പുനര്‍ജനി സ്വപ്‌നവുമായി കുറുവ പട്ടികജാതി സഹകരണ സംഘം
34 വര്‍ഷം മുമ്പു തുടക്കമിട്ട മലപ്പുറം കുറുവ പട്ടികജാതി
സര്‍വീസ് സഹകരണ സംഘം പുനരുജ്ജീവന പദ്ധതികളുമായി
പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ്. കെട്ടിടനിര്‍മാണ
സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന യൂണിറ്റും ഡെയറി ഫാമും
കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും നടത്തുന്ന സംഘം ഔഷധ-
പൂജാ സസ്യങ്ങളുടെ കൃഷിയിലും ഒരുകൈ
നോക്കാന്‍ പോവുകയാണ്.
മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ വലിയൊരു പഞ്ചായത്താണു കുറുവ. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി അവിടെ 34 വര്‍ഷം മുമ്പ് ഒരു സഹകരണസംഘം രൂപംകൊണ്ടു. അവര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ചില പദ്ധതികള്‍ പാതിവഴിയില്‍ തപ്പിത്തടഞ്ഞു നിശ്ചലമായിപ്പോയി. എന്നിട്ടും, നിരാശരാകാതെ മുന്നോട്ടു നടക്കാനാണു ഭരണസമിതിയും സംഘാംഗങ്ങളും ആഗ്രഹിച്ചത്. പരാജയങ്ങളില്‍നിന്നു ഊര്‍ജമുള്‍ക്കൊണ്ട് അവര്‍ പുതിയ പദ്ധതികള്‍ ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുന്നു, വിജയിക്കും എന്ന പ്രതീക്ഷയോടെ.
കുറുവ പഞ്ചായത്തിലെ ജനസംഖ്യ അര ലക്ഷത്തോളം വരും. ഇവിടെ പട്ടികജാതി വിഭാഗക്കാര്‍ ഏറെയുണ്ടെങ്കിലും മൂന്നര പതിറ്റാണ്ടു മുമ്പുവരെ അവരുടെ ഉന്നമനത്തിനായി ഒരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. അതിനൊരു മാറ്റമുണ്ടാക്കിയതു മൂത്തേടത്തു നാരായണന്‍ മാഷ് എന്ന സഹകാരിയാണ്. കുറുവ പഞ്ചായത്തിലെ വറ്റലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ അധ്യാപകനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു നാരായണന്‍ മാഷ്. കുറുവ പഞ്ചായത്തിലെ പട്ടികജാതിക്കാര്‍ക്കായി ഒരു സഹകരണസംഘം എന്ന ആശയവുമായി മുന്നോട്ടുവന്നത് അദ്ദേഹമാണ്. പട്ടികജാതിക്കാരുടെ വളര്‍ച്ച ഉറപ്പാക്കുക, അവരുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റുക, അവരുടെയിടയില്‍ നിന്നുള്ള കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ കൊടുക്കുക എന്നിവയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍. നാരായണന്‍ മാഷിന്റെ നേതൃത്വത്തില്‍ വേണുചീഫ് പ്രമോട്ടറായിക്കൊണ്ട് 1989 ഒക്ടോബര്‍ പത്തിനു കുറുവ പട്ടികജാതി സര്‍വീസ് സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ 94 എ ക്ലാസ് മെമ്പര്‍മാര്‍ മാത്രമാണു സംഘത്തിലുണ്ടായിരുന്നത്. ഇപ്പോഴതു 489 ആയിട്ടുണ്ട്. വളരെ നല്ല രീതിയില്‍ത്തന്നെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നാരായണന്‍ മാഷ് ഒപ്പമുണ്ടായിരുന്നു. മലപ്പുറം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറായ എം. ശ്രീഹരി അദ്ദേഹത്തിന്റെ മകനാണ്. അച്ഛന്റെ കാലശേഷം പിന്തുണയുമായി സംഘത്തിനൊപ്പം മകനുമുണ്ട്.
