സംഘങ്ങള്‍ കൂടുതല്‍ ജനകീയമാവണം
(2020 സെപ്റ്റംബര്‍ ലക്കം)
കേരളത്തിന്റെ അതിജീവനം – 3
കൊറോണയുമായി സമരസപ്പെട്ടു ജീവിക്കുന്ന ഇക്കാലത്ത് നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാവേണ്ടതുണ്ട്. ചെറുകിട കച്ചവടക്കാര്‍, സാധാരണക്കാര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരുടെയൊക്കെ ആവശ്യങ്ങള്‍ക്ക് പണം കൊടുക്കാന്‍ സഹകരണ സംഘങ്ങള്‍ മുന്നോട്ടു വരണം. കോവിഡിന്റെ കാലത്ത് കേരളത്തിന്റെ അതിജീവനം എങ്ങനെ എന്ന വിഷയത്തെക്കുറിച്ച് ഡോ. എം. രാമനുണ്ണി എഴുതുന്ന ലേഖന പരമ്പരയുടെ അവസാനഭാഗം
കേരളത്തിലെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് പ്രാദേശികതല ഇടപെടലുകള്‍ ഫലപ്രദമാകും. ഇന്നത്തെ സാഹചര്യത്തില്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഏജന്‍സി സഹകരണ സ്ഥാപനങ്ങളാണ് .
നമ്മുടെ സംസ്ഥാനം ഉല്‍പ്പാദകരെക്കാള്‍ ഉപഭോക്താക്കള്‍ക്ക് പ്രാധാന്യമുള്ള ഇടമായാണ് അറിയപ്പെടുന്നത്. നമ്മുടെ ഏത് റോഡിന്റെയും ഇരുവശവും നിരനിരയായി ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങള്‍ കാണാം . തൊഴില്‍രഹിതരായ നല്ലൊരു ശതമാനം ആളുകളും വരുമാനത്തിനായി ആശ്രയിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെയാണ്. ഇവരുടെയെല്ലാം പ്രവര്‍ത്തന മൂലധനം ഒന്നുകില്‍ സ്വന്തം കയ്യിലെ പണമോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നുള്ള കൈവായ്പയോ ആയിരിക്കും. ചിലര്‍ സ്വര്‍ണ്ണപ്പണയം വഴിയും മൂലധനമുണ്ടാക്കുന്നു. പിന്നീട് കച്ചവടം ഉഷാറാക്കാന്‍ ഇവര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ , ചിട്ടിക്കമ്പനികള്‍, തമിഴ്‌നാട്ടുകാരായ കൊള്ളപ്പലിശക്കാര്‍ എന്നിവരെയാണ് ആശ്രയിക്കാറ് . ബ്‌ളേഡുകാര്‍ 25 മുതല്‍ 40 വരെ ശതമാനമാണ് പലിശ ഈടാക്കുക. എന്തുകൊണ്ട് ഇത്തരത്തിലുള്ള ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും ആവശ്യമായ പ്രവര്‍ത്തന മൂലധനം ലളിതമായ വ്യവസ്ഥയില്‍ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയുന്നില്ല?
പ്രത്യേകം ഈട് വാങ്ങാതെ, പരസ്പര ജാമ്യത്തില്‍ നല്‍കിയ വായ്പകള്‍ തിരിച്ചടവില്ലാതെ കുടിശ്ശികയായി എന്നതാവാം ഒരുപക്ഷേ, സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്. ഇവിടെയാണ് സഹകരണ സ്ഥാപനങ്ങളുടെ ജനകീയ സ്വഭാവം സഹായകമാകുന്നത്. ഒരു പ്രാഥമിക സഹകരണ ബാങ്കിന്റെ പരിധിയിലുള്ള മിക്ക ചെറുകിട കച്ചവടക്കാരെയും സഹകാരികള്‍ക്ക് നേരില്‍ അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ ആവശ്യവും വിശ്വാസ്യതയും എളുപ്പം ബോധ്യപ്പെടും. പരസ്പര ജാമ്യത്തില്‍ വായ്പ നല്‍കുന്നത് ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണകരമായിരിക്കും. ഇവരില്‍നിന്നു നിത്യവും ചെറിയ തുക കളക്ഷന്‍ ഏജന്റുമാര്‍ വഴി പിരിച്ചെടുക്കാം. ഇത്തരം ഏജന്റുമാരില്‍ നിന്നു ആവശ്യമായ സെക്യൂരിറ്റിത്തുക വാങ്ങാവുന്നതാണ്. ഏജന്റുമാര്‍ക്ക് സിമ്പ്യൂട്ടര്‍ ( കൈയില്‍ കൊണ്ടുനടക്കാവുന്ന ഉപകരണം ) പോലുള്ള ഉപകരണം നല്‍കിയാല്‍ ജോലിഭാരം കുറയും. പണം വാങ്ങുന്ന സമയത്തുതന്നെ രശീതി നല്‍കാം. ഈ ഉപകരണങ്ങളെ സഹകരണ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാല്‍ പണം സ്വീകരിക്കുന്ന സമയത്തുതന്നെ ഈ തുക അതതു വ്യാപാരിയുടെ അക്കൗണ്ടിലേക്ക് വരവ് വെക്കാം. ഇതിലേക്കായി കളക്ഷന്‍ ഏജന്റ് ബാങ്കില്‍ തുടങ്ങിയിട്ടുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതി അവലംബിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ പണം ബാങ്കില്‍ അടയ്ക്കാതെ തിരുമറി ചെയ്യാനുള്ള സാധ്യത ഇല്ലാതാകുന്നു. മാത്രമല്ല, ഏജന്റുമാര്‍ അടയ്ക്കുന്ന തുക സേവിങ്‌സ് ബാങ്കില്‍ സൂക്ഷിച്ചാല്‍ ബാങ്കിന് പലിശച്ചെലവ് കുറവുള്ള നിക്ഷേപങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഇതേ സംവിധാനം പ്രയോജനപ്പെടുത്തി സ്‌കൂള്‍ കുട്ടികള്‍, വീട്ടമ്മമാര്‍, സ്ഥിര വരുമാനക്കാര്‍, അതിഥിത്തൊഴിലാളികള്‍ എന്നിവരില്‍ നിന്നെല്ലാം പ്രതിദിനം സമ്പാദ്യം സ്വീകരിക്കാവുന്നതാണ്. ശേഖരിക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കാം. ഇതുമൂലം ഓരോ പ്രദേശത്തും കുറെ ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടും.
വാണിജ്യ ബാങ്കുകളുടെയും പുത്തന്‍ തലമുറ ബാങ്കുകളുടെയും രീതി സ്വീകരിക്കാതെ തികച്ചും ജനകീയമായ ഇത്തരം ഇടപെടലിലൂടെ സാധാരണക്കാരന് ആവശ്യമായ ധനസഹായം എത്തിക്കാനും കുടിശ്ശിക ഇല്ലായ്മ ചെയ്യാനും സഹകരണ ബാങ്കുകള്‍ക്ക് കഴിയും . ഇനിയുള്ള നാളുകളില്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സഹകരണ ബാങ്കുകള്‍ ശ്രദ്ധിക്കണം.
സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കണം
സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. എങ്കിലേ സഹകരണ പ്രസ്ഥാനത്തിന് നിലനില്‍ക്കാനും അതിജീവിക്കാനും സാധിക്കൂ.
