വരുമോ പുതിയ കാര്‍ഷിക സംഘങ്ങള്‍?
കാര്‍ഷികമേഖലയെ പുതിയ കാലത്തിനനുസരിച്ച് മാറ്റിയെടുത്തു
വരുമാനം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കാര്‍ഷിക സ്വയംസഹായ
സഹകരണസംഘങ്ങള്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന
എ.സി. മൊയ്തീന്റെ സ്വകാര്യ ബില്ലില്‍ നിര്‍ദേശിക്കുന്ന
പല വ്യവസ്ഥകളും ഈ ലക്ഷ്യം നേടുന്നതിനു പര്യാപ്തമാണ്.
എങ്കിലും, സഹകരണമേഖലയിലെ നിലവിലെ സംവിധാനത്തെ
അത് എത്രത്തോളം ബാധിക്കുമെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
കാര്‍ഷികമേഖലയില്‍ സഹകരണമുന്നേറ്റം സാധ്യമാക്കുമെന്ന അവകാശവാദമുയര്‍ത്തി പുതിയ കാര്‍ഷിക സ്വയംസഹായ സഹകരണസംഘങ്ങള്‍ എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണു മുന്‍ സഹകരണ മന്ത്രികൂടിയായ എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇതിനായി നിയമസഭയുടെ ആറാം സമ്മേളനത്തില്‍ അദ്ദേഹം ഒരു സ്വകാര്യബില്‍ കൊണ്ടുവന്നു. ‘2022 ലെ കേരള ആധുനിക സാമൂഹിക സഹകരണ കാര്‍ഷികോല്‍പ്പന്ന സംസ്‌കരണവും വിപണനവും സുഗമമാക്കല്‍ ബില്‍’ എന്നതാണിത്.
രാജ്യത്താകെ കാര്‍ഷികമേഖലയില്‍ സഹകരണസംഘങ്ങളിലൂടെ സാമ്പത്തിക-വിപണന-സംസ്‌കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുള്ളത്. ഇത്തരം 95,000 കാര്‍ഷികസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തു പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 1625 പ്രാഥമിക ബാങ്കുകളാണു കേരളത്തിലുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയിലെ ഇടപെടല്‍ എന്നതിനുപകരം ബാങ്കിങ് പ്രവര്‍ത്തനത്തിലേക്കു മാറുന്നുവെന്ന പരാതി റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും നിരന്തരം ഉന്നയിക്കുന്ന ഘട്ടത്തിലാണ് എ.സി. മൊയ്തീന്റെ ബില്ലിന് ഏറെ പ്രാധാന്യം കൈവരുന്നത്.
സ്വകാര്യബില്‍
ഒരവകാശം
നിയമസഭയില്‍ അംഗമാകുന്ന എതു വ്യക്തിക്കും സ്വകാര്യബില്‍ അവതരിപ്പിക്കാനുള്ള അവകാശമുണ്ട്. സമൂഹത്തിന്റെ പുരോഗതിക്കു പുതിയ നിയമനിര്‍മാണം വേണമെന്ന ആവശ്യമാണ് ഇതിലൂടെ ജനപ്രതിനിധി ഉന്നയിക്കുന്നത്. മൊയ്തീന്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ് : ‘സംസ്ഥാനത്തു കാര്‍ഷികവൃത്തിയെ പരിപോഷിപ്പിക്കുന്നതിനു കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സാമൂഹിക സുരക്ഷിതത്വവും പുരോഗതിയും ഉറപ്പുവരുത്തേണ്ടതു ഒരു പുരോഗമനസമൂഹത്തിന്റെ ബാധ്യതയായതിനാലാണ് ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത്. കാര്‍ഷികവൃത്തി ആധുനികീകരിക്കുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച്, സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി ആധുനിക വിപണനരീതി അവലംബിച്ച് ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ട്. ഇതിനും മൂല്യവര്‍ധനവിലൂടെ ലഭിക്കുന്ന മിച്ചവരുമാനത്തില്‍ നിന്നു കര്‍ഷകത്തൊഴിലാളികള്‍ക്ക് അധികവേതനവും കൃഷിക്കാര്‍ക്ക് അധികവിലയും ഉറപ്പാക്കുന്നതിനും സഹകരണക്കൃഷിയിലൂടെ ചെറുകിട -ഇടത്തരം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുമാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ഇതിനൊപ്പം, കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആധുനിക കാര്‍ഷിക സംരംഭകരും ആധുനിക കാര്‍ഷിക ഫാം തൊഴിലാളികളുമായി പരിവര്‍ത്തിപ്പിക്കാനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ മറ്റു കാര്യങ്ങള്‍ക്കുവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനും യുക്തമായതിനാലാണ് ഈ ബില്‍’.
