സര്‍ക്കാര്‍ചെലവില്‍ ആശംസാകാര്‍ഡുകള്‍ അച്ചടിക്കുന്നതിനു വിലക്ക്
സര്‍ക്കാര്‍പ്രതിനിധികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ചെലവില്‍ ആശംസാകാര്‍ഡുകള്‍ അച്ചടിച്ച് ഓഫീസ് സെക്ഷനുകള്‍വഴി വിതരണം ചെയ്യുന്നതു സര്‍ക്കാര്‍ വിലക്കി. NIC ഐ.ഡി. ഉള്ളവര്‍ക്ക് egreetings.gov.in പോര്‍ട്ടല്‍വഴി ആശംസാസന്ദേശങ്ങള്‍ കൈമാറാവുന്നതാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.
വിശേഷദിവസങ്ങളില്‍ സര്‍ക്കാര്‍പ്രതിനിധികളും സ്ഥാപനങ്ങളും ആശംസാകാര്‍ഡുകള്‍ അച്ചടിച്ച് ഓഫീസ് സെക്ഷനുകള്‍വഴി അയയ്ക്കുന്ന നടപടി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ഖജനാവിലെ ശോഷണവും കടലാസില്‍ അച്ചടിക്കുന്നതുമൂലമുള്ള പരിസ്ഥിതിനാശവും കണക്കിലെടുത്തും ആശംസ അറിയിക്കാന്‍ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി മാര്‍ഗങ്ങള്‍ നിലവിലുള്ളതുകൊണ്ടും ആശംസാകാര്‍ഡുകള്‍ അച്ചടിക്കേണ്ട ആവശ്യമില്ല – ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു.