വിമാനസര്‍വീസ് തുടങ്ങാനും സഹകരണമേഖല ശക്തം

[mbzauthor]

(2020 ആഗസ്റ്റ് ലക്കം)

( അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലായ് നാലിന് ‘ മാതൃഭൂമി ‘ യില്‍ പ്രസിദ്ധീകരിച്ച അഭിമുഖം. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍,
ലാഡര്‍ എന്നിവയുടെ ചെയര്‍മാനായ സി.എന്‍. വിജയകൃഷ്ണനുമായി അഭിമുഖം നടത്തിയത് എം.പി. സൂര്യദാസ് )

വളര്‍ച്ചയുടെ ഒരുഘട്ടം പിന്നിട്ട കേരളത്തിന്റെ സഹകരണ മേഖലയുടെ ഭാവി എങ്ങനെ വിലയിരുത്തുന്നു?

  • നാട് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും സഹകരണമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കോവിഡും നോട്ടുനിരോധനവുമെല്ലാം വരുത്തിവെച്ച പ്രയാസങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സഹകരണ പ്രസ്ഥാനത്തിനുണ്ട്. അത് ജനകീയ ശക്തിയുടെ കരുത്താണ്. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവവും ഉയര്‍ന്ന കാഴ്ചപ്പാടുമുണ്ടെങ്കില്‍ ഇനിയും ഉയരങ്ങളിലേക്ക് സഹകരണ മേഖലയെ നയിക്കാന്‍ കഴിയും.

ബാങ്ക്, നിര്‍മാണമേഖല, ആശുപത്രി തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് സഹകരണപ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. ഇനി ഏതാണ് വളര്‍ച്ച കൈവരിക്കാവുന്ന പുതിയ മേഖലകള്‍ ?

  • സഹകരണ പ്രസ്ഥാനത്തിന് ഇനിയും അനന്തസാധ്യതകളുണ്ട്. കടന്നുചെല്ലാന്‍ ഒട്ടേറെ മേഖലകള്‍ ഇപ്പോഴുമുണ്ട്. അതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം വേണം. ചെറുവള്ളി എസ്റ്റേറ്റില്‍ ഇപ്പോള്‍ പുതിയ വിമാനത്താവളത്തെക്കുറിച്ച് ആലോചനയുണ്ടല്ലോ. എന്തുകൊണ്ട് ഇത് സഹകരണമേഖലയില്‍ തുടങ്ങിക്കൂടാ. 20, 25 സഹകരണ സംഘങ്ങള്‍ ചേര്‍ന്നാല്‍ വിമാനസര്‍വീസ് നടത്താവുന്ന കമ്പനിവരെ തുടങ്ങാന്‍ കഴിയും. ഇതിനെല്ലാം കെല്‍പ്പും ശക്തിയുമുള്ള സഹകരണസംഘങ്ങള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, ലാഡര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്.

കോവിഡ് വരുത്തിവെച്ച പ്രതിസന്ധിക്ക് സഹകരണ മേഖലയ്ക്ക് പരിഹാര നിര്‍ദേശമുണ്ടോ? 

  • സഹകരണ മേഖലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ ആവശ്യത്തിലേറെ ആശുപത്രികള്‍ ഉണ്ടെന്നായിരുന്നില്ലേ ഇതുവരെ പറഞ്ഞിരുന്നത്. കോവിഡ് വന്നപ്പോള്‍ ഈ സൗകര്യം പോരെന്ന ചിന്തയുണ്ടായി. അത്യാധുനിക സൗകര്യമുള്ള ആശുപത്രികള്‍ ഇനിയും തുടങ്ങാം. ഐ.സി.യു. സംവിധാനമുള്ള ആംബുലന്‍സുകള്‍ ഓരോ സഹകരണ ബാങ്കും വാങ്ങിച്ചാല്‍ അത് ഗ്രാമീണ മേഖലയിലെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. 1600 പേര്‍ക്ക് ജോലിയും ലഭിക്കും. പുതിയ പാലങ്ങള്‍, റോഡുകള്‍ എന്നിവ നിര്‍മിക്കാന്‍ അടിയന്തരമായി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണ പ്രവൃത്തി സഹകരണ മേഖലയെ ഏല്‍പ്പിക്കണം. ഇതുവഴി തൊഴിലവസരങ്ങള്‍ താഴേത്തട്ടിലെത്തും. ഓരോ ഗ്രാമത്തിലും ചെറുകിട വ്യവസായം തുടങ്ങാന്‍ ഓരോ സഹകരണ ബാങ്കിനും സാധിക്കും.

