ബെല്‍വിക്‌സ്: ക്ഷേത്രവിളക്കും മണിയും പൂജാപാത്രവും നിര്‍മിക്കുന്ന സഹകരണ സംഘം

[mbzauthor]

ഓടും പിച്ചളയും ചെമ്പും കൊണ്ടുള്ള ക്ഷേത്ര
ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഇന്ത്യയിലെ
ഒരേയൊരു തൊഴിലാളി സഹകരണ സംഘമാണു
തൃശ്ശൂര്‍ നടവരമ്പിലെ ബെല്‍വിക്‌സ്. കേന്ദ്രസര്‍ക്കാര്‍
ഇതിനെ നാട്ടുതനിമാകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളിലെ വിളക്കുകളും മണികളും പൂജാപാത്രങ്ങളുമൊക്കെ നിര്‍മിക്കുന്ന ഒരു സഹകരണസ്ഥാപനമുണ്ട് തൃശ്ശൂര്‍ ജില്ലയില്‍. അതാണു നടവരമ്പ് കൃഷ്ണ ബെല്‍മെറ്റല്‍ വര്‍ക്കേഴ്‌സ് ഹാന്റിക്രാഫ്റ്റ്‌സ് ഇന്‍ഡസ്ട്രിയല്‍ (വര്‍ക്‌ഷോപ്) കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ബെല്‍വിക്‌സ് (BELLWICS) എന്നറിയപ്പെടുന്ന ഇത് ഒരു ഓട്ടുപാത്രപ്പണിശാലയില്‍നിന്നു പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കാനായി ആരംഭിക്കുകയും പിന്നീട് ഉടമതന്നെ തൊഴിലാളികളുടെ സഹകരണസംഘമുണ്ടാക്കി അവര്‍ക്കു നല്‍കുകയും ചെയ്തതാണ്. ഗുരുവായൂര്‍ക്ഷേത്രത്തിലെയും കൂടല്‍മാണിക്യംക്ഷേത്രത്തിലെയും കൊച്ചി-തിരുവിതാംകൂര്‍-മലബാര്‍ ദേവസ്വംബോര്‍ഡുകളിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഓടും പിച്ചളയും ചെമ്പുംകൊണ്ടുള്ള ക്ഷേത്രോപകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഇന്ത്യയിലെ ഒരേയൊരു തൊഴിലാളിസഹകരണസംഘം എന്നാണു സംഘം അതിന്റെ പരസ്യങ്ങളില്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്നും ആ നിലയ്ക്കു മാറ്റമില്ല. കൂടുതല്‍ ക്ഷേത്രങ്ങളും പള്ളികളും നക്ഷത്രഹോട്ടലുകളും പഞ്ചകര്‍മചികിത്സാലയങ്ങളും ഉപഭോക്താക്കളായി മാറിയിട്ടുമുണ്ട്. പക്ഷേ, പുതുതലമുറ ഈ രംഗത്തേക്കു കാര്യമായി വരുന്നില്ലെന്ന പ്രശ്‌നമുണ്ട്. തുടക്കംമുതല്‍ പൂര്‍ത്തീകരണംവരെ സകലതും യന്ത്രസഹായമില്ലാതെ, കൈകള്‍കൊണ്ടു പൂര്‍ണമായി പരമ്പരാഗതരീതിയില്‍ത്തന്നെ ചെയ്യുന്നു എന്നതാണു പണ്ടു മൂശാരിമാര്‍ എന്നു വിളിച്ചിരുന്ന ഓട്ടുപാത്രപ്പണിക്കാരുടെ ഈ സഹകരണസംഘത്തിന്റെ പ്രത്യേകത.

1974 ല്‍
തുടക്കം

നടവരമ്പിലെ ഓട്ടുപാത്രനിര്‍മാണത്തിന് ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുണ്ട്. തഞ്ചാവൂരില്‍നിന്നു കുടിയേറിയ പാണ്ടികശാലമഠത്തില്‍ കെ. കൃഷ്ണയ്യരുടെ മക്കളില്‍ തുടങ്ങുന്നു ആ പാരമ്പര്യം. അവരില്‍ ഒരാളായ കൃഷ്ണയ്യരുടെ ഓട്ടുപാത്രനിര്‍മാണശാലയില്‍ ബോണസ്തര്‍ക്കത്തെത്തുടര്‍ന്ന് അഞ്ചു തൊഴിലാളികളെ പിരിച്ചുവിട്ടപ്പോള്‍ അവര്‍ കൃഷ്ണയ്യരുടെ അനുജന്റെ മകന്‍ പി.എന്‍. കൃഷ്ണനോടു സങ്കടം പറയുകയും
അദ്ദേഹം അവരെവച്ച്, തന്റെ സ്ഥലത്തു വെറുതേകിടന്ന രണ്ടു കൊട്ടിലുകള്‍ ശരിയാക്കി, 1960 കളുടെ തുടക്കത്തില്‍ കൃഷ്ണ ബെല്‍മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങുകയുമായിരുന്നു. സുഹൃത്ത് സി.വി.എ. രാമകൃഷ്ണന്‍ നല്‍കിയ 5000 രൂപയായിരുന്നു പ്രധാന മൂലധനസഹായം. മെഴുക്, തെള്ളി, കൊട്ടെണ്ണ, കുഴമണ്ണ്, ഓട് തുടങ്ങിയ അസംസ്‌കൃതവസ്തുക്കളൊക്കെ വേഗം സംഘടിപ്പിച്ചു. പഴയ ഫാക്ടറിയില്‍നിന്നു കൂടുതല്‍ തൊഴിലാളികള്‍ അവിടേക്കു വന്നു. അങ്ങനെ 33 തൊഴിലാളികളായി. കിണ്ടി, ലോട്ട, ഗ്ലാസ്, മൊന്ത, കൂജ എന്നിവയാണു നിര്‍മിച്ചത്. 1965-66 കാലത്തു തൊഴിലാളികള്‍ക്കായി വീടുകള്‍ പണിതുകൊടുക്കുകയും ചെയ്തു കൃഷ്ണന്‍. അടുപ്പക്കാര്‍ അദ്ദേഹത്തെ കൃഷ്ണപ്പന്‍ എന്നും കൃഷ്ണപ്പസ്വാമി എന്നും വിളിക്കാറുണ്ട്.

