കേരളം, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് ആന്റ് ഹരിയാന, ഉത്തരാഖണ്ഡ്, അലഹാബാദ്, രാജസ്ഥാന്‍, ബോംബെ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടെന്നു സുപ്രീംകോടതി അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമവുമായി ബന്ധപ്പെട്ട് ഇനി വരുന്ന കേസുകളും മദ്രാസ് ഹൈക്കോടതിക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മേപ്പയ്യൂര്‍ സഹകരണസംഘത്തിന്റെ ഹര്‍ജിയും മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റുന്നത്.
ഹൈക്കോടതികള്‍ക്കു മുമ്പാകെയുള്ള ചില ഹര്‍ജികളില്‍ ബാങ്കിങ് ഭേദഗതിനിയമത്തെയാണു ചോദ്യം ചെയ്യുന്നത്. മറ്റു ചിലതില്‍ 2021 ജൂണ്‍ 25 നു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിനെയാണു ചോദ്യം ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ എല്ലാ ഹര്‍ജികളും തീര്‍പ്പിനായി ഒരു ഹൈക്കോടതിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍. വിവിധ ഹൈക്കോടതികളില്‍ നിന്നു പരസ്പരവിരുദ്ധമായ ഉത്തരവുകള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ കേസുകളും ഒരു ഹൈക്കോടതിമുമ്പാകെ പരിഗണിക്കുന്നതാണ് ഉചിതമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അന്നത്തെ വാദം. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സഹകരണബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണപരിധിയില്‍ കൊണ്ടുവരാനാണു 2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
പേരിനൊപ്പം ബാങ്ക് എന്നു ചേര്‍ക്കുന്നതിനെതിരായ സര്‍ക്കുലറും നടപടിയും ചോദ്യം ചെയ്താണു മേപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കവെ സഹകരണവകുപ്പു സ്‌പെഷല്‍ ഗവ. പ്ലീഡര്‍ പി.പി. താജുദ്ദീനാണു ഇത്തരം ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിക്കു കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയത്.