ഏതാണ്ട് സെപ്റ്റംബര്‍ അവസാനം വരെ കൊറോണയുടെ പ്രഭാവം തുടരും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചുരുക്കത്തില്‍, കൊറോണയുമായി സമരസപ്പെട്ടു ജീവിക്കുക എന്നതു മാത്രമാണ് നമ്മുടെ മുന്‍പിലുള്ള പ്രതിവിധി. ഏതാണ്ട് 60 ദിവസത്തിലധികം നമ്മുടെ സമ്പദ്‌വ്യവസ്ഥ കെട്ടിക്കിടന്ന വെള്ളം പോലെ നിശ്ചലമായിരുന്നു. അതില്‍നിന്നു വലിയ വളര്‍ച്ചാ സാധ്യത പ്രതീക്ഷിക്കാനാവില്ല . ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ചനിരക്ക് മെച്ചപ്പെട്ട് വരുന്നതായാണ് സൂചന . കച്ചവട സ്ഥാപനങ്ങള്‍ തുറന്നശേഷം ചെറിയ ഉണര്‍വ് പ്രകടമാണ് . ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ടിവി, ലാപ്‌ടോപ്, ടെലിഫോണ്‍ എന്നിവയുടെ ആവശ്യം കൂടുതലായി. വിള ഇറക്കുന്ന കാലമായതിനാല്‍ വിത്ത് , വളം എന്നിവയ്ക്കും ആവശ്യക്കാരുണ്ടായി. മഴക്കാലമായതിനാല്‍ ബാഗ്, കുട, റെയിന്‍കോട്ട് എന്നിവയ്ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു. ആരോഗ്യ മേഖലയിലെ ശുഷ്‌കാന്തി കൂടുതല്‍ സുരക്ഷാ വസ്തുക്കളുടെ ഉപയോഗത്തിനും മരുന്നുകളുടെ ആവശ്യത്തിനും കാരണമായി. പൊതുഗതാഗത സംവിധാനം കുറഞ്ഞതിനാല്‍ ആള്‍ക്കാര്‍ സ്വന്തമായി വാഹനം വാങ്ങാനാണ് താല്‍പ്പര്യം കാണിക്കുന്നത്. ഇതെല്ലാം നമ്മുടെ വിപണിയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ജി.ഡി.പി. ( മൊത്തം ആഭ്യന്തരോല്‍പ്പാദനം ) വളര്‍ച്ച മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്. ഇത് നിലനിര്‍ത്തിയേ മതിയാവൂ. ഇതിലേക്കാവശ്യമായ പണം കണ്ടെത്താന്‍ നമുക്ക് കഴിയണം. പൊതുമേഖലാ ബാങ്കുകളില്‍ ആവശ്യത്തിലധികം പണമുണ്ട്. ഇത് ജനങ്ങള്‍ക്ക് ചുരുങ്ങിയ പലിശനിരക്കില്‍ നല്‍കാനായി റിസര്‍വ് ബാങ്ക് SLR/ CRR/ Repo/ Reverse Repo നിരക്കുകളില്‍ കുറവ് വരുത്തി . എന്നാല്‍, പൊതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കാതെ കേവലം മൂന്നര ശതമാനം പലിശ നിരക്കില്‍ എട്ടര ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . ഇതിനര്‍ഥം സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണം എന്നാണ്. ഇവിടെയാണ് കൂടുതല്‍ ധനസമാഹരണം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യമാവുന്നത്.
ചെറിയ സമ്പാദ്യം ശേഖരിക്കണം
ചെറിയ സമ്പാദ്യങ്ങള്‍ ശേഖരിച്ച് വലിയ തുകയാക്കി മാറ്റാന്‍ വേണ്ട പദ്ധതികള്‍ സഹകരണ ബാങ്കുകള്‍ തുടങ്ങണം. വിദ്യാര്‍ഥികളുടെ സമ്പാദ്യം ശേഖരിക്കുന്ന പിഗ്മി ഡെപ്പോസിറ്റ്, സ്ത്രീകളുടെ സമ്പാദ്യമായ മഹിളാ അഭിവര്‍ധിനി തുടങ്ങി നിത്യപ്പിരിവടക്കമുള്ള മാര്‍ഗങ്ങളിലൂടെ കൂടുതല്‍ നിക്ഷേപം കണ്ടെത്തേണ്ടതുണ്ട് . സഹകരണ സംഘങ്ങളുടെ കൈവശമുള്ള സ്വര്‍ണശേഖരം പ്രയോജനപ്പെടുത്തി ജില്ലാ ബാങ്കില്‍ നിന്നു ഓവര്‍ ഡ്രാഫ്റ്റ് വായ്പ വാങ്ങി ജനങ്ങള്‍ക്ക് വായ്പയായി എത്തിക്കാനായാല്‍ സംസ്ഥാനതലം മുതല്‍ താഴെത്തലം വരെ വായ്പയും നിക്ഷേപവും സ്വീകരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന പ്രക്രിയ വര്‍ധിപ്പിക്കാന്‍ കഴിയും. ഓരോ പ്രദേശത്തെയും വ്യക്തികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കുടുംബ വായ്പാ പദ്ധതിക്ക് രൂപം നല്‍കണം. കര്‍ഷകര്‍ക്ക് പരമാവധി കാര്‍ഷികവായ്പ, ചെറുകിട കച്ചവടക്കാര്‍ക്ക് സ്വര്‍ണപ്പണയ വായ്പ, ഭൂമിയുടെ ഈടിന്മേ-ലുള്ള വായ്പ എന്നിങ്ങനെ പരസ്പര ജാമ്യ വായ്പയടക്കം കൂടുതല്‍ വായ്പ അനുവദിക്കണം. ഒരു വ്യക്തി തന്റെ കൈവശമുള്ള മുഴുവന്‍ സ്വര്‍ണവും ബാങ്കില്‍ സൂക്ഷിച്ചാല്‍ അത്യാവശ്യങ്ങള്‍ക്ക് ഈ സ്വര്‍ണത്തിന്റെ ഉറപ്പില്‍ വായ്പ അനുവദിക്കാവുന്നതാണ്. ഇങ്ങനെ ഓരോ കച്ചവടക്കാരനും ആവശ്യമായ തുക സ്റ്റോക്ക്, ഈട് എന്നിവയുടെ അടിസ്ഥാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിച്ചാല്‍ വായ്പാ വിതരണം ശക്തിപ്പെടുത്താനാവും.
ഓണ്‍ലൈന്‍ സ്വര്‍ണപ്പണയ വായ്പ തുടങ്ങാനായാല്‍ കച്ചവടക്കാര്‍ക്ക് എളുപ്പത്തില്‍ വേണ്ട വായ്പ ലഭിക്കും. തന്നെയുമല്ല, ഓരോ ദിവസത്തെയും വിറ്റുവരവ് ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടിലേക്ക് വരവ് വെച്ചാല്‍ അവരുടെ വായ്പാ ഉപയോഗം കാര്യക്ഷമമാക്കാനും കഴിയും. ഇതുവഴി ബാങ്കിന്റെ കൈവശം എപ്പോഴും ലിക്വിഡ്് ക്യാഷ് ഉണ്ടാവും. ഇത്തരത്തില്‍ സമൂഹത്തിലേക്ക് കൂടുതല്‍ പണമെത്തിക്കാനാവശ്യമായ വിവിധപദ്ധതികള്‍ ബാങ്ക് തലത്തില്‍ ആവിഷ്‌കരിക്കാവുന്നതാണ്. ഓരോ വീടിനും ഒരു കുടുംബ വായ്പാ പദ്ധതി തയാറാക്കുകയും ഇതനുസരിച്ച് വിവിധ ഘട്ടങ്ങളില്‍ പണം അനുവദിക്കുന്നതിനായി ലാന്‍ഡ് ബാങ്ക്, സ്വര്‍ണശേഖരം എന്നിവ സഹകരണ ബാങ്കുകളില്‍ സ്വരൂപിക്കാനും കഴിഞ്ഞാല്‍ വ്യക്തികള്‍ക്കുള്ള വായ്പാ വിതരണം എളുപ്പത്തിലാക്കാനാവും. ഇത്തരം ശേഖരങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന ബാങ്കില്‍ നിന്നും നബാര്‍ഡ്, എന്‍.സി.ഡി.സി. എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പണം അതതു പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ സ്വീകരിച്ച ചട്ടപ്പടി നടപടികള്‍ക്ക് പകരമായി പുതിയ രീതിയില്‍ കാര്യങ്ങളെ കാണാനും ചിട്ടപ്പെടുത്താനും സഹകരണ സ്ഥാപനങ്ങള്‍ തയാറാകേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ പങ്ക് വഹിക്കാനാകും.
ക്ലസ്റ്റര്‍ സൃഷ്ടിക്കണം
നിര്‍മാണ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ സാധിക്കുന്ന ക്ലസ്റ്റര്‍ സൃഷ്ടിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് കഴിയും. അതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാവുകയും ചെയ്യും.
