രജിസ്ട്രാറുടെ അധികാരം: പട്ടവും മുണ്ടശ്ശേരിയും നേര്‍ക്കുനേര്‍

- ബിജു പരവത്ത്

ഒന്നാം കേരളനിയമസഭയുടെ ( 1957-59 ) കാലത്തു സംസ്ഥാനത്തെ
സാമൂഹികമാറ്റത്തെ ത്വരിതപ്പെടുത്തിയ ഒട്ടനവധി നിയമ നിര്‍മാണങ്ങള്‍
നടത്തുകയുണ്ടായി. കേരളരാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍
സൃഷ്ടിച്ച കേരള വിദ്യാഭ്യാസ നിയമവും കേരള കാര്‍ഷികബന്ധ
നിയമവും ഇവയില്‍ പ്രധാനമാണ്. 65 വര്‍ഷം മുമ്പുള്ള
നിയമസഭാ രേഖകള്‍ പരിശോധിച്ച് തയാറാക്കിയതാണ്
ഈ ലേഖനം.

 

ഒന്നാം കേരള നിയമസഭ ചരിത്രത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, രാഷ്ട്രീയത്തിന്റെ, സാമൂഹിക മാറ്റത്തിന്റെ, കേരളം രൂപപ്പെടുത്തിയ നിയമനിര്‍മാണങ്ങളുടെയൊക്കെ അടിക്കല്ലും ആ സഭയിലാണ്. കേരളം രൂപപ്പെട്ടശേഷം വന്ന ആദ്യസര്‍ക്കാര്‍, ബാലറ്റിലൂടെ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ – ഇങ്ങനെ ഒരുപാട് പ്രത്യേകതകള്‍ അതിനുണ്ട്.

ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ധിഷണാശാലികളായ നേതാക്കളാണു മന്ത്രിമാരായി ഉണ്ടായിരുന്നത്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, വി.ആര്‍. കൃഷ്ണയ്യര്‍ എന്നിങ്ങനെയുള്ളവര്‍ രാഷ്ട്രീയബോധ്യവും രാഷ്ട്രീയേതര പാണ്ഡിത്യവുംകൊണ്ട് ആദരണീയരായ വ്യക്തികളായിരുന്നു. 1957 മുതല്‍ 1959 വരെയാണ് ഒന്നാം നിയമസഭയുടെ കാലം. ഭാവികേരളത്തെ മാറ്റിയെടുത്ത പുരോഗമനപരമായ നിയമനിര്‍മാണത്തിനു വേദിയായ സഭ എന്നാണ് ഇക്കാലത്തെ വിശേഷിപ്പിക്കാറുള്ളത്.

 

ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കേരളത്തിലെ സാമൂഹികമാറ്റത്തെ ത്വരിതപ്പെടുത്തിയ ഒട്ടനവധി നിയമനിര്‍മാണങ്ങള്‍ ഒന്നാംസഭയുടെ കാലത്തുണ്ടായി. കേരളരാഷ്ട്രീയത്തില്‍ നിര്‍ണായകചലനങ്ങള്‍ സൃഷ്ടിച്ച കേരള വിദ്യാഭ്യാസ നിയമവും കേരള കാര്‍ഷികബന്ധ നിയമവും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. 1959 ലാണു കാര്‍ഷിക ബന്ധബില്‍ സഭ പാസാക്കുന്നത്. അതു രാഷ്ട്രപതിക്ക് അയച്ചെങ്കിലും ഭരണഘടനയുടെ 201-ാം അനുച്ഛേദമനുസരിച്ച് തിരിച്ചയച്ചു. 1959 ജുലായ് 31 നാണു കേരളസര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടത്. പിന്നീട് കേരളം രാഷ്ട്രപതിഭരണത്തിലായി. 1960 ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഫെബ്രുവരി 22 നു കോണ്‍ഗ്രസ്, പി.എസ്.പി., മുസ്ലീം ലീഗ് എന്നീ കക്ഷികളടങ്ങിയ മുന്നണി അധികാരമേറ്റു. കാര്‍ഷികബന്ധ ബില്‍ സഭ വീണ്ടും പരിഗണിക്കുകയും 1960 ഒക്ടോബര്‍ 15 നു വീണ്ടും പാസാക്കുകയും 1961 ജനുവരി 21 നു രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് നിയമമാവുകയും ചെയ്തു.

