

2021 ജൂണ്‍ 21നായിരുന്നു ഒന്നാം ഘട്ടമായി 23,94,10,000 രൂപ അനുവദിച്ചത്. 11,194 അപേക്ഷകളാണ് പരിഗണിച്ചത്. 2021 നവംബര്‍ 30 ന് രണ്ടാം ഘട്ടത്തില്‍ 11,060 അപേക്ഷകള്‍ പരിഗണിച്ച് 22,93,50,000 രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ ബാധിതരായ 5419 പേര്‍ക്കും വൃക്ക രോഗം ബാധിച്ച 1395 പേര്‍ക്കും കരള്‍ രോഗം ബാധിച്ച 319 പേര്‍ക്കും പരാലിസിസ്, അപകടങ്ങളില്‍പ്പെട്ട് ശയ്യാവലംബരായ 772 പേര്‍ക്കും ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2343 പേര്‍ക്കുമാണ് അംഗ സമാശ്വാസ പദ്ധതിയില്‍ നിന്നും സഹായധനം അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News