നിയമസഭയില്‍ ഒട്ടേറെ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യബില്‍ നിയമമായ കീഴ്‌വഴക്കം സംസ്ഥാനത്തില്ല. ബില്ലിലെ നിര്‍ദേശങ്ങളോട് സര്‍ക്കാരിന് അനുകൂല മനസ്സാണെങ്കില്‍ അത് ഔദ്യോഗിക ബില്ലായി കൊണ്ടുവന്നു പാസാക്കുകയാണു സാധാരണ ചെയ്യാറുള്ളത്. സ്വകാര്യബില്‍ നേരിട്ട് അംഗത്തിനുതന്നെ അവതരിപ്പിച്ച് പാസാക്കുന്നതിനു സാങ്കേതിക തടസ്സമൊന്നുമില്ല. ബില്ലവതരിപ്പിച്ചാല്‍ അതില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രി മറുപടി പറയാറുണ്ട്. ബില്‍ അവതരിപ്പിച്ച അംഗം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിലവിലെ നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് ചെയ്യാവുന്നതാണെന്നു പറഞ്ഞാണു സാധാരണ ഇതു തള്ളാറുള്ളത്. എന്നാല്‍, മൊയ്തീന്റെ ബില്ലിന് അത്തരം അവസരങ്ങളൊന്നും ഉണ്ടായില്ല. ബില്ല് അവതരണത്തിനു സമയം നിശ്ചയിച്ചിരുന്നെങ്കിലും അന്നു പ്രതിപക്ഷബഹളത്തെത്തുടര്‍ന്നു സഭ നേരത്തെ പിരിയേണ്ടിവന്നതിനാല്‍ അതു നടന്നില്ല. അതേസമയം, ഈ ബില്ലിലെ നിര്‍ദേശം പലതലത്തിലും ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല. അതുതന്നെയാണ് ആത്യന്തികമായി സ്വകാര്യബില്ലിലൂടെ അംഗങ്ങള്‍ ലക്ഷ്യമിടുന്നതും. കാര്‍ഷികമേഖലയെ പുതിയ കാലത്തിനനുസരിച്ച് മാറ്റിയെടുക്കുകയും വരുമാനം ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമായ നടപടിയാണ്. ഈ ബില്ലില്‍ നിര്‍ദേശിക്കുന്ന പല വ്യവസ്ഥകളും ആ ലക്ഷ്യം നേടുന്നതിനു പര്യാപ്തവുമാണ്. എങ്കിലും, സഹകരണ മേഖലയിലെ നിലവിലുള്ള സംവിധാനത്തെ അത് എത്രത്തോളം ബാധിക്കുമെന്നതു പരിശോധിക്കേണ്ടതുണ്ട്.
എന്താണ് കാര്‍ഷിക
സംഘങ്ങള്‍?