മൂലധനം കൂട്ടി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാനും തൊഴിലാളികള്‍ക്കു കൂടുതല്‍ കൂലിയും ജോലിസ്ഥിരതയും പ്രോവിഡന്റ് ഫണ്ടും ഇ.എസ്.ഐ.യും അവധിയോടെയുള്ള വേതനവും ഗ്രാറ്റുവിറ്റിക്കായുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സും നല്‍കാനും സഹകരണസംഘമാക്കിയാല്‍ പറ്റും എന്നതാണു കൃഷ്ണപ്പസ്വാമിയെ ആ വഴിക്കു ചിന്തിപ്പിച്ചത്. വ്യക്തിക്കു വായ്പ കിട്ടാന്‍ ധനശേഷിയുള്ളവരുടെ ജാമ്യമോ വായ്പത്തുകയുടെ പത്തിരട്ടിവിലയുടെ വസ്തുഈടോ വേണമായിരുന്നു. എന്നാല്‍, സഹകരണസംഘത്തിനു ജാമ്യമില്ലാതെ ഓഹരിമൂലധനത്തിന്റെ പത്തിരട്ടിത്തുക കടം കിട്ടുമായിരുന്നു. കൂടാതെ ഗ്രാന്റും. പലിശ കുറവ്, തിരിച്ചടവിനു കൂടുതല്‍ കാലാവധി എന്നീ ആകര്‍ഷണങ്ങളുമുണ്ടായിരുന്നു.

ഇതൊക്കെ മനസ്സിലിരിക്കെ ഒരിക്കല്‍ തൃശ്ശൂരില്‍ പോയപ്പോള്‍ പതിവുപോലെ അമ്മാവന്‍ പി.വി. നാരായണയ്യരെ കാണാന്‍ മംഗളോദയം പ്രസ്സില്‍ കയറി. അതിന്റെ മാനേജരായിരുന്നു അദ്ദേഹം. അവിടെ തൊഴിലാളികള്‍ക്കു പ്രസ് വിട്ടുകൊടുത്തുകൊണ്ടു രൂപവത്കരിക്കുന്ന മംഗളോദയം പ്രസ് വര്‍ക്കേഴ്‌സ് സഹകരണസംഘത്തിന്റെ അച്ചടിച്ച നിയമാവലി കണ്ടു. അതു പിന്തുടരാന്‍ കൃഷ്ണപ്പസ്വാമി തീരുമാനിച്ചു. ജില്ലാ വ്യവസായകേന്ദ്രം ഉദ്യോഗസ്ഥരോടു സംസാരിച്ചു. പല സഹകരണസ്ഥാപനങ്ങളും പൊളിയുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. സ്വന്തമായിത്തന്നെ തുടര്‍ന്നും നടത്താന്‍ കൂടുതല്‍ ധനസഹായം തരാം എന്നും പറഞ്ഞു. അവര്‍ക്കുമാത്രമല്ല, ചില തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും, കൃഷ്ണപ്പസ്വാമി തീരുമാനം മാറ്റിയില്ല. അന്ന് ഇരിങ്ങാലക്കുടയില്‍ ഒരു ഓട്ടുപാത്ര സഹകരണസംഘം ലിക്വിഡേഷന്‍ നേരിടുന്നുണ്ടായിരുന്നു. അതിനാല്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനപരിധി ഇരിങ്ങാലക്കുടയ്ക്കു കടക്കാതെ വേളൂക്കര പഞ്ചായത്തു മാത്രമായി ചുരുക്കേണ്ടിവന്നു. അങ്ങനെ 1974 ല്‍ നടവരമ്പ് കൃഷ്ണാ ബെല്‍മെറ്റല്‍ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ആര്‍) 199 നിലവില്‍വന്നു.