തിരു-കൊച്ചി സംസ്ഥാനത്തും മലബാര്‍ പ്രദേശത്തും നിലവിലിരുന്ന നിയമങ്ങളുടെ സ്ഥാനത്തു കേരള സംസ്ഥാനത്തിനു മുഴുവനായി ഏകീകൃത നിയമങ്ങള്‍ നടപ്പാക്കുകയെന്ന ശ്രമകരമായ ദൗത്യം ആദ്യകാല നിയമസഭകളുടെ ചുമതലയായി മാറി. ഒന്നാം നിയമസഭയുടെ കാലയളവില്‍ 88 നിയമങ്ങള്‍ പാസാക്കി. അവയില്‍ 38 ഒറിജിനല്‍ നിയമങ്ങളും 40 ഭേദഗതി നിയമങ്ങളും 10 ധനവിനിയോഗ നിയമങ്ങളും ഉള്‍പ്പെടുന്നു. ഇതൊക്കെയാണെങ്കിലും, കേരളത്തിന്റെ സഹകരണ ചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരിക്കലും 1957 ലെ സര്‍ക്കാരോ ആ സഭയോ കാര്യമായി ഇടംപിടിച്ചിട്ടില്ല. പക്ഷേ, വലിയ വലിയ ചര്‍ച്ചകള്‍ക്കിടയില്‍ മുങ്ങിപ്പോയ സഹകരണ പരിവര്‍ത്തനത്തിന്റെ ചുവട് ആ സഭാകാലത്തുണ്ടായിരുന്നു.

1957 ലെ സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയായിരുന്നു സഹകരണ വകുപ്പിന്റെയും മന്ത്രി. വിദ്യാഭ്യാസം മാത്രമല്ല സഹകരണവും സാമൂഹികപരിവര്‍ത്തനത്തിനുള്ളതാണെന്ന കാഴ്ചപ്പാടാണു മുണ്ടശ്ശേരി പുലര്‍ത്തിയിരുന്നത് എന്നതിനു സഭാരേഖകളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തെളിവാണ്. മറുപക്ഷത്തു പട്ടം താണുപ്പിള്ളയെപ്പോലുള്ളവരുടെ ചോദ്യങ്ങള്‍ സഭയിലെ സഹകരണചര്‍ച്ചകള്‍ക്കു ചൂടുപകര്‍ന്നു. വാഗ്വാദങ്ങളായിരുന്നില്ല ഇവയൊന്നും. കെ. ഭാര്‍ഗവന്‍, ഇ. ചന്ദ്രശേഖരന്‍നായര്‍, എന്‍. നീലകണ്ഠരു പണ്ടാരത്തില്‍, കെ.പി.ആര്‍. ഗോപാലന്‍ എന്നിവരൊക്കെ തിരിച്ചും മറിച്ചും സഹകരണത്തില്‍ വാദമുഖം ഉയര്‍ത്തിയവരായിരുന്നു.