സഹകരണമേഖലയില്‍ സ്വാശ്രയസംഘങ്ങളുണ്ടാക്കുകയും അതിനു മുകളിലായി മൂന്നു തട്ടിലുള്ള അപക്‌സ് സംഘങ്ങളുണ്ടാക്കുകയും ചെയ്യുകയെന്നതാണ് എ.സി. മൊയ്തീന്‍ നിര്‍ദേശിക്കുന്ന പുതിയ സഹകരണസംഘത്തിന്റെ സംവിധാനം. പ്രാഥമിക സ്വയംസഹായ സംഘങ്ങള്‍, ബ്ലോക്കുതല സംഘങ്ങള്‍, മേഖലാതല സംഘങ്ങള്‍, അപക്‌സ് സംഘം എന്നിങ്ങനെയാണു ഘടന. കാര്‍ഷികമേഖലയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഒരേതരത്തിലോ വ്യത്യസ്തതരത്തിലോ ഉള്ള കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ഒരു കൂട്ടായ്മയാണു പ്രാദേശിക കാര്‍ഷിക സാമൂഹിക സഹകരണ സ്വയംസഹായ സംഘങ്ങള്‍. ഇവയെ പ്രൈമറി അഗ്രികള്‍ച്ചറല്‍ സോഷ്യല്‍ കോ- ഓപ്പറേറ്റീവ് ഗ്രൂപ്പുകള്‍ (പി.എ.എസ്.സി.ജി.) എന്നാണു വിളിക്കുന്നത്. കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ചവരും നിര്‍ദിഷ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധിവസിക്കുന്നവരോ കൃഷി നടത്തുന്നവരോ ആയ ഇരുപതില്‍ കുറയാത്തതും നാല്‍പ്പതില്‍ കൂടാത്തതുമായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചേര്‍ന്നാണു സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കേണ്ടത്. ഇങ്ങനെ രൂപവത്കരിക്കുന്നത് അതതു ബ്ലോക്ക് കാര്‍ഷിക സാമൂഹിക സഹകരണ വിപണനകേന്ദ്ര ( ബ്ലോക്കുതല സംഘം ) ത്തിന്റെ അംഗീകാരത്തോടെയും നിയന്ത്രണത്തോടെയും ആവണം.
പ്രാഥമിക സ്വാശ്രയസംഘത്തില്‍ അംഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുണ്ടാകണം. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലായിരിക്കണം അക്കൗണ്ട്. രണ്ടു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും മറ്റ് അത്യാവശ്യഘട്ടങ്ങളിലും യോഗം ചേരണം. യോഗത്തിന്റെ ക്വാറം ഇരുപതോ അംഗസംഖ്യയുടെ മൂന്നിലൊന്നോ ഏതാണോ കുറവ് അതായിരിക്കും. പ്രസിഡന്റാണ് അധ്യക്ഷത വഹിക്കേണ്ടത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റിന് അധ്യക്ഷനാവാം. പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിനും രേഖകള്‍ സൂക്ഷിക്കുന്നതിനും ഒരു ഓഫീസ് ആവശ്യമാണ്. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിയുടെ ചുമതലയിലായിരിക്കും. എല്ലാ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴും വാര്‍ഷികപൊതുയോഗം ചേരുകയും വരവുചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും വേണം. വാര്‍ഷികപൊതുയോഗത്തില്‍വെച്ച് സംഘം ഭാരവാഹികളെ തുടരാന്‍ അനുവദിക്കുകയോ പുതിയ ആളുകളെ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഓരോ സ്ഥാനത്തേക്കും ഒന്നിലധികം ആളുകളെ നാമനിര്‍ദേശം ചെയ്താല്‍ രഹസ്യബാലറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം.
വാര്‍ഷികപൊതുയോഗത്തില്‍ ബ്ലോക്കുതല സമിതിയിലെ പ്രതിനിധികള്‍ നിരീക്ഷകരായി പങ്കെടുക്കും. ഓരോ സ്വയംസഹായ സംഘത്തിന്റെയും പ്രവര്‍ത്തനപരിധിയിലെ കാര്‍ഷികവൃത്തി സ്വീകരിച്ചുവരുന്നവരുമായും സമാനസ്വഭാവമുള്ള മറ്റു സംഘങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാം. സംഘത്തിന്റെ പരിധിയില്‍ കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആധുനിക കൃഷിരീതികള്‍ അവലംബിച്ച് ഉല്‍പ്പാദനം കൂട്ടുന്നതിനും കൃഷിയിടങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും സഹകരണക്കൃഷി, കാര്‍ഷികാസൂത്രണ പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നതിനും ഈ സംഘങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. തരിശുനിലക്കൃഷി, പാട്ടക്കൃഷി, കരക്കൃഷി, വീട്ടുകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുകയും അവയ്ക്കാവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും വേണം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ മതിയായ വില നല്‍കി സംഭരിക്കണം. സംഘത്തിന്റെ കൂട്ടുകൃഷി നടത്തുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം ഓരോ അംഗത്തിനുമുണ്ട്. അംഗങ്ങളില്‍നിന്നും വായ്പ, നിക്ഷേപം എന്നിവയ്ക്കു പുറമെ ബാങ്ക്‌വായ്പ, അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ, സര്‍ക്കാര്‍വകുപ്പുകളുടെ പദ്ധതിവിഹിതം എന്നിവയും ധനസമാഹരണത്തിന് ഉപയോഗിക്കാവുന്നതാണ്.