പീടികമുറികളിലായി വാടകയ്ക്കു പ്രവര്‍ത്തിച്ചിരുന്ന സംഘത്തിനു രണ്ടായിരത്തില്‍ സ്വന്തമായൊരു ഓഫീസ് കെട്ടിടമുണ്ടായി. ജില്ലാ പഞ്ചായത്തില്‍ നിന്നു ലഭിച്ച ഫണ്ടുപയോഗിച്ച് പഞ്ചായത്തിലെ പട്ടികജാതിവിഭാഗക്കാരുടെ കോളനിയായ വറ്റലൂരില്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി 629.46 സ്‌ക്വയര്‍ ഫീറ്റിലാണു സംഘത്തിന്റെ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. അംഗങ്ങളില്‍നിന്നും അല്ലാത്തവരില്‍നിന്നും നിക്ഷേപം സ്വീകരിക്കുക, അംഗങ്ങള്‍ക്കു വായ്പ നല്‍കുക എന്നിവയാണു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കൂടാതെ, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന യൂണിറ്റും ഡെയറി ഫാമും കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും സംഘം നടത്തുന്നുണ്ട്.
കെട്ടിടനിര്‍മാണ
വസ്തുക്കള്‍ വാടകക്ക്
മൈക്രോ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു കൊടുക്കുന്ന യൂണിറ്റ് ഈ സഹകരണസംഘം ആരംഭിച്ചത്. പ്രതീക്ഷക്കു വിപരീതമായി ഈ സംരംഭം പിന്നീട്് നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. നല്ലൊരു സംഖ്യ മുടക്കി വാങ്ങിയ ഉപകരണങ്ങളെല്ലാം ഉപയോഗിക്കാനാവാതെ തുരുമ്പെടുത്തുപോയി. വികസനവും പുനരുദ്ധാരണവും എന്ന പദ്ധതിപ്രകാരം 2016-17 ല്‍ സംഘത്തിനു മൂന്നു ലക്ഷം രൂപയുടെ ഫണ്ട് ലഭിച്ചതു വലിയൊരു ആശ്വാസമായി. ഈ തുകകൊണ്ട് കെട്ടിടനിര്‍മാണ ഉപകരണങ്ങളുടെ യൂണിറ്റ് വിപുലമാക്കി. തുരുമ്പെടുത്ത പഴയ സാധനങ്ങളെല്ലാം മാറ്റി പുതിയവ വാങ്ങി. പ്ലാസ്റ്റിക് ഷീറ്റുകളും ജാക്കികളും ട്രോളിയും മറ്റുമടങ്ങുന്ന ഈ യൂണിറ്റ് ഇപ്പോള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ട്. കുറുവ പഞ്ചായത്തിലും തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്നുമായി ആളുകള്‍വന്നു സാധനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ട്. ആദ്യകാലത്തു വാടകമുറികളിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ വറ്റലൂരിലുള്ള സംഘം ഓഫീസിനു തൊട്ടടുത്തായാണു പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ പ്രധാന വരുമാനമാര്‍ഗംകൂടിയാണ് ഈ കെട്ടിടനിര്‍മാണവസ്തുക്കള്‍.