പട്ടത്തിന്റെ
എതിര്‍പ്പ്

1958 ഡിസംബര്‍ 13. സഹകരണനിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താനുള്ള ബില്ല് മുണ്ടശ്ശേരി സഭയില്‍ അവതരിപ്പിച്ചിരുന്നു. അതു സെലക്ട് കമ്മിറ്റിക്കു വിടാതെ പാസാക്കണമെന്നതായിരുന്നു മുണ്ടശ്ശേരിയുടെ ആവശ്യം. കേരളം രൂപമെടുത്തു വര്‍ഷം രണ്ടു കഴിഞ്ഞെങ്കിലും സംസ്ഥാനത്തിനു സ്വന്തമായ ഒരു സഹകരണനിയമം ആ ഘട്ടത്തിലുണ്ടായിരുന്നില്ല. 1951 ലെ തിരു-കൊച്ചി സഹകരണനിയമവും മലബാര്‍ മേഖലയില്‍ 1932 ലെ മദ്രാസ് സഹകരണനിയമവുമാണു നിലവിലുണ്ടായിരുന്നത്. തിരു-കൊച്ചി നിയമമാണു കേരള സഹകരണ നിയമമായി പരിഗണിച്ചിരുന്നത്. മറ്റേതു മലബാറിനുമാത്രം ബാധകമാകുന്നതും തമിഴ്‌നാട് പാസാക്കിയ നിയമവുമാണ്. ദുര്‍ബലമായ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനു രണ്ടോ അതിലധികമോ സംഘങ്ങളെ ഒറ്റ സംഘമാക്കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തുന്നതായിരുന്നു പ്രധാന ഭേദഗതി. ‘ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് (അമന്റ്‌മെന്റ് ) ബില്‍’ 1958 എന്ന പേരിലാണ് ഇതവതരിപ്പിച്ചത്. അതായത്, ആറരപ്പതിറ്റാണ്ടിനുശേഷം കേരള ബാങ്ക് രൂപവത്കരിക്കാന്‍ കേരള സഹകരണനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയും ഏറെക്കുറെ ഇതിനു സമാനമാണ്. ഇതു മാത്രമായിരുന്നില്ല ഭേദഗതി. ഒരു സംഘത്തില്‍ അംഗമാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായാല്‍ അപ്പീല്‍ അതോറിറ്റിയായി രജിസ്ട്രാറെ നിശ്ചയിക്കുന്നതിനും ഇതില്‍ വ്യവസ്ഥയുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെല്ലാം നടപ്പാക്കിയതും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തണമെന്നു നിര്‍ദേശിച്ചതുമായ കാര്യങ്ങളാണ് ഈ ബില്ലിലുള്ളത് എന്നായിരുന്നു മുണ്ടശ്ശേരിയുടെ വിശദീകരണം. അതിനാല്‍, സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് വീണ്ടും സഭയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും നേരിട്ട് പാസാക്കണമെന്നും മുണ്ടശ്ശേരി പറഞ്ഞു.

അധ്യാപകനായിരുന്നപ്പോള്‍ അര്‍ഹമായ അവകാശം നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കലഹിച്ചിറങ്ങി നിയമം പഠിച്ചയാളാണു മുണ്ടശ്ശേരിയെ എതിരിടാന്‍ മറുപക്ഷത്തുണ്ടായിരുന്നത് – സാക്ഷാല്‍ പട്ടം താണുപ്പിള്ള. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നിങ്ങനെ ജനപ്രതിനിധിയുടെ എല്ലാ ഘട്ടവും പരിശീലിച്ചാണ് അദ്ദേഹം ആദ്യകേരള നിയമസഭയില്‍ എത്തിയത്. തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്റെ നേതാവായിരിക്കെ, അവരോട് കലഹിച്ചിറങ്ങിയാണു പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായത്. പി.എസ്.പി. പ്രതിനിധിയായിട്ടാണു കേരളനിയമസഭയിലും അദ്ദേഹം അംഗമായത്. ( കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും പട്ടം താണുപ്പിള്ളയാണ്. പട്ടം പഞ്ചാബ് ഗവര്‍ണറായി നിയമിതനായപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭ 1962 സെപ്റ്റംബര്‍ 26 നു രാജിവെച്ചു. പിന്നീട് കോണ്‍ഗ്രസ്സിലെ ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു ).