അപക്‌സ് ഘടനയും
ചുമതലയും
ബ്ലോക്ക്-മേഖല-അപക്‌സ് സംഘങ്ങളുടെ ചുമതലയും ബില്ലില്‍ നിര്‍വചിച്ചിട്ടുണ്ട്. കാര്‍ഷിക സ്വയംസഹായ സംഘങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനും വികസനത്തിനുമായി രൂപവത്കരിക്കുന്നതാണു ബ്ലോക്കുതല കേന്ദ്രങ്ങള്‍. സംസ്ഥാന ആധുനിക കാര്‍ഷിക സാമൂഹിക സഹകരണസംഘം വിപണനകേന്ദ്രത്തിന്റെ അംഗീകാരത്തോടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമാണു ബ്ലോക്കുതല കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ ബ്ലോക്കുതല കേന്ദ്രങ്ങളാണു പ്രാഥമിക സഹകരണ സ്വാശ്രയസംഘങ്ങളുടെ രൂപവത്കരണത്തിനു സഹായം നല്‍കേണ്ടത്. സംസ്ഥാനത്തെ കാര്‍ഷികമേഖല ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിലോ പഞ്ചായത്തുകള്‍ ചേര്‍ന്ന പരിധിയിലോ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലോ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഉള്‍പ്പെടുത്തി സ്വാശ്രയ സഹകരണസംഘങ്ങളുണ്ടാക്കാന്‍ ബ്ലോക്കുകേന്ദ്രം ശ്രമിക്കണം.
സംസ്ഥാനത്തിന്റെ ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടു മുതല്‍ 12 ബ്ലോക്കുപഞ്ചായത്തുകള്‍ ചേര്‍ത്താണു മേഖലാതല സംഘത്തിനു രൂപം നല്‍കേണ്ടത്. സംസ്ഥാനത്തെ ബ്ലോക്കുതല റീജിയണുകളിലെ കാര്‍ഷിക സഹകരണസംഘങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനും വികസനത്തിനുമായാണു മേഖലാകേന്ദ്രങ്ങള്‍ ഒരുക്കേണ്ടത്. അതതു കാര്‍ഷിക സാമൂഹിക സഹകരണ സ്വയംസഹായസംഘാംഗങ്ങളുടെ വായ്പ, നിക്ഷേപം, വിവിധ ധനസഹായ സ്ഥാപനങ്ങളില്‍നിന്നു വ്യവസ്ഥാപിതമായി വാങ്ങുന്ന ഗ്രാന്റ്, വിവിധ പദ്ധതിപ്രകാരം സര്‍ക്കാരുകള്‍ നല്‍കുന്ന തുക എന്നിവയാണു ഫണ്ടായി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തു നടന്നുവരുന്ന പരമ്പരാഗത കൃഷിരീതിയും ആധുനിക കൃഷിസമ്പ്രദായവും സംയോജിപ്പിക്കുന്നതിനും കൂട്ടുകൃഷിയിലൂടെ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന കാര്‍ഷികവൃത്തിയാണു ലക്ഷ്യം. ഇതിന്റെയെല്ലാം അപക്‌സ് ബോഡിയായിരിക്കും സംസ്ഥാനതല സംഘം.