ആദ്യമൂലധനം
5000 രൂപ

ആ ചരിത്രമൊക്കെ കൃഷ്ണപ്പസ്വാമി പറഞ്ഞ കാര്യങ്ങള്‍വച്ച്, എ.കെ.എ. റഹിമാന്‍ എഡിറ്ററായി കാരോകാരന്‍, കെ.ബി.എല്‍. ഹക്കീം എന്നിവര്‍ തയാറാക്കിയ ‘നടവരമ്പ് ബെല്‍ മെറ്റല്‍സ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 100 രൂപയായിരുന്നു ആളോഹരിസംഖ്യ. 33 തൊഴിലാളികള്‍ 100 രൂപ വീതം ഇട്ടു 3300 രൂപ സമാഹരിച്ചു. തൊഴിലാളികളല്ലാത്തവര്‍ക്കു ഗുണകാംക്ഷികളായി അംഗത്വമെടുക്കാമായിരുന്നു. പി.ആര്‍. ആന്റണി, കൃഷ്ണപ്പസ്വാമിയുടെ അമ്മ പി.വി. ലക്ഷ്മിയമ്മാള്‍, സ്വാമിയുടെ സഹോദരന്‍ എന്നിവര്‍ ഗുണകാംക്ഷികളായി 17 ഓഹരികള്‍ എടുത്തു 1700 രൂപ നല്‍കി. അങ്ങനെ 5000 രൂപ പങ്കാളിത്തമൂലധനമായി. പി.ആര്‍. ആന്റണിയായിരുന്നു പ്രൊമോട്ടര്‍. രജിസ്‌ട്രേഷനുശേഷം അദ്ദേഹം പ്രസിഡന്റായി. ആ സ്ഥലത്തെ പഞ്ചായത്തംഗവും വേളൂക്കര പഞ്ചായത്തു വൈസ്പ്രസിഡന്റുമായിരുന്നു അദ്ദേഹം. മറ്റു ഡയറക്ടര്‍മാരെല്ലാം തൊഴിലാളികളായിരുന്നു. വ്യവസായവകുപ്പുദ്യോഗസ്ഥന്‍ എ.ആര്‍. വിജയന്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു. ഫാക്ടറിസ്ഥലത്തിന്റെ വാടക കൃഷ്ണപ്പസ്വാമിക്കു നല്‍കിയിരുന്നു. പിന്നീട് അംഗങ്ങളുടെ നിര്‍ബന്ധംമൂലം അദ്ദേഹം കമ്മീഷന്‍ വ്യവസ്ഥയില്‍ സംഘത്തിന്റെ വിപണനപ്രതിനിധിയായി. സംഘത്തില്‍നിന്ന് ഒരു വരുമാനം കിട്ടാന്‍വേണ്ടി മാത്രമായിരുന്നില്ല അത്. ഫലത്തില്‍ കാര്യങ്ങള്‍ നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. രണ്ടു വര്‍ഷത്തിനകം സംഘത്തിനു ലക്ഷങ്ങളുടെ ആസ്തിയായി. വ്യവസായവകുപ്പില്‍നിന്നു 50,000 രൂപ പ്രവര്‍ത്തനമൂലധനവും 25,000 രൂപ ഗ്രാന്റും ലഭിച്ചു. പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി, ബോണസ്, അവധികള്‍ തുടങ്ങിയ ആനുകൂല്യങ്ങളും നടപ്പാക്കി. വ്യവസായവകുപ്പ് 50,000 രൂപയുടെ ഓഹരിപങ്കാളിത്തവുമെടുത്തു. സ്ഥലം വാങ്ങാന്‍ മാത്രമേ ആ തുക ഉപയോഗിക്കാവൂ എന്നു വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ, സര്‍ക്കാര്‍ നിശ്ചയിച്ച വില സെന്റൊന്നിന് 2300രൂപ മാത്രമായിരുന്നു. അക്കാലത്ത് അവിടെ സെന്റിന് 10,000 രൂപ കിട്ടുമായിരുന്നുവെന്നു പുസ്തകത്തില്‍ പറയുന്നു. എങ്കിലും, കൃഷ്ണപ്പസ്വാമി ഫാക്ടറിയിരിക്കുന്ന ഭുമിയില്‍നിന്നു 20 സെന്റ് സംഘത്തിനു സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കു നല്‍കി. ഈ ഘട്ടത്തില്‍ സ്വാമി സംഘത്തില്‍ അംഗത്വമെടുത്തു. ഇത്തരം ക്രയവിക്രയങ്ങള്‍ സംഘാംഗങ്ങള്‍ തമ്മിലാണെങ്കില്‍ മുദ്രപ്പത്രവിലയില്‍ ഇളവു കിട്ടുമായിരുന്നു. 4500 രൂപയുടെ ഇളവു കിട്ടുകയും ചെയ്തു. കൃഷ്ണപ്പസ്വാമിയും സഹോദരഭാര്യയും സംഘാംഗങ്ങളായി.

വാങ്ങിയ സ്ഥലത്തു 1982 മാര്‍ച്ച് 22 നു മുതിര്‍ന്ന തൊഴിലാളി ഗോവിന്ദന്‍മൂശാരി ഫാക്ടറിക്കു കല്ലിട്ടു. കെട്ടിടം പണിയാന്‍ വ്യവസായവകുപ്പു രണ്ടേകാല്‍ ലക്ഷം രൂപ ലംപ്‌സം ഗ്രാന്റ് അനുവദിച്ചു. സ്വാമിയുടെ പ്രയത്‌നഫലമായി സംഘത്തിനു വില്‍പ്പനനികുതി ഒഴിവായിക്കിട്ടി. ബാങ്കിടപാടുകള്‍ക്കു മുദ്രയും ചുരുക്കപ്പേരും വേണ്ടിവന്നപ്പോഴാണു ബെല്‍വിക്‌സ് എന്ന പേരു സ്വീകരിച്ചത്. കൃഷ്ണപ്പസ്വാമിയുടെ കുടുംബത്തില്‍നിന്ന് അദ്ദേഹവും അനുജന്‍ വെങ്കിടകൃഷ്ണനും ഇവിടെ പ്രസിഡന്റായിരുന്നിട്ടുണ്ട്.