മുണ്ടശ്ശേരിയുടെ വാദത്തെ പട്ടം എതിര്‍ത്തു. ‘നിയമത്തിലെ മാറ്റം ചെറുതോ വലുതോ എന്നതല്ല, അതു ജനങ്ങളെ ബാധിക്കുന്നതാണ് എന്നതാണു കാണേണ്ടത്. അതിനാല്‍, സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷമാകണം ബില്ല് പാസാക്കേണ്ടത്’ – പട്ടം വാദിച്ചു. ഇത് എല്ലാ സഭാസമ്മേളനത്തിലും കാണുന്ന രീതിതന്നെയാണ്. ഭരണപക്ഷം കൊണ്ടുവരുന്ന ബില്ലിനെ ഇഴകീറി പരിശോധിച്ച് എതിര്‍ത്ത്, ഇത്തിരി രാഷ്ട്രീയം ചേര്‍ത്ത് അവതരിപ്പിക്കുന്നതാണ് അന്നും ഇന്നും രീതി. പക്ഷേ, അന്നത്തെ മുണ്ടശ്ശേരി – പട്ടം വാദങ്ങളില്‍ കേരളത്തിന് അന്നും ഇന്നും ബാധകമായ ചില കാര്യങ്ങളുണ്ടായിരുന്നു എന്നതാണു ആ സംവാദത്തെ ശ്രദ്ധേയമാക്കുന്നത്.

എല്ലാറ്റിനും അധിപന്‍
രജിസ്ട്രാറോ ?

ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടണം എന്നു ‘ ബില്ലുകളുടെ അവതരണവും അനന്തരഘട്ടങ്ങളും’ എന്ന സഭാചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയശേഷമാണു പട്ടം താണുപ്പിള്ള ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. ‘ഒരു സംഘത്തില്‍ അതില്‍ അംഗമല്ലാത്ത ഒരാളെ അംഗമാക്കാനുള്ള അധികാരം രജിസ്ട്രാറില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ബില്ലിലെ ഒരു വ്യവസ്ഥ. രജിസ്ട്രാര്‍ അങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ സംഘത്തെയോ അതിന്റെ ഭരണസമിതിയേയോ പരിഗണിക്കുന്നില്ല. ഇതു സഹകരണതത്വത്തിനുതന്നെ എതിരാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അംഗമാകാനാഗ്രഹിക്കുന്ന വ്യക്തി ആ സംഘം ഉള്‍പ്പെടുന്ന പ്രദേശത്താണു താമസിക്കുന്നതെങ്കില്‍ അവരെ അംഗമാക്കാം. അല്ലാതെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ രജിസ്ട്രാര്‍ ഇടപെടുന്നതു ശരിയല്ല. അഞ്ചോ പത്തോ അംഗങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നിടത്തു പുതിയ അഞ്ചോ പത്തോ അംഗങ്ങള്‍ പൊടുന്നനെ വരുന്നതു പ്രശ്‌നങ്ങളുണ്ടാക്കും. രജിസ്ട്രാറാണ് എല്ലാറ്റിനും അധിപന്‍ എന്നു മന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ ഈ പ്രശ്‌നങ്ങളാണു വരാനിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇത്തരം പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിക്കാര്‍ സംഘങ്ങളില്‍ ഇടപെടുകയാണ്. പരസ്പരാശ്രയമാണു സഹകരണം. അല്ലാതെ അവരില്‍ എന്തെങ്കിലും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കലല്ല. ഇനി രണ്ടാമത്തെ കാര്യം രണ്ടു സംഘങ്ങളെ രജിസ്ട്രാര്‍ക്കു നിര്‍ബന്ധപൂര്‍വം ലയിപ്പിക്കാമെന്ന വ്യവസ്ഥ സംബന്ധിച്ചാണ്. അതിലെ അംഗങ്ങള്‍, നിക്ഷേപകര്‍ എന്നിവര്‍ എതിര്‍ത്താല്‍ എതിര്‍ക്കുന്നവരെ പുറത്താക്കി ലയിപ്പിക്കാന്‍ തീരുമാനിക്കുന്നതാണു വ്യവസ്ഥ. ഒരാള്‍ സംഘത്തില്‍ പണം നിക്ഷേപിക്കുന്നത് അവിടെയുള്ള അംഗങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ്. ആ അംഗങ്ങളെയാണു മാറ്റിനിര്‍ത്തുന്നത.് ആ വിശ്വാസമാണ് ഇല്ലാതാകുന്നത്’ – പട്ടം വാദിച്ചു.