സംസ്ഥാനത്തെ വിവിധ കാര്‍ഷികമേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധതരം കാര്‍ഷികോല്‍പ്പന്നങ്ങള്‍ അതതു കൃഷിയിടങ്ങളില്‍നിന്നു കര്‍ഷകര്‍ക്കു ന്യായവില നല്‍കി സംഭരിച്ച് ബ്ലോക്കുതല -സംസ്ഥാനതല സംഭരണകേന്ദ്രങ്ങളില്‍ കേടുകൂടാതെ സൂക്ഷിക്കണം. കര്‍ഷകരില്‍നിന്നും കാര്‍ഷികകൂട്ടായ്മയില്‍നിന്നും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സംഭരിക്കുകയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിത്തീര്‍ക്കുകയും വേണം. സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകരുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും സംഭരിക്കുകയെന്നത് ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനു പ്രധാന പങ്കുവഹിക്കേണ്ടതു സ്വാശ്രയഗ്രൂപ്പുകളും ബ്ലോക്കുതല സംഘങ്ങളുമാണ്. കാര്‍ഷിക സാമൂഹിക സഹകരണ സ്വയംസഹായ സംഘങ്ങളില്‍നിന്നു ശേഖരിച്ച് സംഭരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി സമയബന്ധിതമായി വില്‍പ്പന നടത്തേണ്ടതുണ്ട്. ഇതിനാണു സംസ്ഥാനതല ഏകോപനം പ്രധാനമായും വേണ്ടിവരുന്നത്. കേരളത്തിന്റെ സാമൂഹികസാഹചര്യമനുസരിച്ച് പരമ്പരാഗതവ്യാപാരവും ഓണ്‍ലൈന്‍ ഡിജിറ്റല്‍ വ്യാപാരവും സംയോജിപ്പിക്കേണ്ടതുണ്ട്. പ്രാദേശികവും വൈദേശികവുമായ വിപണനസാധ്യത കണ്ടെത്തേണ്ടതുമുണ്ട്. വിവിധ മാര്‍ക്കറ്റിങ് ഫെഡറേഷനുകളുമായി ചേര്‍ന്നു കാര്‍ഷിക-മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കു വിപണനസൗകര്യം ഒരുക്കേണ്ട ചുമതലയാണു പ്രധാനമായും അപക്‌സ്‌സംഘം നിര്‍വഹിക്കേണ്ടത്.
എന്തുകൊണ്ട്
പുതിയ നിയമം?
ഇത്തരമൊരു സഹകരണസംവിധാനം ഒരുക്കേണ്ടതിന്റെയും അതിനായി പുതിയ നിയമനിര്‍മാണം നടത്തേണ്ടതിന്റെയും ആവശ്യങ്ങള്‍ ബില്ലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ഷകരുടെയും തൊഴിലാളികളുടെയും രക്ഷയ്ക്ക് അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നതാണ് അതിന്റെ സംക്ഷിപ്തം. അത്തരമൊരു ഇടപെടലിനു സഹകരണമേഖലയാണ് ഏറ്റവും ഉചിതമായത്. സഹകരണ-സ്വാശ്രയ പരീക്ഷണം കാര്‍ഷികമേഖലയില്‍ വലിയ പരിഷ്‌കരണത്തിനു വഴിയൊരുക്കുമെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാനവര്‍ധനവുണ്ടാക്കുമെന്നും കൃഷിയുടെ വ്യാപനമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് ഇതില്‍ പങ്കുവെക്കുന്നത്. ഇതു ബില്ലില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘രാജ്യത്തെ കാര്‍ഷികമേഖല വിവിധങ്ങളായ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പ്രതികൂല പരിതസ്ഥിതികളെ മറികടന്നു കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാത്തതിനാല്‍ കര്‍ഷകആത്മഹത്യകള്‍ പെരുകുകയും കാര്‍ഷികജനതയുടെ ജീവിതം ദൈനംദിനം കൂടുതല്‍ പ്രതിസന്ധികളെ നേരിടുകയുമാണ്. ലോകവ്യാപകമായ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത ഉപഭോക്തൃഉല്‍പ്പന്നങ്ങളുടെ മൂല്യത്തിന്റെ കേവലം പത്തു ശതമാനത്തില്‍ താഴെമാത്രമാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത് എന്നാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു ന്യായവില