കൃഷ്ണപ്പസ്വാമി പ്രസിഡന്റായിരിക്കെ നടവരമ്പിലെ തൃപ്പയ്യ ക്ഷേത്രത്തില്‍ കൊച്ചി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. മാധവന്‍ ഒരു ചടങ്ങിനെത്തി. സ്വാമി ആ ക്ഷേത്രക്ഷേമസമിതിയുടെ പ്രസിഡന്റായിരുന്നു. അദ്ദേഹം ബെല്‍വിക്‌സിന്റെ പണിശാല സന്ദര്‍ശിക്കാന്‍ മാധവനെ ക്ഷണിച്ചു. പണിശാലയിലെ ഉല്‍പ്പന്നങ്ങളുടെ മികവു കണ്ട് മാധവന്‍ അദ്ഭുതപ്പെട്ടു. ബോര്‍ഡ്‌ക്ഷേത്രങ്ങള്‍ക്കായി നിലവിളക്ക്, തൂക്കുവിളക്ക്, വാര്‍പ്പ്, ഉരുളി തുടങ്ങിയവ വാങ്ങാന്‍ അദ്ദേഹം തയാറായി. ബോര്‍ഡിന്റെ സംഭരണശാലയിലെ ഉപയോഗശൂന്യമായ ലോഹഉരുപ്പടികള്‍ ബെല്‍വിക്‌സില്‍ ഉരുക്കി ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കരാറുണ്ടാക്കുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വവുമായും വ്യാപാരബന്ധമുണ്ടാക്കി. കരകൗശല അപക്‌സ് സഹകരണസംഘത്തിന്റെ (സുരഭി) തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള ബോര്‍ഡംഗമായും സ്വാമി നിയോഗിക്കപ്പെട്ടു. ബെല്‍വിക്‌സിനു സുരഭിയില്‍നിന്നു 25 ശതമാനം സബ്‌സിഡിയോടെ അസംസ്‌കൃതവസ്തുക്കള്‍ കിട്ടിയിരുന്നു. ഇതു വര്‍ഷം രണ്ടര ലക്ഷം രൂപ വരുമായിരുന്നു. ആ തുക തൊഴിലാളികളുമായി പങ്കുവച്ചു.

അഖിലേന്ത്യാ പ്രദര്‍ശനങ്ങളില്‍വരെ സംഘം പങ്കെടുത്തു. നല്ല വില്‍പ്പനയും കിട്ടി. ഇവിടെ ഓട്ടുപാത്ര നിര്‍മാണവിദഗ്ധനായിരുന്ന, ആശാന്‍ എന്നു വിളിച്ചിരുന്ന, കോരുണ്ണിമൂശാരിക്ക് അഖിലേന്ത്യാ കരകൗശല വികസന കമ്മീഷണറേറ്റിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു. ഇടക്കാലത്തു കൃഷ്ണപ്പസ്വാമി പ്രസിഡന്റ്സ്ഥാനം രാജിവച്ചു. അപ്പോള്‍, തൊഴിലാളിയായ ടി.ടി. മണി പ്രസിഡന്റായി. അതിനുശേഷം പ്രസിഡന്റുമാരായവരും തൊഴിലാളികള്‍തന്നെ. പി.എന്‍. സുബ്രഹ്മണ്യന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍, ടി.കെ. സുരേഷ്, സി.കെ. ഉണ്ണിക്കൃഷ്ണന്‍, പി.ബി. രഘു എന്നിവര്‍ പ്രസിഡന്റുമാരായി. നിലവില്‍ കെ.ആര്‍. രവിയാണു പ്രസിഡന്റ്. 12 -ാം വയസ്സില്‍ ഇവിടെ സഹായിയായി ജോലിക്കെത്തിയയാളാണ് അമ്പത്തെട്ടുകാരനായ രവി. കെ.എസ്. ദിലീപ്, പി.വി. അഭിലാഷ്, കെ.എം. ഹരിദാസ്, സി.സി. ലിജി, എ.എസ്. ഷൈനി, ടി.വി. സുഭാഷിണി എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. ഇവരൊക്കെ തൊഴിലാളികളാണ്. ടി.എസ്. അമ്പിളിയാണു സെക്രട്ടറി. സെക്രട്ടറിയടക്കം നാല് ഓഫീസ്ജീവനക്കാരുണ്ട്. 10 സ്ത്രീകളടക്കം 40 തൊഴിലാളികള്‍. സര്‍ക്കാര്‍പ്രതിനിധിയടക്കം 52 അംഗങ്ങളാണു സംഘത്തിനുള്ളത്.

