പ്രാഥമിക ബാങ്കുകള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം
പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിനെ (ടി.ഐ.എസ്.) നിര്‍വ്വഹണ ഏജന്‍സിയായും തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതിയില്‍ കേരളം പങ്കാളിയാകേണ്ടതില്ലെന്നും തീരുമാനിച്ചു. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര പദ്ധതിയുടെ ഭാഗമാണ്. കേരളബാങ്കുമായി ബന്ധിപ്പിച്ചാകും കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കുക. ഇതിനുള്ള ടെണ്ടര്‍ നടപടി നേരത്തെ സഹകരണ വകുപ്പ് തുടങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചത്. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടതിനാലുമാണ് കേന്ദ്ര പദ്ധതിയുടെ ഭാഗമാകാത്തതെന്നാണ് വിശദീകരണം.
കേരളം സ്വന്തം നിലയില്‍ നടപ്പാക്കുന്ന സോഫ്റ്റ് വെയര്‍ പദ്ധതിക്ക് സഹകരണ ബാങ്കുകള്‍തന്നെ പണം കണ്ടെത്തേണ്ടിവരും. കേന്ദ്രപദ്ധതി പൂര്‍ണമായും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലുള്ളതാണ്. ഏതെങ്കിലും സഹകരണ ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ കേന്ദ്രസോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കാന്‍ പാകത്തിലുള്ളതാണെങ്കിലും, കേന്ദ്രമാനദണ്ഡം അനുസരിച്ച് മാറ്റാവുന്നതാണെങ്കിലും അത് നിലനിര്‍ത്താമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സോഫ്റ്റ് വെയര്‍ നിലനിര്‍ത്തുന്ന സംഘങ്ങള്‍ക്ക് അതിന്റെ ചെലവായി 50,000 രൂപ കേന്ദ്രസഹായമായി നല്‍കുകയും ചെയ്യും. സംസ്ഥാനത്തിന്റെ പദ്ധതിയില്‍ സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥയില്ല.
കേരളബാങ്കിന്റെ ഇടപാടുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വിധം പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റിയെടുക്കുകയാണ് സംസ്ഥാന പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കേരളബാങ്കിന്റെ സേവനങ്ങള്‍ മറ്റ് ഏത് വാണിജ്യ ബാങ്കിനേക്കാളും മെച്ചപ്പെട്ട നിലനിലയില്‍ പ്രാദേശിക തലത്തില്‍ എത്തിക്കാനാകും. ഇതിനായി പ്രാഥമിക ബാങ്കുകളില്‍ ഒരേ രീതിയിലുള്ള സോഫ്റ്റ് വെയര്‍ സ്ഥാപിക്കുകയും ഇതിനെ കേരളബാങ്കിന്റെ കോര്‍ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.