ലഭ്യമാക്കി ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനുമുള്ള കേന്ദ്രീകൃതവും ആധുനികവുമായ സംഭരണകേന്ദ്രങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും അവയ്ക്കു പ്രാദേശികവും വൈദേശികവുമായ വിപണി കണ്ടെത്തി അതുവഴിയുണ്ടാകുന്ന മിച്ചവരുമാനം കര്‍ഷകത്തൊഴിലാളികള്‍ക്ക് അധികവേതനവും കര്‍ഷകര്‍ക്ക് അധികവിലയുമായി മാറ്റി കാര്‍ഷികജനതതയെ സംരക്ഷിക്കേണ്ടതും പുരോഗതിയിലേക്കു നയിക്കേണ്ടതും പുരോഗമനസമൂഹത്തിന്റെ ബാധ്യതയാണ്. കര്‍ഷകക്കൂട്ടായ്മയിലൂടെ ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികള്‍ സംയോജിപ്പിച്ച് ഗുണമേന്മയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും ഉല്‍പ്പാദനത്തോതും കൃഷിഭൂമിയുടെ വ്യാപ്തിയും വര്‍ധിപ്പിക്കാനും അതതു കാര്‍ഷിക സ്വയംസഹായസംഘങ്ങളുടെ കൂട്ടുകൃഷി പരിപോഷിപ്പിക്കാനും അവരുടെ ഉല്‍പ്പന്നത്തിനു ന്യായവില ഉറപ്പാക്കാനും വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ കൈമാറ്റത്തിലൂടെ പ്രാദേശിക വിപണിസൗകര്യം മെച്ചപ്പെടുത്താനും തൊഴില്‍ മേഖലയിലുണ്ടാകുന്ന അപകടങ്ങളും ജീവാപായങ്ങളും ഒഴിവാക്കാനും അവരുടെ കുടുംബത്തിനു സാമ്പത്തികഭദ്രത നല്‍കാനും വന്യമൃഗങ്ങളുടെ അതിക്രമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കീടബാധ, വിളനാശം എന്നിവക്കു നഷ്ടപരിഹാരവും കര്‍ഷകര്‍ക്കും കൃഷിക്കും ഇന്‍ഷ്വറന്‍സ് സുരക്ഷയും ഉറപ്പാക്കേണ്ടതാണ്. ഈ ബില്ല് പൂര്‍ണമായും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സമ്പൂര്‍ണ അധികാരാവകാശങ്ങളോടെയാണു വിഭാവന ചെയ്തിരിക്കുന്നത്’.
സഹകരണരംഗത്ത്
ഉണ്ടാക്കുന്ന മാറ്റം
ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടും ശ്ലാഘനീയമാണെന്നു പറയാതിരിക്കാനാവില്ല. അതേസമയം, നിലവില്‍ സഹകരണമേഖല നേരിടുന്ന പ്രതിസന്ധിക്ക് ഈ പരിഷ്‌കാരം ഗുണകരമാകുമോയെന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നതാകും പുതിയ കാര്‍ഷിക സ്വാശ്രയസംഘങ്ങളുടെയും അവയ്ക്കു പ്രത്യേകമായി രൂപപ്പെടുത്തുന്ന സഹകരണഘടനയുടേയും പിറവി. സ്വാശ്രയസംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ ഇടപെടണമെന്നതു പുതിയ കാലത്ത് എല്ലാ ഏജന്‍സികളും ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. ഇതിന്റെ മറ്റൊരു രൂപമാണു കര്‍ഷക ഉല്‍പ്പാദന സംഘടന ( എഫ്.പി.ഒ ). പതിനായിരം എഫ്.പി.ഒ.കള്‍ രാജ്യത്തു രൂപവത്കരിക്കാനുള്ള ദൗത്യത്തിലാണു നബാര്‍ഡ്. കേരളത്തിലും ഇതിനകം പലതും രൂപംകൊണ്ടിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ സ്വാശ്രയഗ്രൂപ്പുകള്‍ എന്ന ആശയമാണു ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ – എന്‍.സി.ഡി.സി.) മുന്നോട്ടുവെക്കുന്നത്. ഒരു സംഘത്തിനു കീഴില്‍ അവയുടെ സാമ്പത്തികസഹായത്തോടെ ചെറുസംരംഭങ്ങളുണ്ടാക്കാന്‍ ഇത്തരം സ്വാശ്രയഗ്രൂപ്പുകള്‍ക്കു കഴിയും. ഇങ്ങനെ ചെയ്താല്‍ പ്രാദേശികസ്വാഭാവത്തിനും ആവശ്യത്തിനുമനുസരിച്ചുള്ള സംരംഭങ്ങളുണ്ടാകുകയും അതു തൊഴിലവസരത്തിനും കര്‍ഷകരടക്കമുള്ളവരുടെ വരുമാനവര്‍ധനവിനും വഴിയൊരുക്കുമെന്നാണ് എന്‍.സി.ഡി.സി. ചൂണ്ടിക്കാട്ടുന്നത്.