നടവരമ്പില്‍ ചിറവളവിലാണ് സംഘത്തിന്റെ ആസ്ഥാനം. 20 സെന്റ് സ്ഥലമുണ്ട്; റോഡരികില്‍ത്തന്നെ. രണ്ടുനിലക്കെട്ടിടമാണ്. താഴെ വില്‍പ്പനശാല, മുകളില്‍ ഓഫീസ്, പിന്നില്‍ ഫാക്ടറി. വില്‍പ്പനശാലയ്ക്കു തൊട്ടടുത്ത് ഒരു കടമുറി വാടകയ്‌ക്കെടുത്തിട്ടുണ്ട്. അവിടെയും വില്‍പ്പനയുണ്ട്. കെട്ടിടത്തിന് അഭിമുഖമായി റോഡിന് എതിര്‍വശം 34 സെന്റുണ്ട്. അവിടെ ഉരുപ്പടികള്‍ വാങ്ങാനെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാം. യന്ത്രസാമഗ്രികളും അവിടെ സൂക്ഷിക്കുന്നു. പണ്ടു പഞ്ചായത്തു മുന്‍കൈയെടുത്ത് ഈ കരകൗശലവിദ്യ പഠിപ്പിക്കാന്‍ ട്രെയിനികളെ എടുത്തിരുന്നു. 100 ട്രെയിനികള്‍ക്കുവരെ പരിശീലനം നല്‍കിയിരുന്ന കാലമുണ്ട്. പല തൊഴിലാളികളും അങ്ങനെ ട്രെയിനികളായി വന്നവരാണ്. പുതുതലമുറ ഈ തൊഴിലിലേക്കു വരാത്തതിനാല്‍ വിരമിച്ച പലരെയും ജോലികള്‍ ഏല്‍പ്പിക്കുന്നുണ്ട്. അങ്ങനെ ജോലിചെയ്യുന്നയാളാണു മുന്‍പ്രസിഡന്റ് പി.ബി. രഘു. 18 -ാം വയസ്സില്‍ ട്രെയിനിയായി എത്തിയതാണ് അദ്ദേഹം.

ഒട്ടും യന്ത്രവത്കരണമില്ലാതെ, പാരമ്പര്യരീതിയിലുള്ള നിര്‍മാണവിദ്യ അതേപടി പിന്തുടരുന്നതിനാലാണു പല ക്ഷേത്രങ്ങളും ഇവിടെനിന്നുതന്നെ സാധനങ്ങള്‍ വാങ്ങാനും ഇവിടെത്തന്നെ പണിയിപ്പിക്കാനും ഇഷ്ടപ്പെടുന്നത്. ആധുനികരീതികളെക്കാള്‍ പാരമ്പര്യത്തനിമയുള്ള നിര്‍മാണരീതികളോടുള്ള പ്രത്യേക പ്രതിപത്തിതന്നെ കാരണം. ഏതുല്‍പ്പന്നവും പൂര്‍ണമായി മനുഷ്യകരങ്ങളാല്‍ മാത്രം നിര്‍മിക്കപ്പെടുന്നത് ഇവിടെ മാത്രമാണെന്നു സെക്രട്ടറി അമ്പിളി പറഞ്ഞു.

വിളക്കുകള്‍
പലതരം


ഓടുകൊണ്ടും ചെമ്പുകൊണ്ടും പിച്ചളകൊണ്ടും ഉണ്ടാക്കുന്ന വിളക്കുകള്‍, വിഗ്രഹങ്ങള്‍, മണികള്‍, ഉരുളി, ചെമ്പുപാത്രങ്ങള്‍, കുടം, സദ്യവാര്‍പ്പുകള്‍ തുടങ്ങിയവ ഇവിടെ നിര്‍മിക്കുന്നുണ്ട്്. വൈവിധ്യമാര്‍ന്നവയാണ് ഇവയുടെ വകഭേദങ്ങള്‍. ഇരട്ടത്തട്ടുള്ള തൂക്കുവിളക്ക്, ഗജലക്ഷ്മിവിളക്ക്, തൃപ്പൂണിത്തുറയപ്പന്‍വിഗ്രഹം, ചങ്ങലവട്ട, ഒഴുക്കന്‍വിളക്ക്, കുത്തുവിളക്ക്, കുന്നിമംഗലംവിളക്ക്, കച്ചേരിവിളക്ക്, മയില്‍വിളക്ക്, അന്നപ്പക്ഷിവിളക്ക്, അലങ്കാരവിളക്ക്, ആലിലവിളക്ക്, കുരിശുവിളക്ക്, മൂന്നു തട്ടുമുതല്‍ 21 തട്ടുവരെയുള്ള ദീപസ്തംഭം, ഓംതാമരവിളക്ക്, ചെമ്പുതാഴികക്കുടം, പൂജാസെറ്റ്, അഷ്ടമംഗല്യസെറ്റ്, ഇടങ്ങഴി, പറ, നാഴി, മണി, കിണ്ടി, കവരവിളക്ക്, ഉരുളിയും ചട്ടകവും, കലം, ചീനച്ചട്ടി, ഉരുളി, വാര്‍പ്പ്, പുട്ടുകുടം, ടെലഫോണ്‍സ്റ്റാന്റ്, പ്രഭാമണ്ഡലം, ഗോളക, തിടമ്പ്, മണിച്ചിത്രത്താഴുപിടിപ്പിച്ചു ചെമ്പില്‍ അലങ്കാരപ്പണി ചെയ്ത വാതില്‍ തുടങ്ങിയവയൊക്കെ നിര്‍മിക്കപ്പെടുന്നു.

