ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച ഗുജറാത്തിലെ അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 6.25 ലക്ഷം രൂപ പിഴ

[mbzauthor]

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു ഗുജറാത്തില്‍നിന്നുള്ള അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പിഴശിക്ഷ വിധിച്ചു. അഞ്ചു ബാങ്കുകളില്‍നിന്നുമായി മൊത്തം 6.25 ലക്ഷം രൂപയാണ് പിഴയായി ഈടാക്കുക. ഇടുക്കിയിലെ തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് ( ഫെബ്രുവരി 23 വരെ ) നീട്ടിയിട്ടുമുണ്ട്.

അഹമ്മദാബാദ് ശ്രീ മഹിള സേവ സഹകാരി ബാങ്കിനു രണ്ടര ലക്ഷം രൂപയാണു പിഴയിട്ടത്. മറ്റു ബാങ്കുകളില്‍ തുക നിക്ഷേപിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിച്ചതിനും ടേം ഡെപ്പോസിറ്റിന്മേല്‍ പലിശ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണു ശ്രീ മഹിള സേവ ബാങ്കിനു ശിക്ഷ വിധിച്ചത്. മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥ ലംഘിച്ചതിനാണു പോര്‍ബന്തറിലെ വിഭാഗീയ നാഗരിക് സഹകാരി ബാങ്കിനു രണ്ടു ലക്ഷം രൂപയുടെ പിഴയിട്ടത്. ഇതേ കുറ്റത്തിനാണു ഹിമ്മത്ത്‌നഗറിലെ സര്‍വോദയ നാഗരിക് സഹകാരി ബാങ്കിന് ഒരു ലക്ഷം രൂപയുടെ പിഴ വിധിച്ചത്.

ഖംഭട്ടിലെ നാഗരിക് സഹകാരി ബാങ്കിനു അര ലക്ഷം രൂപയാണു പിഴ വിധിച്ചത്. ഭരണസമിതിയംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും മാനദണ്ഡം ലംഘിച്ചു വായ്പകള്‍ അനുവദിച്ചതിനാണു ബാങ്കിനെ ശിക്ഷിച്ചത്. പഞ്ച്മഹല്‍ ജില്ലയിലെ വെജാല്‍പ്പൂര്‍ നാഗരിക് സഹകാരി ബാങ്കിനു 25,000 രൂപയുടെ പിഴശിക്ഷയാണു കിട്ടിയത്. മറ്റു ബാങ്കുകളില്‍ തുക നിക്ഷേപിച്ചതില്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതാണു കുറ്റം. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകളനുസരിച്ചാണു റിസര്‍വ് ബാങ്ക് അര്‍ബന്‍ ബാങ്കുകള്‍ക്കെതിരെ ശിക്ഷണനടപടി കൈക്കൊണ്ടത്.

[mbzshare]

Leave a Reply

Your email address will not be published.