ടൂറിസം മേഖലയിലെ സാധ്യതകള്‍ സഹകരണ മേഖല പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ടോ ? 

  • ടൂറിസം മേഖലയില്‍ ഇനിയും ഒരുപാട് ഇടപെടല്‍ നടത്താന്‍ സഹകരണ മേഖലയ്ക്ക് സാധിക്കും. കൊച്ചി മുതല്‍ കൊല്ലം വരെയുള്ള കായല്‍ തീരങ്ങളില്‍ സഹകരണ മേഖലയില്‍ ടൂറിസം പദ്ധതികളാവാം. ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍, ശുദ്ധമായ കള്ളിന്റെ ഉല്‍പ്പാദനം തുടങ്ങിയവ സഹകരണ മേഖലയില്‍ ആലോചിക്കാം.

ഇപ്പോഴത്തെ മാന്ദ്യം സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ ?

 

  • മറ്റു മേഖലകളെയെല്ലാം ബാധിച്ചതുപോലെ സഹകരണ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. എങ്കിലും തരണം ചെയ്യാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ കുറയ്ക്കുകയും ചെയ്തപ്പോള്‍ സഹകരണ മേഖലയില്‍ ശമ്പളം വെട്ടിക്കുറച്ചിട്ടില്ല. ഇതേ അവസ്ഥ തുടര്‍ന്നാല്‍ എത്ര കാലം വെട്ടിക്കുറയ്ക്കാതെ മുന്നോട്ടുപോവാന്‍ കഴിയുമെന്നതാണ് പ്രശ്‌നം.

സഹകരണ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. അംഗീകാരം നഷ്ടപ്പെടുന്നതിനെ എങ്ങനെ കാണുന്നു ? 

  • പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നേരത്തേയും ആര്‍.ബി.ഐ. യുടെ അംഗീകാരം ഉണ്ടായിരുന്നില്ല. ബാങ്ക് എന്ന പദവി അറിയാതെ വന്നുചേര്‍ന്നതാണ്. ഈ തര്‍ക്കം തുടങ്ങിയിട്ട് കാലമേറെയായി. ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരം ബാങ്ക് എന്ന പദവി നഷ്ടമാവും. എങ്കിലും, പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം ഉണ്ടാവില്ല. അര്‍ബന്‍ ബാങ്കുകള്‍ സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെടുമെന്നതാണ് പുതിയ തീരുമാനം കൊണ്ടുണ്ടാവുന്ന നേട്ടം. അപ്പോഴും അവയുടെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടും.

കേരള ബാങ്ക് രൂപവത്കരണത്തെ എങ്ങനെ വിലയിരുത്തുന്നു ?

  • കേരള ബാങ്ക് രൂപവത്കരണം സഹകരണ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. 14 ജില്ലാ സഹകരണ ബാങ്കുകള്‍ ചേര്‍ന്നപ്പോള്‍ നിക്ഷേപം കൂടി. അതിനനുസരിച്ച് വായ്പ പോവുന്നില്ല. ആളുകള്‍ വായ്പയെടുക്കാതെ വന്നപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ പലിശനിരക്ക് കുറച്ചു. പ്രാഥമിക സംഘങ്ങളില്‍ നിക്ഷേപിച്ച പെന്‍ഷന്‍കാരെപ്പോലുള്ളവര്‍ക്ക് പലിശ കുറഞ്ഞത് പ്രയാസമായി. പലിശ കുറച്ചത് പ്രാഥമിക ബാങ്കുകള്‍ക്കും തിരിച്ചടിയായി. നിക്ഷേപമായി കേരള ബാങ്കില്‍ വിനിയോഗിക്കാതെ കിടക്കുന്ന പണം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികസംഘങ്ങള്‍, വനിതാ സംഘങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയ്ക്കു നല്‍കി സാമ്പത്തിക ക്രയവിക്രയത്തിന് വേഗംകൂട്ടണം.

ഇതിനെന്താണ് പരിഹാരം നിര്‍ദേശിക്കാനുള്ളത് ?

  • പ്രാഥമിക സംഘങ്ങളുടെ പലിശ നിര്‍ണയിക്കാന്‍ മാത്രമായി ഒരു കമ്മിറ്റി വേണം. ഇപ്പോള്‍ കേരള ബാങ്കാണ് പ്രാഥമിക ബാങ്കുകളുടെ പലിശ തീരുമാനിക്കുന്നത്. ഇത് അടിയന്തരമായി മാറണം.
[mbzshare]

Leave a Reply

Your email address will not be published.