ഈ രീതിയിലേക്കുള്ള ഒരു ചിന്തയും കേരളത്തില്‍ കാര്യമായി ഉണ്ടായിട്ടില്ലെന്നതാണു പ്രശ്‌നം. കാര്‍ഷികവായ്പാ സഹകരണസംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ് ഈ ദൗത്യം ഏറ്റെടുക്കാനാകുന്നത്. ചില പ്രാഥമിക ബാങ്കുള്‍ സ്വന്തംനിലയില്‍ അവയ്ക്കാവുന്ന സംരംഭങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനതലത്തില്‍ പ്രാദേശിക കാര്‍ഷിക-സംസ്‌കരണ-മൂല്യവര്‍ധിത സംരംഭങ്ങള്‍ ഇത്തരത്തിലുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കോ-ഓപ് മാര്‍ട്ട് അത്തരമൊരു കാഴ്ചപ്പാടാണു മുന്നോട്ടുവെച്ചിരുന്നതെങ്കിലും നടത്തിപ്പിലെ വീഴ്ച കാരണം അതു പാതിവഴിയില്‍ മരവിച്ചുനില്‍ക്കുകയാണ്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്ന നിലയിലേക്കു മാറ്റണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള പദ്ധതികളും സാമ്പത്തികസഹായവുമാണു നബാര്‍ഡ് നിര്‍വഹിക്കുന്നത്. കേന്ദ്രം നിര്‍ദേശിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്ന ആശയത്തിന്റെ പരിധിയിലുള്ളതാണ് എ.സി. മൊയ്തീന്‍ സ്വകാര്യ ബില്ലില്‍ ചൂണ്ടിക്കാട്ടിയ കാര്‍ഷിക-അനുബന്ധ സംരംഭങ്ങളും വിപണനവും. മാത്രമല്ല, കാര്‍ഷികമേഖലയിലുള്ള ഇടപെടലാണു കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ പ്രധാനലക്ഷ്യം. കാര്‍ഷിക മേഖലയ്ക്കു പ്രത്യേകമായി ഒരു സ്വാശ്രയ സഹകരണഘടന രൂപപ്പെടുത്തുമ്പോള്‍ പുറത്താകുന്നതു നിലവിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാകും. ഇവയെ ബാങ്കായി മാറ്റാനുള്ള ശ്രമങ്ങളും വിജയിക്കാനിടയില്ല. കേരള ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലേക്കു പ്രാഥമിക ബാങ്കുകളെ മാറ്റാനുള്ള ആസൂത്രണമാണു കേന്ദ്ര-സംസ്ഥാന തലത്തില്‍ നടക്കുന്നത്. ഇതു രണ്ടും നടപ്പാകുന്നതോടെ നിലവിലെ സഹകരണമേഖലയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാഥമിക ബാങ്കിങ് സംവിധാനം ദുര്‍ബലമാകും.