പട്ടം സംസാരിക്കുന്നതിനിടയില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ ഇടപെട്ടു. ഏതു സംഘത്തിലും ആളുകളെ ചേര്‍ക്കുന്നതിനു നിലവില്‍ത്തന്നെ വിരോധമില്ലല്ലോ. അതുകൊണ്ട്, ബില്ല് പാസായാലും അതിനു തടസ്സമുണ്ടാവില്ലല്ലോ- ഇതായിരുന്നു ചന്ദ്രശേഖരന്‍നായരുടെ ചോദ്യം. സംഘത്തിലുള്ളവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനാവില്ല. പക്ഷേ, രജിസ്ട്രാര്‍ക്ക് അതിന് അധികാരം നല്‍കുന്നതാണു ബില്ലിലെ വ്യവസ്ഥ. അതാണു തര്‍ക്കവും- പട്ടം മറുപടി നല്‍കി. കമ്യൂണിസ്റ്റുകാരുടെ ഒരു സംഘടനയായി സഹകരണ സംഘത്തെ മാറ്റുന്നുവെന്നാണ് ഇപ്പോള്‍ത്തന്നെയുള്ള പ്രശ്‌നം എന്നുകൂടി പട്ടം പറഞ്ഞപ്പോള്‍ എന്‍. നീലകണ്ഠരു പണ്ടാരത്തില്‍ എഴുന്നേറ്റു. ( നെടുമങ്ങാട് നിന്നുള്ള അംഗമാണ് അദ്ദേഹം ). നെയ്യാറ്റിന്‍കര കോ-ഓപ്പറേറ്റീവ് ബാങ്കിലും തിരുവനന്തപുരം അര്‍ബന്‍ ബാങ്കിലും തകരാറുണ്ടായതു കമ്യൂണിസ്റ്റുകാരുണ്ടായിട്ടാണോ എന്നായിരുന്നു നീലകണ്ഠരുവിന്റെ ചോദ്യം. കമ്യൂണിസ്റ്റുകാരില്ലാത്തിടത്തൊക്കെ നന്നായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നല്ല കമ്യൂണിസ്റ്റുകാരുള്ളിടത്തൊക്കെ ഭംഗിയായിട്ടല്ല കാര്യങ്ങള്‍ നടക്കുന്നതെന്നാണു താന്‍ പറഞ്ഞത് എന്നായി പട്ടം. ഇതിനിടയില്‍ കെ.പി.ആര്‍. ഗോപാലനും കെ. ഭാര്‍ഗവനുമെല്ലാം പട്ടത്തെ നേരിടാനെത്തി. പറയാന്‍ എഴുന്നേറ്റവര്‍ക്കൊക്കെ അതിനു വഴങ്ങി, നിയമജ്ഞനായ നിയമസഭാംഗമായും തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനുമായുംപട്ടം സഭയില്‍ വാദം നിരത്തി.

