പുതിയ ദേശീയ സഹകരണനയം ജൂലായില്‍ അംഗീകരിച്ചേക്കും

moonamvazhi

പുതിയ ദേശീയ സഹകരണനയം അടുത്ത മാസം അംഗീകരിക്കാനിടയുണ്ടെന്നു കേന്ദ്ര സഹകരണമന്ത്രാലയം സൂചിപ്പിച്ചു. ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ കേന്ദ്ര സഹകരണമന്ത്രാലയം നിയോഗിച്ച 47 അംഗ സമിതി കരടുരൂപം തയാറാക്കി കേന്ദ്ര സഹകരണമന്ത്രി അമിത് ഷായുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തുകയുണ്ടായി. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു ദേശീയ സഹകരണനയം അടുത്ത മാസത്തോടെ അംഗീകരിക്കപ്പെടുമെന്ന ധാരണയുണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രമന്ത്രാലയങ്ങള്‍, ദേശീയതല സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷമായിരിക്കും പുതിയ നയപ്രഖ്യാപനമുണ്ടാവുക.

മുന്‍ കേന്ദ്രമന്ത്രിയും ദേശീയ സഹകരണനയരൂപവത്കരണസമിതി അധ്യക്ഷനുമായ സുരേഷ് പ്രഭുവാണ് അമിത് ഷാ മുമ്പാകെ കരടു രൂപരേഖ സമര്‍പ്പിച്ചത്. എന്‍.സി.യു.ഐ. ചെയര്‍മാന്‍ ദിലീപ് സംഘാനി, നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി, NAFCUB ചെയര്‍മാന്‍ ജ്യോതീന്ദ്ര മേത്ത, യു.പി. സര്‍ക്കാരിന്റെ സാമ്പത്തികോപദേഷ്ടാവ് പി.കെ. അഗര്‍വാള്‍, IRMA ഡയറക്ടര്‍ ഉമാകാന്ത് ഡാഷ്, റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ, ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. സി. പിച്ചൈ, വാമ്‌നികോം ഡയറക്ടര്‍ ഡോ. ഹേമ യാദവ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദേശീയ സഹകരണനയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ച നയരൂപവത്കരണസമിതി സംഘങ്ങളില്‍ വരുത്തേണ്ട ഘടനാപരമായ പരിഷ്‌കാരങ്ങളെക്കുറിച്ചും അവയെ ചടുലമായ സാമ്പത്തികസ്രോതസ്സാക്കി മാറ്റുന്നതിനാവശ്യമായ ശുപാര്‍ശകളെക്കുറിച്ചും സഹകരണമന്ത്രിയുമായി സംസാരിച്ചു. സംഘങ്ങള്‍ക്കു മൂലധനവും ഫണ്ടും ലഭ്യമാക്കല്‍, മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കല്‍, സാങ്കേതികവിദ്യ ഉപയോഗിക്കല്‍, പരിശീലനം നല്‍കല്‍, പദ്ധതികള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

പുതിയ ദേശീയസഹകരണനയത്തില്‍ താഴെത്തട്ടു മുതല്‍ സഹകരണപ്രസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്തണം എന്നതിലൂന്നിയാണു മന്ത്രി അമിത് ഷാ സംസാരിച്ചത്. സഹകരണം ഒരു സംസ്ഥാനവിഷയമാണെന്നും സഹകരണസംഘങ്ങള്‍ക്കിടയിലെ സഹകരണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാവണം ദേശീയ സഹകരണനയ രൂപവത്കരണമെന്നും അമിത് ഷാ ഊന്നിപ്പറഞ്ഞതായി യോഗാനന്തരം എന്‍.സി.യു.ഐ. ചെയര്‍മാന്‍ ദിലീപ് സംഘാനി പറഞ്ഞു. പുതിയ സഹകരണനയത്തിലൂടെ തങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറിയതായി ഒരു സംസ്ഥാനത്തിനും തോന്നാന്‍ പാടില്ലെന്നും തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധ്യമാകുംവിധം ഉദാരമായിരിക്കണം ദേശീയ സഹകരണനയമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടതായി ദിലീപ് സംഘാനി അറിയിച്ചു.

ഇപ്പോഴത്തെ ദേശീയ സഹകരണനയം നിലവില്‍വന്നതു 2002 ലാണ്. ഇതു മാറ്റി പുതിയ ദേശീയനയം രൂപവത്കരിക്കുന്നതിനാണു കഴിഞ്ഞകൊല്ലം സെപ്റ്റംബറില്‍ സമിതിയെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News