കമ്പ്യൂട്ടര്‍
പരിശീലനകേന്ദ്രം
സംഘത്തിന്റെ കീഴില്‍ പട്ടികജാതിയില്‍പ്പെട്ട കുട്ടികള്‍ക്കു കുറഞ്ഞ ഫീസില്‍ കമ്പ്യൂട്ടര്‍ പഠിക്കാനുളള സൗകര്യമൊരുക്കുന്നതിനായി 2017- 18 ല്‍ ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണു കമ്പ്യൂട്ടര്‍ സെന്ററിന്റെ പണി തുടങ്ങിയത്. സംഘംഓഫീസിനു മുകളിലേക്ക് ഒരു നിലകൂടി പണിതാണു കമ്പ്യൂട്ടര്‍ സെന്റര്‍ സ്ഥാപിച്ചത്. ഈ നിലയുടെ ഒരു ഭാഗം ഓഫീസ് ആവശ്യങ്ങള്‍ക്കു വേണ്ടിയും മാറ്റിവെച്ചു. സെന്ററിലേക്കു പത്തു കമ്പ്യൂട്ടറുകളാണു വാങ്ങിയത്. എല്‍.ബി.എസ്സു മായി സംയോജിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണു കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ ആരംഭിക്കാനുള്ള പദ്ധതിയിട്ടത്. എന്നാല്‍, കെ.ജി.ഡി.സി, എല്‍.ബി.എസ.് സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യാനുള്ള അനുമതി ലഭിക്കാന്‍ വൈകി. പിന്നീട് കോവിഡ് മഹാമാരി വന്നതോടെ എല്ലാം നിശ്ചലമായി. അതോടെ, കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ നടത്തിപ്പിനായുള്ള നടപടികള്‍ പാതിവഴിയിലായി. കോവിഡിനുശേഷം വീണ്ടും സെന്റര്‍ ആരംഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യുന്നതിനു കാലതാമസം നേരിടുന്ന സാഹചര്യമാണുളളതെന്നു സെക്രട്ടറി വിനീത പറഞ്ഞു. സംഘത്തിന്റെ തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം ഈ കമ്പ്യൂട്ടര്‍ സെന്റര്‍ ഏറ്റെടുത്തു നടത്താനുളള കരാറുമായി മുന്നോട്ടു വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ സെന്റര്‍ അവര്‍ക്കു വാടകയ്ക്ക് കൊടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
ഡെയറി
ഫാം
വ്യവസായരംഗത്തേക്കുളള സംഘത്തിന്റെ ചുവടുവെയ്പ്പായിരുന്നു കുറുവ കരിഞ്ചാപ്പാടിയിലുള്ള ഡെയറി ഫാം. ഇതിനായി സര്‍ക്കാറില്‍ നിന്നു 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2019 ജനുവരി 24 നാണു കരിഞ്ചാപ്പാടിയിലെ രണ്ടു ഏക്കര്‍ 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു ഡെയറി ഫാമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ അഞ്ചു കറവപ്പശുക്കളും കിടാരികളും ഉള്‍പ്പടെ ഒമ്പതു പശുക്കളാണുണ്ടായിരുന്നത്. മികച്ച രീതിയിലായിരുന്നു ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, പശുക്കള്‍ക്കു അസുഖങ്ങള്‍ വന്നതു ഫാമിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തി. അതോടൊപ്പം, കാലിത്തീറ്റയുടെ വിലക്കയറ്റവും സീസണില്‍ വൈക്കോല്‍ സംഭരിക്കാന്‍ സാധിക്കാതായതും ഫാമിനെ സാമ്പത്തികമായി ബാധിച്ചു. ഇപ്പോള്‍ അഞ്ചു പശുക്കള്‍ മാത്രമാണുളളത്.