മുണ്ടശ്ശേരിയുടെ
സമര്‍ഥമായ മറുപടി

സഹകരണ നിയമത്തിലെ രണ്ടു ഭേദഗതികള്‍ക്കു രസംപിടിപ്പിച്ച വാദപ്രതിവാദമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന ആമുഖത്തോടെയാണു മുണ്ടശ്ശേരി മറുപടി പറഞ്ഞുതുടങ്ങിയത്. എന്തുകൊണ്ട് ഈ ഭേദഗതികള്‍ വരുത്തുന്നുവെന്നതും അതു സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് വീണ്ടും സഭയില്‍ കൊണ്ടുവരേണ്ട കാര്യമില്ല എന്നതും സമര്‍ഥമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒപ്പം, രാഷ്ട്രീയാരോപണങ്ങള്‍ക്കു രാഷ്ട്രീയമായ മറുപടി സഹകാരിയുടെ ചാതുര്യത്തിലാണ് അദ്ദേഹം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. ‘ സര്‍ക്കാര്‍ കല്‍പ്പിച്ചുകൂട്ടി കൊണ്ടുവന്നിട്ടുള്ള രണ്ടു ഭേദഗതികളല്ല ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അമാല്‍ഗമേഷനെ (ഒന്നിച്ചുചേര്‍ക്കല്‍) സംബന്ധിച്ച് 1956 ല്‍ മദ്രാസില്‍ പാസാക്കിയ ഭേദഗതിയാണ്. ആ ഭേദഗതി അതേവാചകത്തില്‍ത്തന്നെ ഇവിടെ ഉള്‍ക്കൊള്ളിക്കുകയാണു ചെയ്തത്.’- ആദ്യഭേദഗതിയുടെ കാര്യവും കാരണവും രണ്ടുവരിയില്‍ത്തന്നെ മുണ്ടശ്ശേരി പറഞ്ഞുതീര്‍ത്തു. എന്നാല്‍, സംഘങ്ങളെ നിര്‍ബന്ധമായി ഒന്നിച്ചുചേര്‍ക്കാനുള്ള അധികാരം രജിസ്ട്രാര്‍ക്കു നല്‍കുന്നതു കമ്യൂണിസ്റ്റുകാര്‍ക്കു സംഘം പിടിക്കാനുള്ള വഴിയാണെന്നു പട്ടം താണുപിള്ള പരോക്ഷമായി പറഞ്ഞുവെക്കുന്നുണ്ട്. ഇതിനുള്ള മറുപടി പരോക്ഷമായിത്തന്നെ മുണ്ടശ്ശേരിയും നല്‍കുന്നു. ‘ മദ്രാസില്‍ ഈ നിയമഭേദഗതി പാസാക്കുമ്പോള്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ല. അവിടെ കമ്യൂണിസ്റ്റ്മുന്നേറ്റം ഇല്ലാത്തതുകൊണ്ടാകാം എതിര്‍പ്പില്ലാതിരുന്നത്’- ഇതായിരുന്നു മുണ്ടശ്ശേരിയുടെ കുത്ത്. ഈ ഭേദഗതി മറ്റു ചില സംസ്ഥാനങ്ങളും പാസാക്കിയതായി അറിയാം. ഈ ഭേദഗതിയില്‍ അടങ്ങിയിരിക്കുന്ന തത്വം കേന്ദ്രസര്‍ക്കാരും ദേശീയ സഹകരണ യൂണിയനും കാലേക്കൂട്ടി അംഗീകരിച്ചതാണ്. അത്ര അപാകമുള്ള ഭേദഗതിയാണ് ഇതെന്ന് എനിക്കു തോന്നുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി രണ്ടാമത്തെ ഭേദഗതിയെക്കുറിച്ചുള്ള മുണ്ടശ്ശേരിയുടെ മറുപടിയാണ്. ‘അംഗത്വത്തിന് അപേക്ഷിച്ചാല്‍ ഒരു കാരണവും പറയാതെ ഉപേക്ഷിക്കുന്നപക്ഷം ആ അപേക്ഷകനു രജിസ്ട്രാറെ സമീപിച്ച് അപ്പീല്‍ ബോധിപ്പിക്കാം എന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥ ഇന്ത്യാഗവണ്‍മെന്റ് സര്‍ക്കുലേറ്റ് ചെയ്തിട്ടുള്ള മോഡല്‍ആക്ടില്‍ ഉള്‍പ്പെട്ടതാണ്. ഇതും ആപല്‍കരമായ ഒരു സംഗതിയാണെന്നു പറഞ്ഞുകൂടാ. സഹകരണനിയമമനുസരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരമാധികാരി രജിസ്ട്രാറാണ്. അംഗവും സംഘവും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അവസാന തീരുമാനമെടുക്കേണ്ടതു രജിസ്ട്രാറാണ്. മുമ്പും അങ്ങനെത്തന്നെയാണ്. ഇതു പുത്തനായിട്ടുള്ള ഏര്‍പ്പാടൊന്നുമല്ല. അതുകൊണ്ടാണ് അംഗത്വത്തിനുവേണ്ടി രജിസ്ട്രാറുടെ അടുക്കല്‍ അപ്പീല്‍ ബോധിപ്പിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. അതു കേന്ദ്രസര്‍ക്കാര്‍ മോഡല്‍ആക്ടില്‍ ഉള്‍ക്കൊള്ളിച്ച വ്യവസ്ഥയാണ്. അത് ഇവിടെയും കൊണ്ടുവന്നു എന്നല്ലാതെ ആക്ഷേപത്തിനു വകയൊന്നുമില്ല. ഇവിടുത്തെ നിയമത്തെ സംബന്ധിച്ച് വേറൊരു വിശേഷം കൂടിയുണ്ട്. അംഗത്വത്തിന് ആരെങ്കിലും അപേക്ഷിച്ചാല്‍ അതു സ്വീകരിച്ചേ തീരൂ എന്നു നിയമത്തിലോ ചട്ടത്തിലോ വ്യവസ്ഥയില്ല. വര്‍ക്കിങ് കമ്മിറ്റിക്ക് ഇഷ്ടമുണ്ടെങ്കില്‍ അംഗമാക്കാം. ഇല്ലെങ്കില്‍ ആക്കില്ല. ഇതാണു പതിവ്. കമ്മിറ്റിക്ക് അപേക്ഷ തള്ളുകയോ തള്ളാതിരിക്കുകയോ ചെയ്യാം. ബൈലോയിലെ വ്യവസ്ഥയാണിത്. നിയമത്തിലോ ചട്ടത്തിലോ ഉള്ളതല്ല. 1952 ലെ സഹകരണ നിയമവും ചട്ടവുമാണ് ഇന്നു നിലവിലുള്ളത്. ചട്ടങ്ങളുടെ കൂട്ടത്തില്‍ കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ ഇങ്ങനെ അപ്പീലധികാരം നല്‍കിയിട്ടുണ്ട്’.