കേരളത്തില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് നടപ്പാക്കാവുന്ന മാതൃകാപരമായ പദ്ധതിയാണ് ഭവന നിര്‍മാണം. സ്വന്തമായി വീടില്ലാത്ത ഒരാള്‍ പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് . വരുംവര്‍ഷങ്ങളില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം വീടുകള്‍ പുതുതായി പണിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിര്‍മാണമേഖലയിലെ വിവിധ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളും ഹൗസിങ് കോളനികളുമെല്ലാം കൂട്ടുമ്പോള്‍ വീടുകളുടെ എണ്ണം ഇതിലും വര്‍ധിക്കും. ഒരുപക്ഷേ, കൊറോണയുടെ ആഘാതത്തില്‍ കുറച്ചുകാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായേക്കും. എങ്കിലും, ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മേഖല എന്ന നിലയില്‍ ഇത് പൂര്‍ണമായും നിലച്ചു പോവില്ല.
നിര്‍മാണ മേഖലയില്‍ സ്ത്രീത്തൊഴിലാളികളാണ് കൂടുതല്‍. എന്നാല്‍, കൂടുതല്‍ കൂലി കിട്ടുന്ന തൊഴില്‍ ചെയ്യുന്നത് പുരുഷന്മാരാണ് . എന്തുകൊണ്ട് സ്ത്രീകളെ പരിശീലിപ്പിച്ചു വൈദഗ്ധ്യമുള്ളവരാക്കിക്കൂടാ? ഓരോ പഞ്ചായത്തിലും എന്‍ജിനീയറിങ് പഠിച്ച ഒട്ടനവധി ചെറുപ്പക്കാരെ കിട്ടും. പോളിടെക്‌നിക്, ഐ.ടി.ഐ, ഐ.ടി.സി. ക്കാരും കുറവല്ല. സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ , ഇലക്ട്രീഷ്യന്‍ , പ്ലംബര്‍മാരും ഏറെയുണ്ട്. ഇത്തരത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ തദ്ദേശഭരണ സ്ഥാപനത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഒന്നിച്ചുചേര്‍ത്ത് ഒരു തൊഴില്‍ സംരംഭത്തിന് രൂപം നല്‍കിയാല്‍ അവര്‍ക്കാവശ്യമായ വായ്പ നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. നിര്‍മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ് മിക്‌സര്‍ അടക്കമുള്ള യന്ത്രസാമഗ്രികളും മറ്റുപകരണങ്ങളും സമാഹരിക്കുന്നത് ഇവരുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.
ഇത്തരം ഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താവുന്നതാണ്. പി.ഡബ്ല്യു.ഡി. റോഡുകള്‍ നന്നാക്കാനും സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇത്തരം ഗ്രൂപ്പുകളെ പ്രയോജനപ്പെടുത്താം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കല്‍പ്പണി, മരപ്പണി, പ്ലംബിങ് , ഇലക്ട്രിക്കല്‍ വര്‍ക്ക്, സിമന്റ് കോണ്‍ക്രീറ്റിങ്് , നിലം ടൈലിടല്‍ തുടങ്ങിയ വിവിധ ജോലികള്‍ പരിശീലിപ്പിക്കണം. ഇതിനായി കോസ്റ്റ് ഫോര്‍ഡ്, നിര്‍മിതി കേന്ദ്രം , സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുടെ സേവനവും പോളിടെക്‌നിക്, ഐ.ടി.ഐ. എന്നിവയുടെ സഹായവും നല്‍കാവുന്നതാണ്.
ഒരു പഞ്ചായത്തില്‍ നിര്‍മാണത്തൊഴിലാളികളുടെ ഒരു ക്ലസ്റ്ററെങ്കിലും രൂപവത്കരിക്കാനായാല്‍ അതത് പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മനുഷ്യവിഭവശേഷി നല്‍കാന്‍ കഴിയും. ഇന്ന് നിര്‍മാണ മേഖലയില്‍ പ്രധാനമായും തൊഴിലെടുക്കുന്നത് അതിഥിത്തൊഴിലാളികളാണ്. ഇവര്‍ നാട്ടിലേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഇത്തരം ഇടപെടലുകള്‍ സഹായകമാകും. മാത്രമല്ല, വിദേശത്തുനിന്നു മടങ്ങിവരുന്ന പുരുഷത്തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഇത്തരം ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാനും കഴിയും. നിര്‍മാണ മേഖലയില്‍ ആവശ്യമായ ഇഷ്ടിക, മണല്‍ , ടൈല്‍ , ജനല്‍, വാതില്‍ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റിനും രൂപം നല്‍കാവുന്നതാണ്. നിര്‍മാണാവശ്യങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കാന്‍ സാധിക്കുന്ന ഒരു ക്ലസ്റ്റര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ഓരോ പഞ്ചായത്തിലും 50 മുതല്‍ 100 വരെ ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കാനാവും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഹകരണ ബാങ്കുകള്‍ക്ക് തങ്ങളുടെ വായ്പ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയും . കൂടാതെ, ഓരോ പ്രദേശത്തും നിര്‍മിക്കുന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് ആവശ്യമായ വായ്പ നല്‍കാനും കഴിയും. ഇതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകും. അതിനാവശ്യമായ കൃത്യമായ കര്‍മപദ്ധതിക്ക് സഹകരണ ബാങ്കുകള്‍ മറ്റ് ഏജന്‍സികളുമായി സഹകരിച്ച് രൂപം നല്‍കണം.
‘അര്‍ബന്‍ ക്ലാപ്പ് ‘ തുടങ്ങണം
കേരളത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ കൃത്യമായി വേര്‍തിരിക്കാനാവില്ല . എവിടെ ഗ്രാമം അവസാനിക്കുന്നു എന്നതും നഗരം എവിടെ തുടങ്ങുന്നു എന്നതും മനസ്സിലാക്കാന്‍ പ്രയാസമാണ്. നഗരവും ഗ്രാമവും ഒരേപോലെ വികസിച്ച കേരളത്തെ ഗ്രാഗരം എന്നു വിളിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ നഗരപ്രദേശത്തിന്റെ എല്ലാ പ്രത്യേകതകളും ഒരുപരിധി വരെ ഗ്രാമ പ്രദേശത്തും കാണാം. ഫാന്‍, ഫ്രിഡ്ജ് , ടിവി , മിക്‌സി , ഗ്രൈന്‍ഡര്‍ എന്നിവ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ജോലിക്ക് പോകുന്നവരുടെ വീടുകളില്‍ ജോലിഭാരം ലഘൂകരിക്കാന്‍ ഇവയെല്ലാം അനിവാര്യമാണ്. എന്നാല്‍, ഇവ കേടായാല്‍ നന്നാക്കാനുള്ള സൗകര്യമോ അറിയാവുന്ന വ്യക്തികളോ താരതമ്യേന കുറവാണ്. ഓരോ പ്രദേശത്തും ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക് , എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടിയ തൊഴില്‍രഹിതര്‍ ഏറെയുണ്ട്. എന്നാല്‍, ഈ പഠനം ഒരു തൊഴില്‍ ഏറ്റെടുക്കുന്നതിന് ഇവരെ പ്രാപ്തരാക്കിയിട്ടില്ല . സഹകരണ സ്ഥാപനങ്ങള്‍ ഫിനിഷിങ് സ്‌കൂള്‍ തുടങ്ങിയാല്‍ ഇതിനൊരു പരിഹാരമാകും. അതതു മേഖലകളില്‍ പരിശീലനം ലഭിക്കുന്ന വ്യക്തികളെ ചേര്‍ത്ത് തൊഴില്‍ ഗ്രൂപ്പുകള്‍ രൂപവത്കരിക്കണം. ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ വായ്പ അനുവദിക്കാനും അവരെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കാനും സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഇവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വാഹന വായ്പയും നല്‍കാം.
