മറ്റിതര, പലവക സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് കേരള ബാങ്കിൽ അര ശതമാനം പലിശ കുറച്ചു: രജിസ്ട്രാറുടെ ഉത്തരവിനു വിരുദ്ധമായാണ് നടപടി.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ ഒഴികെയുള്ള മറ്റിതര, പലവക സഹകരണസംഘങ്ങൾക് സംസ്ഥാന സഹകരണ ബാങ്കിൽ( പഴയ ജില്ലാ ബാങ്കിൽ) നിക്ഷേപിക്കുന്ന ഡെപ്പോസിറ്റിനു അര ശതമാനം പലിശ കുറച്ചു . കഴിഞ്ഞ മൂന്നുദിവസമായാണ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. രജിസ്ട്രാറുടെ സർക്കുലറിനെ വിരുദ്ധമായാണ് ഈ നടപടിയെന്ന് സഹകാരികൾ പറയുന്നു.

സഹകരണസംഘങ്ങളുടെ ഡെപ്പോസിറ്റിനു സംസ്ഥാന സഹകരണ ബാങ്ക് നൽകുന്ന പലിശ ഇപ്പോൾ മൂന്നുദിവസമായി രണ്ട് രീതിയിലാണ് നൽകുന്നത്. സർവീസ് സഹകരണ ബാങ്കുകൾക്ക് അവസാനം ഇറങ്ങിയ 43/ 20 സർക്കുലർ പ്രകാരം പലിശ നൽകുന്നുണ്ട്. എന്നാൽ ഇതര സഹകരണസംഘങ്ങൾക്ക് അര ശതമാനം പലിശ കുറവാണ് നൽകുന്നത്. നാളിതുവരെ വിവേചനം ഉണ്ടായിരുന്നില്ല. പല സഹകരണ സംഘങ്ങളുടെയും രണ്ടാഴ്ചമുമ്പ് നിക്ഷേപിച്ച രസീത് വരെ തിരികെ വാങ്ങി അര ശതമാനം പലിശ കുറച്ചുകൊണ്ടുള്ള രസീതി നൽകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങൾ നിക്ഷേപിക്കുന്ന തുകക്ക് പലിശയിൽ കുറവ് വരുത്തിയിട്ടില്ല. സഹകരണ സംഘം രജിസ്ട്രാർ അവസാനമായി 21/5/2020 ൽ 43/20 ആയി ഇറക്കിയ സർക്കുലർ പ്രകാരമാണ് നാളിതുവരെ സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങൾക്കും ജില്ലാ സഹകരണ ബാങ്കിൽ നിന്നും നിക്ഷേപങ്ങൾക്ക് പലിശ നൽകിയിരുന്നത്. എന്നാൽ പൊടുന്നനെ സർക്കുലർ ഇല്ലാതെ പലിശയിൽ മാറ്റം വരുത്തിയതിൽ സഹകരണ സമൂഹം കടുത്ത അസംതൃപ്തിയിലും പ്രതിഷേധത്തിലുമാണ്. പ്രത്യേകിച്ച് ന്യായം ഒന്നും പറയാതെയാണ് പലിശ കുറച്ചിരിക്കുന്നതെന്ന് സഹകാരികൾ പറയുന്നു. ഇത് സംബന്ധിച്ച സർക്കുലർ ആവശ്യപ്പെട്ടപ്പോൾ സർക്കുലർ ഒന്നുമില്ല, കേരള ബാങ്കിന്റെ റീജണൽ ഓഫീസിൽ നിന്നും വാക്കാൽ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു കേരള ബാങ്ക് ബ്രാഞ്ച് മാനേജർമാരുടെ മറുപടി.

അവസാനത്തെ 43/20 സർക്കുലറിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, അവർ നിക്ഷേപകർക്ക് നൽകുന്ന അതേ പലിശ തന്നെ ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്ക് നൽകുമെന്ന് പറയുന്നുണ്ട്. എന്നാൽ പലവക സംഘങ്ങൾക്കും മറ്റിതര സഹകരണ സംഘങ്ങൾക്കും എങ്ങനെയെന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. നാളിതുവരെ എല്ലാവർക്കും ഒരേ രീതിയിലാണ് നൽകിയിരുന്നത്. എന്നാൽ ഇവർക്ക് മാത്രമായി മറ്റൊരു സർക്കുലർ ഇതുവരെ ഇറങ്ങിയിട്ടുമില്ല.

കോവിഡിന്റെ പശ്ചാത്തലത്തിലും ട്രഷറി, കെ.എസ്.എഫ്.ഇ പോലുള്ള മറ്റിടങ്ങളിൽ സഹകരണമേഖലയിലെക്കാൾ ഉയർന്ന പലിശ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന ഡെപ്പോസിറ്റിനു പലിശ കുറയുമ്പോൾ മറ്റിതര പലവക സഹകരണസംഘങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുമെന്ന് സഹകാരികൾക്ക് കടുത്ത ആശങ്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News