മറുപടിയുടെ രണ്ടാംഭാഗമായി മുണ്ടശ്ശേരി പറയുന്ന വാക്കുകള്‍ ദീര്‍ഘവീക്ഷണമുള്ള ഒരു സഹകാരിയുടെതായിരുന്നു. വായ്പാസംഘങ്ങളെ മാത്രം അടിസ്ഥാനമാക്കി സഹകരണമേഖലയില്‍ നയം രൂപവത്കരിക്കുന്നതു ഗുണകരമായ രീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഉല്‍പ്പാദനമേഖലയില്‍ കൂടുതല്‍ സഹകരണ സംഘങ്ങളുണ്ടാകുമ്പോഴാണു സാമൂഹിക മുന്നേറ്റം സാധ്യമാവുക എന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞുവെക്കുന്നുണ്ട്. കര്‍ഷകനും തൊഴിലാളികളും അധികാരത്തിന്റെയും സാങ്കേതിക കാര്യങ്ങളുടെയും പിന്നാലെ മെനക്കെടാന്‍ ഒരുങ്ങാത്തവരാണ്. അതിനാല്‍, അവരെ സംഘങ്ങളുടെ ഭാഗമാക്കണമെങ്കില്‍ ഔദ്യോഗിക സംവിധാനത്തിന്റെ ബോധപൂര്‍വമായ ഇടപെടല്‍ വേണ്ടിവരും. ആ രീതിയിലാണു സംഘങ്ങളില്‍ അംഗത്വം നിഷേധിക്കപ്പെട്ടാല്‍ അതു തിരുത്താനുള്ള അധികാരം രജിസ്ട്രാര്‍ക്കു നല്‍കുന്ന ഭേദഗതിയെ അദ്ദേഹം വ്യാഖ്യാനിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ‘ഇന്ന് ഇത്തരത്തില്‍ ഒരു ഭേദഗതി നിയമത്തില്‍ കൊണ്ടുവരാനുള്ള കാരണം നിയമം പാസാക്കിയ ഘട്ടത്തില്‍ ഉല്‍പ്പാദനമേഖലയില്‍ പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല എന്നതിനാലാണ്. ക്രെഡിറ്റ് സൊസൈറ്റികള്‍ മാത്രമേ അന്നു നടന്നിരുന്നുള്ളൂ. തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഉല്‍പ്പാദനമേഖലകളിലെ പ്രവര്‍ത്തനം പഞ്ചവത്സര പദ്ധതി നടപ്പില്‍വന്ന ശേഷവും അതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതിനുശേഷവുമാണു തുടങ്ങിയിട്ടുള്ളത്. ഉല്‍പ്പാദനമേഖലകള്‍ സൃഷ്ടിച്ച് അവിടെ കൃഷിക്കാരെ പ്രത്യേകം സംഘടിപ്പിച്ച് സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെയും പ്ലാനിങ് കമ്മീഷന്റെയും നിര്‍ദേശം. ഈ സംഘങ്ങളില്‍ അംഗത്വത്തിന് അപേക്ഷിക്കുന്ന ഏതു കര്‍ഷകനെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഒരു സംഘത്തിന്റെ ബൈലോ വ്യവസ്ഥ അനുസരിച്ച് അവിടുത്തെ കമ്മിറ്റി ഏതെങ്കിലും കര്‍ഷകന് അംഗത്വം നിഷേധിച്ചാല്‍ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടാകുമെന്നാണ് ഇപ്പോള്‍ കൊണ്ടുവന്ന വ്യവസ്ഥ. ആ അവകാശം ഉല്‍പ്പാദനമേഖലയില്‍ ഉണ്ടാകുന്ന സംഘങ്ങളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന കൃഷിക്കാര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്’.