ഒരു പഞ്ചായത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്ന നിലയില്‍ ഇത്തരം ഗ്രൂപ്പുകള്‍ ആരംഭിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ സഹായകമായിരിക്കും. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ അര്‍ബന്‍ ക്ലാപ്പ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സൗകര്യങ്ങളുണ്ട്. ഇവരെ ഓണ്‍ലൈനായി ബന്ധപ്പെടാനും സേവനത്തിനുള്ള കൂലി ഓണ്‍ലൈനായി കൈമാറാനും അവസരമുണ്ട് . സമൂഹത്തിലെ ഓരോ പ്രശ്‌നവും അവസരമാക്കി മാറ്റിയാല്‍ പ്രശ്‌നപരിഹാരം കണ്ടെത്താനും തൊഴിലവസരം ഉണ്ടാക്കാനും വായ്പാ വിതരണം ശക്തിപ്പെടുത്താനും കഴിയും . ഓരോ സഹകരണ സ്ഥാപനവും ഇത്തരത്തിലുള്ള പ്രോജക്റ്റുകള്‍ നടപ്പാക്കുന്ന ഏജന്‍സികളായി മാറേണ്ടതുണ്ട് . ഇതുമൂലം സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കും.
ഭക്ഷ്യസംസ്‌കരണ മേഖല
സഹകരണ സ്ഥാപനത്തിന് നേരിട്ടോ അല്ലെങ്കില്‍ വ്യക്തികള്‍ക്കോ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കോ വായ്പ നല്‍കിയോ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുഃ. എന്നാല്‍, കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും വിദേശങ്ങളില്‍ നിന്നു മടങ്ങിവരുന്നവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ താല്‍പര്യം കാണിക്കണമെന്നില്ല. കാരണം, അവരുടെ ആഗ്രഹവും അവര്‍ ഇതുവരെ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തനങ്ങളും ഒരുപക്ഷേ ഇതിലും വ്യാപ്തി ഉള്ളതായിരിക്കും.
നമ്മുടെ സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്ന, കൂടുതല്‍ മൂലധന നിക്ഷേപം ആവശ്യമായ, ശാസ്ത്ര- സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷ്യസംസ്‌കരണ മേഖലയുടെ പ്രാധാന്യം ഇവിടെ പ്രത്യേകം എടുത്തുകാട്ടുന്നു. നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ , മത്സ്യം , മാംസം എന്നിവ സംസ്‌കരണ സൗകര്യമില്ലാത്തതിനാല്‍ വന്‍തോതില്‍ കേടു വരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ മൂല്യ വര്‍ധനവിനും ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും സാങ്കേതിക സൗകര്യങ്ങള്‍ അനിവാര്യമാണ്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ചക്ക ചിപ്‌സിനുള്ള സ്വാദ് കടകളില്‍ കിട്ടുന്ന ചിപ്‌സ് നല്‍കാറുണ്ടോ? ഇല്ല എന്നാണുത്തരം. വളരെ മുറുക്കം കൂടിയ, പരുപരുത്ത , വിറക് കൊള്ളി പോലുള്ള ചിപ്‌സാണ് കടകളില്‍ നിന്നു ലഭിക്കുന്നത്. നേന്ത്രക്കായ, മരച്ചീനി, ഉരുളക്കിഴങ്ങ് ചിപ്‌സായാലും വലിയ വ്യത്യാസമുണ്ടാകാറില്ല. എന്തുകൊണ്ടാണിത് ? ഇത്തരം ഭക്ഷ്യവസ്തുക്ക ള്‍ സീസണില്‍ വാങ്ങി ഉണക്കി സൂക്ഷിച്ച് ആവശ്യാനുസരണം ചിപ്‌സ് ഉണ്ടാക്കുന്നതുകൊണ്ട് ജലാംശം നഷ്ടപ്പെടുന്നതാണ് കാരണം. വെളിച്ചെണ്ണ പരമാവധി കുറച്ചുപയോഗിക്കാനായി ചിപ്‌സ് ചെറിയ കഷണങ്ങളായി നുറുക്കി ഉണക്കുന്നതാണ് മറ്റൊരു കാരണം. ഇതുമൂലം ജലാംശം പൂര്‍ണമായും നഷ്ടപ്പെടുന്നു . ഇത്തരം പ്രക്രിയ അവയുടെ തനതു രുചി നഷ്ടപ്പെടുത്തുന്നു.
ജലാംശം നഷ്ടപ്പെടുന്നത് തടയാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. 1929 ല്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരായ ഫ്രാങ്ക്‌ളിന്‍ കിഡ്, സിനില്‍ വെസ്റ്റ് എന്നിവര്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന സംവിധാനങ്ങളെയാണ് കണ്‍ട്രോള്‍ഡ് അറ്റ്‌മോസ്ഫറിക് ടെംപറേച്ചര്‍ റൂംസ് ( CA Roosm ) എന്നു വിളിക്കുന്നത്. 1960 – ഓടെ ഈ സംവിധാനം പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. പ്രധാനമായും ആപ്പിള്‍ കേടാവാതെ സൂക്ഷിക്കാനാണിത് ഉപയോഗിച്ചിരുന്നത് . പില്‍ക്കാലത്ത് മറ്റ് പഴവര്‍ഗങ്ങളും പച്ചക്കറികളും ഇങ്ങനെ സൂക്ഷിക്കാന്‍ തുടങ്ങി. ഇത്തരം സി.എ. മുറികളിലെ ഓക്്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് , നൈട്രജന്‍ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തിയാണ് പഴവര്‍ഗങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്നത്. കൂടാതെ, അന്തരീക്ഷ താപനിലയിലും ജലാംശം അഥവാ ഈര്‍പ്പം എന്നിവയിലും മാറ്റം വരുത്തുന്നു. മത്സ്യം, മാംസം, മുട്ട എന്നിവ കേടാവാതെ സൂക്ഷിക്കുന്ന സംവിധാനമാണ് മോഡിഫൈഡ് അറ്റമോസ്ഫറിക് ടെംപറേച്ചര്‍ റൂംസ് ( MA Rooms ) . ഇത്തരം സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് പാര്‍ക്കുകള്‍ക്ക് രൂപം നല്‍കുന്നത് നന്നായിരിക്കും. പ്രവാസി മലയാളികളുടെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെയും കൂട്ടായ്മകള്‍ ഇത്തരം സംവിധാനങ്ങള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കേണ്ടതാണ്.
മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി
ഭക്ഷ്യ സംസ്‌കരണ രംഗത്ത് കൃത്യമായ ഇടപെടല്‍ നടത്താനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മെഗാ ഫുഡ് പാര്‍ക്ക് സ്‌കീം. ഏകദേശം 50 മുതല്‍ 100 വരെ ഏക്കര്‍ സ്ഥലത്ത് തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുള്ള ഫുഡ് പാര്‍ക്കില്‍ 30-35 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ഉണ്ടാകും. ഒരു വര്‍ഷം 450 മുതല്‍ 500 കോടി രൂപ വരെ വില്‍പ്പന പ്രതീക്ഷിക്കുന്ന ഇത്തരം പാര്‍ക്കുകളില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് കണക്ക്. സ്ഥലത്തിന്റെ വില കഴിച്ചുള്ള പദ്ധതിച്ചെലവിന്റെ അമ്പതു ശതമാനം അഥവാ പരമാവധി 50 കോടി രൂപ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും.
2018 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ 12 മെഗാ ഫുഡ് പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കൂടാതെ , 42 മെഗാ ഫുഡ് പാര്‍ക്കുകളുടെ നിര്‍മാണം നടന്നുവരുന്നു . കേരളത്തില്‍ ആലപ്പുഴയിലും പാലക്കാട്ടും ഇത്തരത്തിലുള്ള പാര്‍ക്കുകളുടെ നിര്‍മാണം നടക്കുകയാണ്. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍തോതില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള ഇടപെടലാണ് ഈ പാര്‍ക്കുകള്‍ . ഇത് സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ( SPV ) ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നം വാങ്ങി സംസ്‌കരിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലാണ് ഈ പാര്‍ക്കുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മെഗാ പാര്‍ക്കുകള്‍ക്ക് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ടാവും. കര്‍ഷകരില്‍ നിന്നു വിഭവങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളാണ് ആദ്യത്തേത്. ഇത്തരം കളക്ഷന്‍ സെന്ററുകളിലാണ് പഴവര്‍ഗങ്ങള്‍, പച്ചക്കറി, മത്സ്യം , ഇറച്ചി , മുട്ട എന്നിവ ശേഖരിക്കുന്നത്. ഗുണമേന്മ വിലയിരുത്തിയശേഷം തരം തിരിച്ചാണ് ഇവ സൂക്ഷിക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളെ പ്രൈമറി പ്രോസസിങ് സെന്റര്‍ ( PPC ) എന്നു വിളിക്കുന്നു. ഇവിടെ തരംതിരിക്കാനും പാക്ക് ചെയ്യാനും പഴുപ്പിക്കാനും സൗകര്യമുണ്ടായിരിക്കും. അടുത്തതാണ് പ്രധാന ഭാഗം. ഇതാണ് സെന്‍ട്രല്‍ പ്രോസസിങ് സെന്റര്‍. ഇത്തരം വലിയ സംവിധാനങ്ങള്‍ കൂടാതെ ചെറിയ തലത്തിലും ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കാവുന്നതാണ്. എന്നാല്‍, ഇതിന് ലഭിക്കുന്ന കേന്ദ്രസഹായം കുറവായിരിക്കും.
