മൊറട്ടോറിയം പിഴച്ചോ?കാര്‍ഷികവായ്പയ്ക്കുള്ള മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല. സര്‍ക്കാരിന് ഉത്തരവിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. പക്ഷേ, റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്കുകള്‍ക്ക് നിഷ്‌ക്രിയ ആസ്തി ആവാതെ ഈ കുടിശ്ശിക മാറ്റാനാവില്ലെന്നതാണ് പ്രശ്‌നം. ഇത് ബാങ്കുകളെ പ്രതികൂലമായി ബാധിക്കും,.
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിലാണ് മൊറട്ടോറിയം അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്. സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ഇതാണ് ബാങ്കുകളെ ആശങ്കയിലാക്കുന്നത്. പ്രത്യേകിച്ച് റിസര്‍വ് ബാങ്കിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്കാണ് ആശങ്ക ഏറെയുള്ളത്.
പ്രാഥമിക ബാങ്കുകളെയും നടപടി ബാധിക്കും. മൊറട്ടോറിയത്തിന്റെ ഭാഗമായി വരുന്ന കുടിശ്ശികയ്ക്ക് അടുത്ത ഓഡിറ്റ് പരിശോധനയില്‍ ഇളവുനല്‍കുമെന്ന ഒരുഉറപ്പും സഹകരണ വകുപ്പ് നല്‍കിയിട്ടില്ല. കിട്ടാക്കടം കൂടുന്നതിനനുസരിച്ച് ബാങ്കുകള്‍ റിസര്‍വ് വെക്കേണ്ടിവരും. ലാഭ-നഷ്ടത്തിന്റെ തോതിനെയും ബാധിക്കും. നോട്ട് നിരോധനഘട്ടത്തില്‍ സഹകരണ ബാങ്കുകളെ ബാധിച്ചതും വായ്പാതിരിച്ചടവ് മുടങ്ങിയതാണ്. ലാഭത്തില്‍ പ്രവര്‍ത്തിച്ച പല സഹകരണ സംഘങ്ങളും ഈ ഘട്ടത്തില്‍ നഷ്ടത്തിലായി. മൊറട്ടോറിയം ഓഡിറ്റ് പരിശോധനയിലും പരിഗണിക്കണമെന്നാണ് സഹകരണ സംഘങ്ങളുടെ ആവശ്യം.
കാലാവധി കഴിഞ്ഞ വായ്പകളാണ് മൊറട്ടോറിയത്തിന് പരിധിയില്‍വരുന്നത്. ഒരുവര്‍ഷത്തേക്ക് ഇവ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദ്ദേശം. പക്ഷേ, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ കാലാവധി കഴിഞ്ഞ വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി റിസര്‍വ് ബാങ്ക് പരിഗണിക്കും. മൊറട്ടോറിയം നല്‍കാനുള്ള ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ മാത്രമേ ഇതില്‍ ഇളവ് പ്രതീക്ഷിക്കാനാകൂ. അല്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തിക്ക് ബാങ്കുകള്‍ റിസര്‍വ് വെക്കേണ്ടിയും വരും. ജില്ലാബാങ്കുകളുടെ പ്രതിസന്ധി കേരളബാങ്ക് രൂപീകരണത്തെ ബാധിക്കുന്നതിനാല്‍ സര്‍ക്കാരിനും തലവേദനയാകും.