ദേവസ്വംബോര്‍ഡുകള്‍ ഇത്തരം സാധനങ്ങള്‍ ഇവിടെനിന്നാണു വാങ്ങാറ്. ഗുരുവായൂര്‍, മമ്മിയൂര്‍, കാടാമ്പുഴ, എറണാകുളം ക്ഷേത്രങ്ങളൊക്കെ ബെല്‍വിക്‌സിന്റെ ഉപഭോക്താക്കളാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീവിഷ്ണുമായ കുട്ടിച്ചാത്തന്‍ സ്വാമിക്ഷേത്രം ഉത്സവസമയത്ത് എല്ലാ വര്‍ഷവും തലേവര്‍ഷത്തെ വിളക്കു തിരിച്ചുനല്‍കി ഉരുക്കിച്ച് കൂടുതല്‍ അലങ്കാരപ്പണികളുള്ള ഡിസൈന്‍ നല്‍കി അതനുസരിച്ചു പ്രത്യേകവിളക്കുണ്ടാക്കിച്ചു വാങ്ങാറുണ്ട്. ഹരിത വി. കുമാര്‍ തൃശ്ശൂര്‍ ജില്ലാകളക്ടറായിരിക്കെ ആവിഷ്‌കരിച്ച ‘സോള്‍ ഓഫ് തൃശ്ശൂര്‍’ സമ്മാനവട്ടിപദ്ധതിയില്‍ ചെറിയ മണികള്‍ നിര്‍മിച്ചുകൊടുക്കുന്നത് ഇവിടെനിന്നാണ്. (ഓട്ടുമണിനിര്‍മാണത്തിനു പേരുകേട്ട ബെല്‍വിക്‌സിന്റെ ചിഹ്നംതന്നെ അലങ്കാരവട്ടത്തില്‍ തൂക്കിയ മണിയാണ്). മരത്തിലുള്ള ആനയടക്കം വട്ടിയിലെ മറ്റിനങ്ങളും തയാറാക്കുന്നതു വിവിധ സഹകരണസംരംഭങ്ങളാണ്. വിദേശങ്ങളിലെതടക്കം പല നക്ഷത്രഹോട്ടലുകളും ഉള്ളലങ്കാരവസ്തുക്കള്‍ ഇവിടെ പണിയിച്ചിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ പണിയിക്കുന്നതിനുപുറമെ, പലരും പഴയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നു പഴക്കംമൂലമുള്ള കോട്ടങ്ങള്‍ തീര്‍ത്തു തിളക്കമേറ്റി കൊണ്ടുപോകാറുമുണ്ട്.

കൊച്ചി ദേവസ്വംബോര്‍ഡ് ബെല്‍വിക്‌സിനു പഴയ ഉരുപ്പടികള്‍ നല്‍കുന്നുണ്ട്. മലബാര്‍ ദേവസ്വംബോര്‍ഡില്‍നിന്നും ഇങ്ങനെ കിട്ടാറുണ്ട്. മറ്റിടങ്ങളില്‍നിന്നും ക്വട്ടേഷന്‍ നല്‍കിയും ആവശ്യമുള്ള ലോഹങ്ങള്‍ വാങ്ങും. ചെന്നൈ, മുംബൈ, ഹൈദരാബാദ്, പുണെ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുപോലും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. അവിടങ്ങളിലെയും ക്ഷേത്രങ്ങളില്‍നിന്നുതന്നെയാണ് ഓര്‍ഡറുകളിലധികവും. അവര്‍ ആവശ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ ചെയ്തുനല്‍കും. യു.എസ്സിലെ ഒരു ക്ഷേത്രവും വിളക്കുകളും പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും പണിയിച്ചുവാങ്ങി. കയറ്റുമതിലൈസന്‍സുള്ള സ്ഥാപനംവഴിയാണ് അവ അയച്ചത്. ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍വേളയില്‍ ബോബി ചെമ്മണ്ണൂര്‍ മാറഡോണയുടെ അഞ്ചടിയിലേറെയുള്ള ശില്‍പ്പം പണിയിച്ചു. അലങ്കാരവിളക്കുകളും വിഗ്രഹങ്ങളും മറ്റു ശില്‍പ്പവേലകളും ചെയ്യുന്നതില്‍ വിദഗ്ധനായ എം.സി. സുനന്ദകുമാര്‍ എന്ന തൊഴിലാളിയാണ് അതു നിര്‍മിച്ചത്. വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ മൂന്നുനാലു പേര്‍ സംഘത്തിനുണ്ട്. ഇത്തരം സങ്കീര്‍ണവും അതിസൂക്ഷ്മവുമായ ജോലികള്‍ വരുമ്പോള്‍ ചെയ്യേണ്ട രൂപത്തിന്റെ ചിത്രം വരച്ച് ഓര്‍ഡര്‍ ചെയ്തവരെ കാട്ടി തൃപ്തിയായശേഷമാണു പണി തുടങ്ങുക. ഇത്തരം ജോലികള്‍ തീരാന്‍ ഒന്നര മാസത്തോളമൊക്കെ എടുക്കും. മഴക്കാലമാണെങ്കില്‍ അതിലേറെ നീളും.

സംസ്ഥാന വ്യവസായ വാണിജ്യവകുപ്പു സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബെല്‍വിക്‌സിനെ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കരകൗശല വികസന കമ്മീഷണറേറ്റ് ഓട്ടുകരകൗശലോല്‍പ്പന്നങ്ങള്‍ക്കുള്ള നാട്ടുതനിമാകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഒന്നാന്തരം ഗുണനിലവാരമുള്ള ലോഹങ്ങള്‍ ഉപയോഗിച്ചാണു നിര്‍മാണം. കേരളത്തില്‍ ഉന്നതനിലവാരമുള്ള ഓട്ടുപകരണങ്ങള്‍ ഉണ്ടാക്കുന്ന ഏറ്റവും വലിയ സ്വതന്ത്രയൂണിറ്റ് ബെല്‍വിക്‌സാണെന്നു സംഘത്തിന്റെ ബ്രോഷര്‍ വ്യക്തമാക്കുന്നു. മുമ്പു ജില്ലാവ്യവസായകേന്ദ്രംവഴി നബാര്‍ഡിന്റെ സഹായം കിട്ടിയിരുന്നു. ഇപ്പോഴില്ല.