പാലക്കാട് കഞ്ചിക്കോട്ട് കിന്‍ഫ്ര ആരംഭിക്കുന്ന ഫുഡ് പാര്‍ക്കിന് 120 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് . ഇത്തരം പാര്‍ക്കുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം ഒരുക്കുന്നുണ്ട്. മത്സ്യ സംസ്‌കരണ രംഗത്ത് ഏറെ സഹായകരമായ ഒന്നാണ് മോഡിഫൈഡ് അറ്റ്‌മോസ്ഫറിക് സ്റ്റോറേജ് എന്നത് . ഇഅ Rooms പോലെത്തന്നെ ഇവിടെയും ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈിന്റെയും നൈട്രജന്റെയും അളവില്‍ മാറ്റം വരുത്തുകയാണ് ചെയ്യുന്നത് . മത്സ്യം, ഇറച്ചി , മുട്ട എന്നിവ സൂക്ഷിക്കാന്‍ ഇത്തരം സൗകര്യങ്ങള്‍ അനുയോജ്യമാണ്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വന്‍തോതില്‍ ഇത്തരം ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കാവുന്നതാണ്. മടങ്ങിവരുന്നപ്രവാസികള്‍ക്കും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും മാത്രമല്ല സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യങ്ങള്‍ക്കും ഇത്തരം പദ്ധതികള്‍ അനുയോജ്യമായിരിക്കും.
ഇ- ഓട്ടോറിക്ഷ
സ്ത്രീകള്‍ക്ക് ആരംഭിക്കാവുന്ന ഒരു പദ്ധതിയാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷ അഥവാ ഇ- ഓട്ടോറിക്ഷ. പെട്രോളിനും ഡീസലിനും പകരമായി വൈദ്യുതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന 48 വി. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇതിനുപയോഗിക്കുന്നത്. ഒരു ഓട്ടോറിക്ഷയ്ക്ക് ഒന്നര ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപ വരെ വിലവരും. ഏകദേശം 350 മുതല്‍ 400 കിലോ വരെ ഭാരമുള്ള ഓട്ടോറിക്ഷകള്‍ മഹീന്ദ്ര, ബജാജ് കമ്പനികള്‍ നിര്‍മിക്കുന്നുണ്ട്. സൗരോര്‍ജത്താല്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ ഓടുന്ന ഓട്ടോറിക്ഷയും കിട്ടാനുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ചെലവിന്റെ മൂന്നിലൊന്നേ ഇതിനു വരൂ. ഒരു കിലോമീറ്റര്‍ യാത്രക്ക് കേവലം 50 പൈസയാണ് ചെലവ്. മൂന്നുപേര്‍ക്ക് സുഖമായി യാത്രചെയ്യാവുന്ന ഈ വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്ററാണ് വേഗം. മൂന്നേകാല്‍ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. അന്തരീക്ഷ മലിനീകരണം തീരെയുണ്ടാക്കാത്ത ഈ ഓട്ടോറിക്ഷക്ക് ശബ്ദവുമുണ്ടാവില്ല. ഗോ ഗ്രീന്‍, ഗോ ഇലക്ട്രിക് എന്ന ആശയം യാഥാര്‍ഥ്യമാക്കുന്ന ഈ ഓട്ടോറിക്ഷകള്‍ നമ്മുടെ സ്ത്രീകള്‍ക്ക് അനുയോജ്യമാണ്. കുറഞ്ഞ നിരക്കില്‍ സഞ്ചരിക്കാന്‍ കഴിയുന്നതിനാല്‍ യാത്രക്കാര്‍ ഈ വാഹനത്തെ സ്വീകരിക്കും. സഹകരണ ബാങ്കുകള്‍ക്ക് കുടുംബശ്രീ വഴി നടപ്പാക്കാവുന്ന മാതൃകാപരമായ പദ്ധതിയാണിത്.
പ്രാദേശിക സാമ്പത്തിക വികസന ഏജന്‍സികള്‍
കേരളത്തില്‍ സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങള്‍ തന്നെയാണ്. എന്നാല്‍, ഈ വായ്പ പലപ്പോഴും ഉല്‍പ്പാദനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്നു വിമര്‍ശനമുണ്ടാവാറുണ്ട്. അതുകൊണ്ട് എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വായ്പ വാങ്ങുന്നത് എന്ന പരിശോധനക്ക് പ്രസക്തിയുണ്ട്.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ വായ്പകള്‍ പ്രധാനമായും സ്വര്‍ണപ്പണയം, കല്യാണം, ചികിത്സ, പഴയ കടങ്ങള്‍ വീട്ടല്‍, വായ്പ പുതുക്കി വയ്ക്കല്‍ എന്നിവയ്ക്കായി മാത്രം വിനിയോഗിക്കപ്പെടുന്നു എന്നു കാണാനാവും. ചില ബാങ്കുകള്‍ വീട് വാങ്ങാനും റിപ്പയര്‍ നടത്താനും മോടി കൂട്ടാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും വായ്പ നല്‍കാറുണ്ട്. വാഹന വായ്പ നല്‍കുന്ന സഹകരണ ബാങ്കുകളുമുണ്ട്. കാരണം വ്യക്തമാക്കാത്ത സാധാരണ വായ്പ, സിംപിള്‍ ലോണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വായ്പകളും ഇവര്‍ നല്‍കാറുണ്ട്. ഇതുകൊണ്ടുതന്നെ പലപ്പോഴും ചെറുപ്പക്കാരെയും വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെയും പ്രവാസികളെയുമൊന്നും സഹകരണ ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാറില്ല. കാര്‍ഷികവായ്പ നല്ല തോതില്‍ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളുമുണ്ട്.
പ്രാഥമിക ബാങ്കുകളുടെ ശേഷി വികസിപ്പിക്കേണ്ടതുണ്ട്. അവരുടെ ലോണ്‍ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാല്‍ കണ്ടെത്തുന്ന മറ്റൊരു കാര്യം കടം വാങ്ങുന്നവന്റെ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന അളവിലും തോതിലും വായ്പ നല്‍കുന്നില്ല എന്നതാണ്. ഒരുപക്ഷേ, വര്‍ഷങ്ങള്‍ക്കു മുമ്പ് അംഗീകരിച്ച ബൈലോ ഭേദഗതി വരുത്താത്തതുകൊണ്ട് കൂടിയാകാം ഈ പരിമിതി. പ്രാഥമിക സഹകരണ സംഘങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ഏജന്‍സികളാക്കി മാറ്റണമെങ്കില്‍ അവയെ സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ജീവനക്കാരും സെക്രട്ടറിയും ഒത്തുചേര്‍ന്ന് ബൈലോ വിശദമായി വായിക്കുക എന്നതാണ്. ആത്മാര്‍ഥമായ വിശകലനത്തിനും സ്വയം വിമര്‍ശനത്തിനും തയാറായാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂ. എന്നാല്‍, 80 ശതമാനം അംഗങ്ങളും ബൈലോ ഒരിക്കല്‍പ്പോലും വായിച്ചിട്ടില്ല എന്നാണ് പൊതുവെയുള്ള വിമര്‍ശനം. ഭരണസമിതി അംഗങ്ങളും ബൈലോ വിശദമായി വായിക്കുന്നില്ല എന്നത് വലിയ ന്യൂനത തന്നെയാണ്.
