സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തുന്നതിന് അറ്റലാഭം നോക്കേണ്ടതില്ല

[mbzauthor]

സഹകരണ സംഘങ്ങളുടെ അറ്റലാഭം അവയുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തുന്നതിന് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാരിന്റെ ഉത്തരവ്. കോടതിവിധിയിലെ പരാമര്‍ശം അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കിയത്. ക്ലാസിഫിക്കേഷന്‍ പുതുക്കുന്നത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവിനെതിരെ കാസര്‍ക്കോട് ജില്ലയിലെ നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ അപ്പീലിലാണ് ഇത്തരമൊരു തീര്‍പ്പ് ഉണ്ടായിട്ടുള്ളത്.

ക്ലാസ്-2 വിഭാഗത്തിലായിരുന്നു ബാങ്ക്. 2020 ഏപ്രില്‍ ഒന്നുമുതല്‍ ക്ലാസ്-1 ആയി പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം ബാങ്ക് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി തീരുമാനമെടുത്ത് ജോയിന്റ് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍, 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള അറ്റ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി ഈ അപേക്ഷ ജോയിന്റ് രജിസ്ട്രാര്‍ തള്ളി. ഇതിനെതിരെയാണ് ബാങ്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്.

സഹകരണ സംഘം രജിസ്ട്രാറുടെ 32/2013 സര്‍ക്കുലറിലാണ് ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പറയുന്നത്. ഇതനുസരിച്ചുള്ള എല്ലാ യോഗ്യതകളും ബാങ്ക് നേടിയിട്ടുണ്ട്. അതിനാല്‍, അപേക്ഷ നിരസിക്കാന്‍ പാടില്ലെന്നായിരുന്നു ബാങ്കിന്റെ വാദം. അറ്റ നഷ്ടത്തിലുള്ള സംഘത്തെ ക്ലാസ്-1 ആയി ഉയര്‍ത്തുന്നത് അതിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നായിരുന്നു നേര്‍ക്കാഴ്ചയില്‍ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചത്. അതേസമയം, ക്ലാസിഫിക്കേഷന് ഏഴ് മാനദണ്ഡങ്ങളാണ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതെല്ലാം ബാങ്ക് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ക്ലാസ്-2 ലേക്ക് ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തുന്ന ഘട്ടത്തിലും നെക്രാജെ സര്‍വീസ് സഹകരണ ബാങ്കിന് കോടതിയെ സമീപിക്കേണ്ടിവന്നിരുന്നു. ഈ കേസില്‍ ക്ലാസിഫിക്കേഷന്‍ നടത്തേണ്ടത് അറ്റ നഷ്ടത്തെ അടിസ്ഥാനമാക്കിയല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇത് സര്‍ക്കാരും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നെക്രാജെ സര്‍വീസ് സഹകരണ ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്താന്‍ അനുമതി നല്‍കി ഡെപ്യൂട്ടി സെക്രട്ടറി ബി.ടി.ബിജു കുമാര്‍ ഉത്തരവിറക്കി.

[mbzshare]

Leave a Reply

Your email address will not be published.