വേമ്പനാട്ടു കായലില്‍ പുതിയ ടൂര്‍ പാക്കേജുമായി മത്സ്യഫെഡ്

[email protected]

കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിന്റെ പുതിയ ടൂര്‍ പാക്കേജിന് തുടക്കമായി. മത്സ്യ ഫെഡിന്റെ കാട്ടിക്കുന്നിലുള്ള പാലായ്ക്കരി, എറണാകുളം ജില്ലയിലെ മാലിപ്പുറം, ഞാറക്കല്‍ അക്വാ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ഒന്നിച്ചു കാണുന്നതിന് ജലമാര്‍ഗ്ഗമുള്ള പ്രവാഹിനി, കരമാര്‍ഗ്ഗമുള്ള ഭൂമിക ടൂര്‍പാക്കേജിന്റെ ഉദ്ഘാടനം സി. കെ. ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. വൈക്കത്തിന്റെ സുന്ദരക്കാഴ്ചകള്‍ വിനോദസഞ്ചാര മേഖലക്ക് മുതല്‍കൂട്ടാകുമെന്ന് അവര്‍ പറഞ്ഞു. കായല്‍ത്തീരങ്ങളിലെ പ്രകൃതി സൗന്ദര്യവും പ്രദേശവാസികളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റവും വൈക്കത്തിന്റെ വിനോദസഞ്ചാര സാധ്യത വര്‍ദ്ധിപ്പിക്കത്തക്കതാണ്. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. പാലാക്കരി ഫാം കവാടത്തിനു സമീപം നിര്‍മ്മിച്ച മത്സ്യകന്യകയുടെ ശില്പം എം.എല്‍.എ അനാച്ഛാദനം ചെയ്തു. ടൂര്‍ പാക്കേജിന്റെ ആദ്യ കരയാത്ര മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരജ്ഞന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം വികസനത്തിനുള്ള സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി മത്സ്യഫെഡിന്റെ എല്ലാ ഫിഷ് ഫാമുകളുടെയും നവീകരണം നടത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതന കാലത്തെ മത്സ്യത്തൊഴിലാളികകള്‍ വളളത്തിലും വീടുകളിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരമുള്ള കെട്ടുവള്ളം മ്യൂസിയത്തിന്റെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ നിര്‍വ്വഹിച്ചു. മത്സ്യകന്യകയുടെ ശില്‍പികളായ സന്തോഷ് ഉഴൂര്‍, ഉദയന്‍ ക•നം, കെട്ടുവള്ളം നിര്‍മ്മിച്ച സജി കെ എം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ റഷീദ്, സ്മിത, റംല, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി. രഘുവരന്‍, ശ്രീവിദ്യ സുമോദ്, രേഖ പി. എസ്, ഡി.ജി.എം (അക്വ) വി. രേഖ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി. ടി ജോസഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയശ്രീ, ഫാം മാനേജര്‍ നിഷ, എന്നിവരും ഫിഷറീസ്- മത്സ്യഫെഡ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിലുള്ള പ്രവാഹിനി ജലയാത്രയും 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനത്തിനുളള കരയാത്രയും രാവിലെ 8.30ന് പാലാക്കരിയില്‍ നിന്ന് ആരംഭിക്കും. പ്രഭാത ഭക്ഷണത്തിനുശേഷം ഒന്നര മണിക്കൂര്‍ വേമ്പനാട്ട് കായലിലൂടെ ശിക്കാരി ബോട്ടില്‍ യാത്ര, തുടര്‍ന്ന് പാലാക്കരിയിലെ കാഴ്ചകള്‍ കാണാം. പെഡല്‍ ബോട്ടിംഗിനും ചൂണ്ടയിടുന്നതിനും സൗകര്യമുണ്ട്. എറണാകുളം ഗോശ്രീ പാലം വഴി 11.50ന് വൈപ്പിനിലെ ഞാറയ്ക്കല്‍ അക്വാടൂറിസം സെന്ററില്‍ വഞ്ചിത്തുരുത്തിലെ ഏറുമാടത്തില്‍ ഫാമിലെ മത്സ്യ വിഭവങ്ങളോടു കൂടിയ ഊണ്. വെള്ളത്തിന് നടുവിലെ മുളംകുടിലുകള്‍, വാട്ടര്‍ സൈക്കിള്‍, കയാക്കിംഗ്, കൈത്തുഴ ബോട്ട്, പെഡല്‍ ബോട്ട്, കുട്ടവഞ്ചി തുടങ്ങിയവ ആസ്വദിക്കാം. മാലിപ്പുറം അക്വാ കേന്ദ്രത്തിലേയ്ക്കാണ് തുടര്‍ന്നുള്ള യാത്ര. അവിടെ മനോഹരമായ കണ്ടല്‍ പാര്‍ക്കും പൂമീന്‍ ചാട്ടവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ചാപ്പാ ബീച്ച് സന്ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം 6.30ന് ഗോശ്രീ പാലം വഴി പാലാക്കരി ഫിഷ് ഫാമില്‍ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Latest News