തിരിച്ചടവിനുള്ള കാലാവധി കൂട്ടണം
വായ്പ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമം, വായ്പാപേക്ഷ കൈകാര്യം ചെയ്യുന്ന രീതി, വായ്പ വിതരണം ചെയ്യാനും അനുവദിക്കാനുമുള്ള അധികാരം എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണം. ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന പരമാവധി വായ്പയുടെ പരിധി കാലോചിതമായി പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. അതുപോലെത്തന്നെ കുടുംബശ്രീ കൂട്ടായ്മകള്‍, കമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പുകള്‍് എന്നിവയ്‌ക്കെല്ലാം വായ്പ നല്‍കാന്‍ തക്കവണ്ണം ബൈലോ പരിഷ്‌കരിക്കുകയും വേണം. സഹകരണ സ്ഥാപനങ്ങള്‍ക്ക്് അംഗങ്ങളില്‍ നിന്നു മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂ. അതുപോലെ അംഗങ്ങള്‍ക്കു മാത്രമേ വായ്പ നല്‍കാനും പാടുള്ളൂ . ഈയൊരു പരിമിതി നിലവിലുണ്ട്. ഇത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ പുതിയ സംഘടനാ രൂപത്തെക്കുറിച്ച്കൂടി ആലോചിക്കേണ്ടതായി വരും. വായ്പ അനുവദിക്കാവുന്ന പരമാവധി കാലപരിധിയിലാണ് മറ്റൊരു മാറ്റം വേണ്ടത്. പരമാവധി അഞ്ചു വര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കണം എന്ന സാഹചര്യം നിലവിലുള്ളതിനാല്‍ വായ്പയെടുക്കുന്നയാള്‍ക്ക് പ്രതിമാസം തിരിച്ചടവ് ബാധ്യത വളരെ വലുതാകും. ഭവന വായ്പ പോലുള്ളവക്ക് ഏറ്റവും കുറഞ്ഞത് 15 വര്‍ഷം കാലയളവ് നല്‍കുന്നതാണ് ഉചിതം. ഇതിന് സംസ്ഥാനതലത്തില്‍ത്തന്നെ ഗൗരവമായ ഇടപെടല്‍ ആവശ്യമായി വരും.
ഓരോ ദിവസവും ബാങ്കില്‍ സൂക്ഷിക്കാവുന്ന പണം എത്രയെന്ന് പരിശോധിക്കേണ്ടതും ആവശ്യമാണ്. പല സ്ഥാപനങ്ങളിലും വന്‍തുകകള്‍ സൂക്ഷിക്കുന്നത് റിസ്‌ക്കാണ്. വായ്പക്കുള്ള അപേക്ഷ സ്വീകരിക്കാനും അപേക്ഷകനെ വിലയിരുത്താനും ആവശ്യം തിട്ടപ്പെടുത്താനും കൂടുതല്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കേണ്ടതുണ്ട്. പണയമായി നല്‍കുന്ന ഭൂമിയുടെ പ്രാദേശികവില നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന രീതി അവസാനിപ്പിക്കണം. എടുക്കുന്ന വായ്പ ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന വരുമാനവും തിരിച്ചടവ് ശേഷിയുമാ യിരിക്കണം പരിഗണിക്കേണ്ടത്. ഇത്തരത്തില്‍ ആലോചിക്കുമ്പോള്‍ ഓരോ പ്രദേശത്തെയും സാധ്യതയും വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥിതിയും പരിഗണിക്കേണ്ടതുണ്ട്. അവ തീര്‍ച്ചയായും വ്യത്യസ്തങ്ങളായിരിക്കും. സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം ആകെയുള്ള നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗവും ഉയര്‍ന്ന പലിശ നല്‍കുന്നതുകൊണ്ട് കിട്ടുന്നതാണ് എന്നതാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. സേവിങ്‌സ് ബാങ്ക്, കറന്റ് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണം. മറ്റൊരു വിഷയം MDS നടത്തിപ്പ് സംബന്ധിച്ചാണ്. ചിട്ടി നടത്താന്‍ നിയമപരമായി അവകാശമില്ലെങ്കിലും ങഉട എന്നപേരില്‍ നടത്തുന്ന പ്രവര്‍ത്തനം എല്ലാ അര്‍ഥത്തിലും ചിട്ടിക്ക് സമാനമാണ് . ഈ പ്രവര്‍ത്തനത്തിലും ഗൗരവമായ പരിശോധന അനിവാര്യമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്. സഹകരണമേഖലയുടെ അകത്തുനിന്നും പുറത്തു നിന്നും ഉയരുന്ന വെല്ലുവിളികളും നേരിട്ടേ മതിയാകൂ . ഇന്‍കം ടാക്‌സ്, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ നിലപാടില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും സഗൗരവം പരിഗണിക്കേണ്ടതുണ്ട്. ഈ അര്‍ഥത്തിലുള്ള പരിശോധനകളും തിരുത്തലുകളും ഉണ്ടാകുന്നതിന് സഹകാരികളുടെ ഗൗരവമായ ഇടപെടലും അന്വേഷണവും അനിവാര്യമാണ്.
വായ്പാരീതി മാറണം
കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാദേശികതലത്തില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് . വിദേശത്തുനിന്നു മടങ്ങിവന്ന പ്രവാസികളില്‍ ഏകദേശം മുപ്പത്തി അയ്യായിരത്തോളം പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് ഈയിടെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഇതുകൂടാതെ , നമ്മുടെ നാട്ടില്‍ത്തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ , ബസ് തൊഴിലാളികള്‍ എന്നു തുടങ്ങി അനവധി മേഖലകളില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്. ഇതുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്.
ആയിരക്കണക്കിന് ജീവനക്കാര്‍ തൊഴിലെടുത്തിരുന്ന ടെക്‌സ്‌റ്റൈല്‍ വില്‍പ്പനശാലകളില്‍ ഇപ്പോള്‍ സെയില്‍സ് സ്റ്റാഫിന്റെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതില്‍ നിന്നു ഉരുത്തിരിയുന്ന വസ്തുത ഇതാണ് : പ്രാദേശിക തലങ്ങളില്‍ ഉണ്ടാകാനിടയുള്ള വായ്പാ ആവശ്യങ്ങള്‍ നിരവധി മടങ്ങ് വര്‍ധിക്കും. ഇത്തരം ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കഴിയണം. സെക്യൂരിറ്റിയായി നല്‍കുന്ന ഭൂമിയുടെ വില അടിസ്ഥാനപ്പെടുത്തി മാത്രമല്ല വായ്പ നല്‍കേണ്ടത്. മറിച്ച്, തുടങ്ങാനുദ്ദേശിക്കുന്ന പ്രൊജക്റ്റ് വിലയിരുത്തിക്കൊണ്ടാവണം. ഈ നിലയിലേക്ക് മാറണമെങ്കില്‍ എന്താണ് പ്രൊജക്ട് എന്നും ഒരു പ്രൊജക്ടിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത് എന്നും പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാര്‍് അറിഞ്ഞിരിക്കണം.
വിജയകരമായി നടപ്പാക്കുന്ന പ്രൊജക്ട് എന്നും പരാജയപ്പെടുന്ന പ്രൊജക്ട് എന്നും തരംതിരിക്കുന്ന രീതി ശരിയല്ല . പ്രൊജക്ട്് വിജയിക്കാനും പരാജയപ്പെടാനും തുല്യ സാധ്യതയാണുള്ളത്. പ്രൊജക്ട് വിജയിക്കുന്നത് നടത്തിപ്പുകാരന്റെ കഴിവും താല്‍പ്പര്യവും ആശ്രയിച്ചാണ്. അദ്ദേഹം നടത്തുന്ന മുന്നൊരുക്കങ്ങള്‍, ഗൃഹപാഠം , പരിശീലനം, സാഹചര്യങ്ങളെ അവസരങ്ങളായി ഇണക്കിച്ചേര്‍ക്കാനുള്ള കഴിവ് എന്നിവയാണ് ആദ്യം പരിശോധിക്കേണ്ടത് . ഇതിനെ പൊതുവില്‍ സംരംഭകത്വം എന്ന് പറയാം. സംരംഭകനുമായി സംസാരിക്കുമ്പോള്‍ നമുക്കിത് തിരിച്ചറിയാന്‍ കഴിയും. സംരംഭകന്റെ നടത്തിപ്പ് സംബന്ധിച്ച ഉള്‍ക്കാഴ്ചയും സാങ്കേതികമായ വിവരവും വിവിധ ഘടകങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവുമെല്ലാം ഈ അര്‍ഥത്തില്‍ പരിശോധിക്കാവുന്നതാണ് .