നോട്ടുനിരോധനവും പ്രളയവും മൂലം സംഘത്തിന് ഓര്‍ഡറുകള്‍ കുറഞ്ഞു. പിന്നാലെ കോവിഡും വന്നു. അക്കാലത്തു കുറെദിവസം അടച്ചിട്ടു. കുറെനാള്‍ ആഴ്ചയില്‍ മൂന്നു ദിവസംമാത്രമായിരുന്നു പ്രവര്‍ത്തനം. പ്രളയത്തിനുമുമ്പുവരെ വര്‍ഷം അഞ്ചു കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു. പിന്നീടതു കുറഞ്ഞു. ഇപ്പോള്‍ മൂന്നു കോടി രൂപയുടെ വിറ്റുവരവുണ്ട്. രണ്ടു വര്‍ഷം രണ്ടു ലക്ഷത്തിനടുത്തു രൂപയുടെ നഷ്ടമായിരുന്നു. എങ്കിലും, 2021-22 ല്‍ ആറു കോടി 97 ലക്ഷം രൂപ വരവുണ്ടായി. 40,000 രൂപ ലാഭമുണ്ട്.

ലോഹത്തിന്റെ അളവും ജോലിയുടെ സൂക്ഷ്മസങ്കീര്‍ണതകളും അധ്വാനവും കണക്കാക്കിയാണു കൂലി. ശരാശരി ഒരു കിലോ ഓടിന്റെ പണിക്കു 2500 രൂപ കിട്ടും. ഒരു തൊഴിലാളിക്കു ദിവസം 900 രൂപ മുതല്‍ 1100 രൂപ വരെ കിട്ടാറുണ്ട്. ദിവസവും തൂക്കം എടുത്തു നിരക്കു കണക്കാക്കി എല്ലാമാസവും അഞ്ചാം തീയതി തുക ഒന്നിച്ചുനല്‍കും. കരാറടിസ്ഥാനത്തില്‍ ഒരു ജോലി മൊത്തം തീര്‍ത്തുകൊടുക്കുന്ന രീതിയുമുണ്ട്. അതിന്റെയും തുക അഞ്ചാം തീയതിയാണു കൊടുക്കുക. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചര വരെയാണു ജോലി. അവധിവേതനം, ലീവ് സറണ്ടര്‍, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുടങ്ങിയവയുണ്ട്. 60 വയസ്സുവരെ ജോലി ചെയ്യാം. വിരമിക്കുന്നവരെയും ആവശ്യം വരുമ്പോള്‍ ജോലിക്കു വിളിക്കാറുണ്ട്.