ഫാമില്‍ നിന്നു ലഭിക്കുന്ന പാല്‍ ക്ഷീരസംഘത്തില്‍ നല്‍കുന്നുണ്ട്. അതോടൊപ്പം, കരിഞ്ചാപ്പാടി പ്രദേശത്തു പാല്‍വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഗുണമേന്മയുള്ള പാല്‍ നല്‍കിയതിനു മില്‍മയില്‍നിന്നു സംഘത്തിനു പ്രശസ്തിപത്രം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡെയറി ഫാം മുന്നോട്ടുകൊണ്ടുപോകാനാണു സംഘത്തിന്റെ തീരുമാനം. ഇതില്‍നിന്നു സംഘത്തിനു ഇപ്പോള്‍ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഫാം കൂടുതല്‍ മെച്ചപ്പെടുത്തി ലാഭത്തിലേക്കെത്തിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്്. തൈര്, വെണ്ണ, കവര്‍പ്പാല്‍ തുടങ്ങിയവ മാര്‍ക്കറ്റിലിറക്കി കച്ചവടം വിപുലമാക്കാനാണു സംഘത്തിന്റെ പദ്ധതി. ഫാമിന്റെ ഒന്നര ഏക്കര്‍ സ്ഥലത്തു സംഘം കൃഷി ചെയ്യുന്നുണ്ട്. തീറ്റപ്പുല്ല്, വാഴ, ചേമ്പ് തുടങ്ങിയവയാണു പ്രധാന കൃഷികള്‍. കൃഷി കൂടുതല്‍ മെച്ചപ്പെടുത്താാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മങ്കട പഞ്ചായത്തില്‍ 38 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു സംഘം നെല്‍ക്കൃഷി നടത്തിയിരുന്നു. അതില്‍ നിന്നു 9000 രൂപ ലാഭം ലഭിച്ചിരുന്നു. 38 റോള്‍ വൈക്കോല്‍ സംഭരിക്കാനും സാധിച്ചു.
പുനര്‍ജനി
പദ്ധതി
പുനര്‍ജനി പദ്ധതിവഴി വില കൂടിയ ഔഷധ-പൂജാ സസ്യങ്ങള്‍ കൃഷി ചെയ്തു മാര്‍ക്കറ്റിലെത്തിക്കുക എന്നതാണു സംഘത്തിന്റെ പുതിയ പദ്ധതി. ഈ പദ്ധതിയില്‍ നിന്നു നേഴ്‌സറി പ്ലാന്റ് തുടങ്ങുന്നതിനായി 11.38 ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. പട്ടികവിഭാഗം സംഘങ്ങളുടെ പുനരുദ്ധാരണത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമായി ഇടപെടാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായാണു പുതിയ പദ്ധതിക്കായി സംഘത്തിനു ഫണ്ട് അനുവദിച്ചത്. ശംഖുപുഷ്പം, കൊടുവേലി, കറ്റാര്‍വാഴ, കച്ചോലം, ഇഞ്ചി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍ തുടങ്ങിയവയാണു പ്രധാനമായും കൃഷി ചെയ്യാനുദ്ദേശിക്കുന്നത്. മലഞ്ചരക്ക് വ്യാപാരം നടക്കുന്ന കടകളില്‍ കൊണ്ടുപോയി ചെറിയതോതില്‍ വില്‍പ്പന നടത്താനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാമത്തെ ഘട്ടമായി ആയൂര്‍വേദശാലകളിലേക്ക് അവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കും. ഇതിനായി പ്രമുഖ ആയുര്‍വേദശാലയുമായി കരാറുണ്ടാക്കുന്നതിനുള്ള ശ്രമം സംഘം തുടങ്ങിയിട്ടുണ്ട്്. തുളസി, കൂവളം, തെച്ചി തുടങ്ങിയ പൂജാസസ്യങ്ങള്‍ കൃഷി ചെയ്തു കുറഞ്ഞ നിരക്കില്‍ അമ്പലങ്ങളിലും മറ്റും നല്‍കാനും പരിപാടിയിടുന്നുണ്ട്. സംഘത്തിലെ ഒരു ഭരണമിതിയംഗം 45 സെന്റ് സ്ഥലം ഔഷധക്കൃഷിക്കായി നല്‍കിയിട്ടുണ്ട്.
വിജയന്‍ ടി.പി.യാണു സംഘത്തിന്റെ പ്രസിഡന്റ്. പി.കെ. ശ്രീധരന്‍ (വൈസ് പ്രസിഡന്റ്), എന്‍. ദാമോദരന്‍ മാസ്റ്റര്‍, സന്തോഷ്.എം,
ബാബു കെ.സി, ഗിരീഷ് കുമാര്‍.വി, പി.ടി. ജാനകിക്കുട്ടി, രമ്യ. എം, ആശ. എം. എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. വിനീത പി.യാണു സെക്രട്ടറി.