ആരാണ് സംരംഭകന്‍ ?
ഏതെങ്കിലുമൊരാള്‍ നടത്തി വിജയിച്ചു എന്ന ഒറ്റക്കാരണത്താല്‍ അനുകരിക്കാന്‍ തയാറായി വരുന്ന ഒരാളെ സംരംഭകനായി കണക്കാക്കാനാവില്ല. അതേസമയം, അദ്ദേഹത്തില്‍ സംരംഭകത്വ വാസനകളുണ്ട് എന്ന തിരിച്ചറിയല്‍ നമുക്കുണ്ടാവണം. ഇതിനുശേഷം പരിശോധിക്കേണ്ടത് പ്രൊജക്ട് വിശദാംശങ്ങളെക്കുറിച്ചാണ്. എപ്പോള്‍, എവിടെ, എങ്ങനെ, ആര് , എന്ത് എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടുന്നുവെങ്കില്‍ അതിനെ പ്രൊജക്ട് എന്നു വിളിക്കാം. ഉദാഹരണമായി, അഞ്ചു പശുക്കളെ വാങ്ങി, വളര്‍ത്തി, പാല്‍ വിറ്റ് വരുമാനം കൂട്ടാനും തൊഴില്‍ കണ്ടെത്താനുമാണ് പ്രൊജക്ട് എന്നു സങ്കല്‍പ്പിക്കുക. ഇതില്‍ ആദ്യത്തെ ചോദ്യം എവിടെയാണ് പശുവിനെ വളര്‍ത്തുന്നത് എന്നതാണ്. അതിനാവശ്യമായ സ്ഥലമുണ്ടോ, പശുവിനെ കെട്ടാന്‍ തൊഴുത്തുണ്ടോ , എങ്ങനെയാണ് പശുവിനെ പരിപാലിക്കുന്നത്, ആവശ്യമായ തീറ്റപ്പുല്ല് ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥലമുണ്ടോ, അതോ ഇവ വാങ്ങി നല്‍കാനാണോ ഉദ്ദേശിക്കുന്നത്, പശുവിനു വരുന്ന രോഗങ്ങളെക്കുറിച്ച് അറിവുണ്ടോ, മൃഗപരിപാലന സഹായം പ്രാദേശികമായി കിട്ടാനുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ അടുത്ത ചോദ്യങ്ങളിലേക്ക് കടക്കാം. എപ്പോഴാണ് , എവിടെനിന്നാണ് പശുവിനെ വാങ്ങുന്നത് , എത്ര വിലയ്ക്ക് തുടങ്ങിയ ചോദ്യങ്ങള്‍ പ്രൊജക്ട് സംബന്ധിച്ച സാമ്പത്തികാവശ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു . ഇതോടൊപ്പംതന്നെ സംരംഭകന്‍ ഒറ്റയ്ക്കാണോ , അതോ സഹായികള്‍ ആരെങ്കിലുമുണ്ടോ, ഉണ്ടെങ്കില്‍ ആരെല്ലാം , എവിടെയാണ് പാല്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്, പാലിന് ആവശ്യക്കാരുണ്ടോ, എത്ര വിലയ്ക്കാണ് പാല്‍ വില്‍ക്കാന്‍ കഴിയുക , എത്ര പാല്‍ വിറ്റുപോകും , ബാക്കി വരുന്ന പാല്‍ എന്തു ചെയ്യും എന്നീ ചോദ്യങ്ങളില്‍ നിന്നും കൃത്യമായ ഉത്തരം ലഭിക്കും . ഇത്തരത്തില്‍ ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയും സമീപപ്രദേശങ്ങളില്‍ നടക്കുന്ന രീതികളുമായി താരതമ്യപ്പെടുത്തുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ പ്രൊജക്ട് വിലയിരുത്തല്‍ ഏതാണ്ട് പൂര്‍ത്തിയാകും .
എത്ര പലിശനിരക്കിലാണ് വായ്പ നല്‍കേണ്ടത് എന്നാണ് ഇനി തീരുമാനിക്കേണ്ടത് . 100 രൂപ മുടക്കിയാല്‍ 105 രൂപ കിട്ടുന്ന ഒരു പ്രൊജക്ടിന് അഞ്ച് ശതമാനം മാത്രമാണ് റിട്ടേണ്‍ ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ 12 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് ഈ സംരംഭം നടത്തിയാല്‍ അത് വിജയിക്കുമോ, ഇല്ലെങ്കില്‍ എന്തെങ്കിലും സബ്‌സിഡി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നു പരിശോധിക്കണം. എത്ര കാലം കൊണ്ടാണ് വായ്പ തിരിച്ചടക്കാനാവുക എന്നതും തീരുമാനിക്കണം. അങ്ങനെ വരുമ്പോള്‍ എല്ലാ ചെലവുകളും കഴിച്ചു തിരിച്ചടക്കാനുള്ള തുക കണ്ടെത്താന്‍ കഴിയുമോ എന്നറിയാന്‍ സാധിക്കും. ഇതേ രീതിയില്‍ ഏതു പ്രൊജക്ടും വിലയിരുത്താം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങളാണെങ്കില്‍ സാങ്കേതികവിദ്യ കിട്ടുമോ എന്നും അതെവിടെ നിന്ന് കിട്ടുമെന്നും എന്തു ചെലവു വരുമെന്നും റിപ്പയര്‍, മെയിന്റനന്‍സ് എന്നിവക്ക് എത്ര തുക വേണ്ടിവരുമെന്നും പരിശോധിക്കേണ്ടിവരും. പാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ നടത്തിയതിനേക്കാള്‍ വളരെ ഗൗരവമായ വിപണി പഠനവും വിപണി സാധ്യതയെക്കുറിച്ചുള്ള അന്വേഷണവും ഇക്കാര്യത്തില്‍ വേണ്ടിവരും.
പ്രൊജക്ടുകള്‍ക്ക് വായ്പ നല്‍കുന്ന വിവരം അറിയിച്ചാല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധാരാളം പേര്‍ മുന്നോട്ടു വരുമെന്ന് ഉറപ്പാണ് . ഇത്തരം സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കണം. കട്ടിലിനനുസരിച്ച് കിടക്കുന്ന ആളിന്റെ നീളം ക്രമീകരിക്കുന്നതിനു പകരം ആവശ്യമനുസരിച്ചുള്ള കട്ടിലുണ്ടാക്കുക എന്നതായിരിക്കണം പ്രൊജക്ട് വായ്പ നല്‍കുന്ന വേളയില്‍ സ്വീകരിക്കേണ്ട മാതൃക. വായ്പക്കാരന്‍ നല്‍കുന്ന വസ്തുവിന്റെ വില മാത്രം പരിഗണിക്കാതെ ഈ പ്രൊജക്ടിന്റെ സാധ്യതകള്‍ പരിഗണിച്ചും സംരംഭകത്വ ശേഷി വിലയിരുത്തിയുമാവണം വായ്പ നല്‍കേണ്ടത്.
സാമ്പത്തിക വിലയിരുത്തല്‍ അനിവാര്യം
പ്രൊജക്ടിനെപ്പറ്റി പഠിക്കുമ്പോള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക വിലയിരുത്തല്‍. ഒരു പ്രൊജക്ടിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത് അതിന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ക്യാഷ് ഫ്‌ളോയിലാണ്. എന്താണ് ക്യാഷ് ഫ്‌ളോ, ലാഭവും ക്യാഷ് ഫ്‌ളോയും തമ്മില്‍ വ്യത്യാസമുണ്ടോ, അതോ രണ്ടും ഒന്നു തന്നെയാണോ എന്നീ വിഷയങ്ങള്‍ ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണയ്ക്ക് വഴിവെക്കാറുണ്ട്.