നിര്‍മാണം
ശുദ്ധമായ ഓടില്‍

ശുദ്ധമായ ഓടിലാണു പണികള്‍. എന്തുണ്ടാക്കുമ്പോഴും ആദ്യം അതിന്റെ അതേവലിപ്പത്തിലും അളവിലുമുള്ള രൂപം മണ്ണുകൊണ്ടുണ്ടാക്കുമെന്നു മുന്‍പ്രസിഡന്റ് പി.ബി. രഘു പറഞ്ഞു. ഇതിനു കരു എന്നു പറയും. ഇതില്‍ മുകളില്‍ മധ്യത്തില്‍, മെഴുകുപിടിപ്പിച്ചു രുപഭംഗി വരുത്താനും മറ്റുമുള്ള സൗകര്യത്തിനായി നാരായം എന്ന ചെറിയ ഇരുമ്പുകുറ്റി സ്ഥാപിക്കും. അതിനുശേഷം കോട്ടംതീര്‍ക്കുക എന്ന പ്രക്രിയയാണ്. എന്നിട്ട് അതിനുമുകളില്‍ മെഴുകു പൊതിയും. തേന്‍മെഴുക് പാരഫിന്‍വാക്‌സും എണ്ണയും ചേര്‍ത്ത് എങ്ങനെ വേണമെങ്കിലും വലിക്കാവുന്നതും രൂപപ്പെടുത്താവുന്നതുമായ പരുവത്തിലാക്കിയശേഷം പൊതിയുകയാണു ചെയ്യുന്നത്. നിര്‍മിക്കേണ്ട വസ്തുവിന് എത്ര കനമാണോ ആവശ്യം ആ കനത്തിലാണു മെഴുകു പൊതിയുക. അതിനുപുറത്ത് അരിച്ചരിച്ച് അതിയായി നേര്‍പ്പിച്ച മണ്ണും ചാണകവും കൂട്ടിക്കുഴച്ചു നേരിയ കനത്തില്‍ പിടിപ്പിക്കും. അത് ഉണങ്ങിക്കഴിയുമ്പോള്‍ കളിമണ്ണുകൂട്ടിയ പരുക്കന്‍മണ്ണ് വിരല്‍വണ്ണത്തില്‍ പിടിപ്പിച്ചശേഷം ഉണക്കും. ഇവ മിനുസപ്പെടുത്തി തികവൊത്ത ആകൃതിയിലാക്കും. പിന്നെ നാരായവും മറ്റും മാറ്റി ലോഹദ്രാവകം ഒഴുകിയിറങ്ങാനുള്ള വട്ടവും വച്ചു തയാറാക്കിയ കരു രണ്ടു തട്ടുള്ള ഉലയില്‍ കയറ്റി തീയില്‍ ചൂടാക്കും. കരുവിലെ മെഴുകു മുഴുവന്‍ ചൂടില്‍ ഉരുകിപ്പോയി അവിടെ ഉണ്ടാക്കേണ്ട വസ്തുവിന്റെ കനത്തിലും ആകൃതിയിലും പൊള്ളയായ വാര്‍പ്പുരൂപം ഉണ്ടാവും. മെഴുകു മുഴുവന്‍ ഉരുകി ചോര്‍പ്പിലൂടെ പോരാനുള്ള സംവിധാനമുണ്ട്. ചോര്‍ക്കല്‍ എന്നാണിതിനു പറയുക. ഈ കരുക്കള്‍ കൊടിലുകള്‍കൊണ്ടു പുറത്തെടുത്തുവയ്ക്കും. പിന്നീട് ഉലയുടെ അടിയിലെ തട്ടില്‍ ലോഹക്കഷണങ്ങള്‍ നിറച്ച മൂശകള്‍ വയ്ക്കും. 10 കിലോ ലോഹംവീതം കൊള്ളുന്ന 10 മൂശകളാണു വയ്ക്കുക. അതിനുമീതെ വിറകു കത്തിച്ചു ചൂടാക്കും. അതിനുംമുകളിലെ തട്ടില്‍ മെഴുകു നീക്കംചെയ്തശേഷമുള്ള കരുക്കള്‍ അടുക്കിവയ്ക്കും. എന്നിട്ട് ഉല മൂടിവയ്ക്കും. ഏകദേശം 950 ഡിഗ്രിയിലാണു ചൂടാക്കുക. നാലുനാലര മണിക്കൂര്‍ ചൂടാക്കും. ചൂടുകൊണ്ടു മൂശകളിലെ ലോഹം ഉരുകി തീയുടെ നിറത്തില്‍ ദ്രാവകരൂപത്തിലാവും. വിവിധയിനം കൊടിലുകള്‍കൊണ്ടു കരുക്കളും ലോഹദ്രാവകം നിറഞ്ഞ മൂശകളും പുറത്തെടുക്കും. ഓരോ കരുവിനും മുകളില്‍ പിടിപ്പിച്ചിട്ടുള്ള വട്ടത്തിലൂടെ ലോഹദ്രാവകം കൊടിലുകളുടെ സഹായത്തോടെ ഒഴിക്കുന്നു. ലോഹദ്രാവകം ഒഴുകി ഉണ്ടാക്കേണ്ട വസ്തുവിന്റെ ആകൃതിയിലുള്ള ശൂന്യഭാഗങ്ങളില്‍ വന്നുനിറയുകയും ആ വസ്തുവായി മാറുകയും ചെയ്യുന്നു. പിറ്റേന്നു കരു പുറത്തെടുത്തു ലോഹരൂപത്തെ പുതഞ്ഞിരിക്കുന്ന മണ്ണും മറ്റും ഉടച്ചുകളയുന്നു. തുടര്‍ന്നു പൂര്‍ണത വരുത്തലാണ്. വിവിധ ഘടകങ്ങളുടെ കൂട്ടിയോജിപ്പിക്കലുകളും ചീകിമിനുക്കലും രാകിച്ചീന്തലും അരക്കില്‍ പിടിപ്പിച്ചുറപ്പിച്ചശേഷം ഉളി ഉപയോഗിച്ചുള്ള കടയലും ഒക്കെ ഇതിന്റെ ഭാഗമാണ്. ഒടുവില്‍ പോളിഷ് ചെയ്യലാണ്. പണ്ട് മൂശാരിപ്പൊടികൊണ്ടായിരുന്നു പോളിഷ് ചെയ്യല്‍. ഇപ്പോള്‍ മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണത്തില്‍വച്ച് പ്രത്യേക സോപ്പ് ഉപയോഗിച്ചു തുണികൊണ്ടുള്ള ബ്രഷ് വച്ചാണു പോളിഷിങ്്. ഇതാണു പൊതുരീതി. വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതകളനുസരിച്ച് ഇതില്‍ വ്യത്യാസങ്ങളുണ്ടാകും – രഘു പറഞ്ഞു.

പുതിയ തലമുറ ഈ ജോലിയിലേക്കു വരുന്നില്ല എന്നതു പ്രശ്‌നമാണെന്നു പ്രസിഡന്റ് കെ.ആര്‍. രവി പറഞ്ഞു. ജി.എസ്.ടിയും സംഘത്തിനു സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കുന്നു. സ്റ്റൈപ്പന്റ് നല്‍കിയാല്‍ ട്രെയിനികളായി ഈ ജോലി പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കാണും. പക്ഷേ, സ്റ്റൈപ്പന്റ് നല്‍കാനുള്ള സാമ്പത്തികശേഷി സംഘത്തിനില്ല. സര്‍ക്കാര്‍ സ്റ്റൈപ്പന്റ്തുക വഹിച്ചാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ട്രെസ് വര്‍ക്ക് ചെയ്ത പണിശാലയാണുള്ളത്. ഇതുമാറ്റി ഉറപ്പുള്ള കെട്ടിടമാക്കി പുതുക്കിപ്പണിയണമെന്നുണ്ടെന്നു സെക്രട്ടറി അമ്പിളി പറഞ്ഞു. ചില യന്ത്രസാമഗ്രികള്‍ വരുത്തണമെന്നുമുണ്ട്. ഇതിനു ഗ്രാന്റിനായി ജില്ലാ വ്യവസായകേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

[mbzshare]

Leave a Reply

Your email address will not be published.