പട്ടത്തിന്
ഒരു കൊട്ട്

ഇത്തിരി രാഷ്ട്രീയത്തിന്റെ ചൂരും ചേര്‍ത്താണു മുണ്ടശ്ശേരി പറഞ്ഞവസാനിപ്പിക്കുന്നത്. ‘ ഈ ഭേദഗതി പാസാക്കിയാല്‍ രാജ്യത്തെ ജനാധിപത്യം ഇല്ലാതായിപ്പോകും എന്നൊക്കെ പറയുന്നതു താണുപ്പിള്ളയെപ്പോലൊരു സമുന്നതനായ നേതാവിനു യോജിച്ചതല്ല. സഹകരണ പ്രസ്ഥാനത്തിന് ഇന്ത്യാഗവണ്‍മെന്റ് നിര്‍ദേശിച്ചിട്ടുള്ള പരിശുദ്ധമായ കാര്യങ്ങളാണ് ഈ ഭേദഗതിയില്‍ അടങ്ങിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ ഇതു കൊണ്ടുവന്നിട്ടുണ്ട്. മോഡല്‍നിയമത്തില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ ഭേദഗതികള്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവരുമ്പോള്‍ അതു രാജ്യത്തിന് അപകടമാണ്, ശാപമാണ് എന്നൊക്കെ പറയുന്നതു ശരിയായിരിക്കുകയില്ല. അതുകൊണ്ട് ഈ ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നു. ഈ ഭേദഗതികള്‍ പാസാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു’- ഇങ്ങനെയാണു മുണ്ടശ്ശേരി അവസാനിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിച്ച് സഭ നിയമം പാസാക്കുകയും ചെയ്തു.

 

 

 

Leave a Reply

Your email address will not be published.