ഒരു പ്രൊജക്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വിവിധയിനം ചെലവുകള്‍, അഥവാ പ്രൊജക്ടില്‍ നിന്നു പുറത്തേക്ക് പോകുന്നതും തിരികെ വരുന്നതുമായ പണത്തെയാണ് ക്യാഷ് ഫ്‌ളോ എന്നു വിളിക്കുന്നത്. പ്രൊജക്ട് നടത്തിപ്പിന്റെ ഭാഗമായി ഉണ്ടാവുന്ന മൊത്തം വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ്് ലാഭം. ദൈനംദിന ചെലവുകള്‍ പ്രൊജക്ടില്‍ നിന്നുണ്ടാവുന്ന പണംകൊണ്ട് നടത്തിപ്പോകാന്‍ കഴിയുമെങ്കില്‍ ക്യാഷ് ഇന്‍ഫ്ളോയും ഔട്ട്ഫ്ളോയും ബാലന്‍സ് ചെയ്തിരിക്കും. ക്യാഷ് ഇന്‍ഫ്ളോ ഔട്ട് ഫ്‌ളോയെക്കാളും കൂടുതലാണെങ്കില്‍ എപ്പോഴും പണം മിച്ചം കാണും. മറിച്ചാണെങ്കില്‍ പണത്തിന് ചുരുക്കം അനുഭവപ്പെടുന്നു. ഇതിനെ ക്യാഷ് ഫ്‌ളോ ക്രൈസിസ് അഥവാ ലിക്വിഡിറ്റി ക്രൈസിസ് എന്നാണ് വിളിക്കുന്നത്.
പ്രൊജക്ട് വിലയിരുത്തലില്‍ ക്യാഷ് ഫ്‌ളോയുടെ പ്രാധാന്യം ചെറുതല്ല. കൃത്യമായി ക്യാഷ് ഫ്‌ളോ തയാറാക്കുക എന്നത് പ്രൊജക്ട് വിലയിരുത്തലില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഉദാഹരണമായി, ഒരാള്‍ അഞ്ചു പശുക്കളെ വളര്‍ത്തുന്നു എന്നു കരുതുക. ഈ പശുവിനെ വാങ്ങാനുള്ള പണമാണ് മൂലധനം . ഈ മൂലധനം ഒരുപക്ഷേ, അദ്ദേഹത്തിന്റെ കൈവശമുള്ള പണത്തില്‍ നിന്നു കണ്ടെത്താന്‍ കഴിയും. അതല്ലെങ്കില്‍, അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് കണ്ടെത്തും. ഇങ്ങനെ കണ്ടെത്തുന്ന പണത്തെ ഓണ്‍ ഫണ്ട് അഥവാ ഇക്വിറ്റി എന്നാണ് വിളിക്കുക. സ്വന്തമായി പണം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പയെടുക്കാന്‍ കഴിയും. ഇതിനെയാണ് Owed / Borrowed Fund എന്നു വിളിക്കുന്നത്. അതുകൊണ്ട് പ്രൊജക്ടില്‍ ഇറക്കുന്ന മൂലധനത്തെ ക്യാഷ് ഫ്‌ളോ ആയി കണക്കാക്കാന്‍ കഴിയില്ല. ഒരുപക്ഷേ, തൊഴുത്തുണ്ടാക്കാനുള്ള പണവും ഇത്തരത്തില്‍ത്തന്നെ സമാഹരിക്കും. എന്നാല്‍, പശു തൊഴുത്തില്‍ വന്നശേഷം അവയുടെ പാല്‍ വിറ്റ് കിട്ടുന്ന പണം ക്യാഷ് ഫ്‌ളോ ആണ്. ചാണകം വിറ്റുള്ള പണവും ക്യാഷ് ഫ്‌ളോയുടെ ഭാഗമാണ്. പശുവിന് തീറ്റ വാങ്ങാനും ഇന്‍ഷ്വര്‍ ചെയ്യാനും മരുന്നു വാങ്ങാനുമുള്ള പണവും കറവക്കാരന്റെ കൂലിയും ക്യാഷ് ഫ്‌ളോയില്‍പ്പെടുന്നു. ഒരുപക്ഷേ, ഇത്തരത്തിലുള്ള ക്യാഷ് ഫ്‌ളോ സമയത്ത് കിട്ടാതിരിക്കുകയോ ആവശ്യത്തിന് മതിയാകാതെ വരികയോ ചെയ്യുമ്പോള്‍ തീറ്റ വാങ്ങാനും ഇന്‍ഷ്വര്‍ ചെയ്യാനുമെല്ലാം കടം വാങ്ങേണ്ടിവരും . ഇതിനെ ക്യാഷ് ക്രഞ്ച് / ലിക്വിഡിറ്റി ക്രഞ്ച് എന്നു വിളിക്കാം. ഓരോ മാസവും കിട്ടുന്ന ഔട്ട് ഫ്‌ളോ കഴിച്ചുണ്ടാവുന്ന മിച്ചം ഉപയോഗിച്ചാണ് വായ്പ തിരിച്ചടയ്ക്കുന്നതും പ്രൊജക്ടില്‍ നിക്ഷേപിച്ച വ്യക്തികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതും. ഫലപ്രദമായ ക്യാഷ് മാനേജ്‌മെന്റ് ഉണ്ടാകുന്നില്ലെങ്കില്‍ പ്രൊജക്ട് ലാഭകരമാവില്ല എന്നര്‍ഥം.
ചില പ്രൊജക്ടുകളില്‍ ആദ്യകാലത്ത് വിചാരിച്ചപോലെ ക്യാഷ് ഇന്‍ഫ്ളോ ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന്, ഒരാള്‍ തെങ്ങ് / റബ്ബര്‍ക്കൃഷി നടത്തുന്നു എന്നു കരുതുക. ഇതില്‍നിന്നു തേങ്ങയോ റബര്‍പാലോ കിട്ടണമെങ്കില്‍ യഥാക്രമം അഞ്ചു വര്‍ഷം / ഏഴു വര്‍ഷം വേണ്ടിവരും. ഈ കാലത്ത് നനയ്ക്കലും മരുന്നടിക്കലും ഒഴിവാക്കാനാവില്ല. എന്നാല്‍, തേങ്ങ കിട്ടുമ്പോള്‍ / റബ്ബര്‍ ടാപ്പിങ്് തുടങ്ങുമ്പോള്‍ വരുമാനം വര്‍ധിക്കാനാരംഭിക്കുന്നു. റബ്ബറും തെങ്ങും കൂടുതല്‍ കാലം നിലനില്‍ക്കും. അതുകൊണ്ടുതന്നെ വരുമാനം അഥവാ ക്യാഷ് ഇന്‍ഫ്ളോ വര്‍ധിച്ചുകൊണ്ടിരിക്കും. പശുവളര്‍ത്തലിന്റെ തിരിച്ചടവ് കാലയളവ് രണ്ടു മൂന്നു വര്‍ഷമായി നിജപ്പെടുത്താന്‍ കഴിയും. എന്നാല്‍, റബ്ബര്‍ / തെങ്ങ് കൃഷിക്ക് ഉല്‍പ്പാദനം തുടങ്ങി അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലയളവ് നല്‍കേണ്ടതായി വരും. ഇക്കാലത്ത് ചെലവുകളുണ്ടായിരിക്കും. വരുമാനം ആരംഭിച്ചശേഷമുള്ള ചെലവുകളെ ക്യാഷ് ഔട്ട്ഫ്ളോ എന്നും വരവുകളെ ക്യാഷ് ഇന്‍ഫ്ളോ എന്നും കണക്കാക്കാം.
പ്രൊജക്ടിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തുന്നതിലും അതുവഴി വിജയം ഉറപ്പാക്കുന്നതിലും ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ് അഥവാ ക്യാഷ് ഫ്‌ളോ അനാലിസിസ് മുഖ്യ പങ്കുവഹിക്കുന്നു. പ്രൊജക്ടിന് മുടക്കുന്ന മുതല്‍ സ്വന്തമാണോ കടമാണോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ കണക്കാക്കാറുണ്ട്. എപ്പോഴും ഇത് 1:1.33 അല്ലെങ്കില്‍ 1:2 എന്നതാണ് അഭികാമ്യം. പ്രൊജക്ട് നടത്തിപ്പിന് വായ്പയെടുക്കുന്ന വേളയില്‍ സ്വന്തം മുതല്‍മുടക്കില്‍ക്കവിഞ്ഞ വായ്പ എടുക്കരുത് എന്ന സന്ദേശവും ഇതുവഴി ലഭിക്കുന്നു.
(അവസാനിച്ചു )
[mbzshare]