പട്ടികവിഭാഗം സംഘങ്ങള്‍ക്ക് മുടങ്ങിയ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

moonamvazhi

സാമ്പത്തിക പ്രതിസന്ധികാരണം പട്ടികവിഭാഗം സംഘങ്ങള്‍ക്ക് മുടങ്ങിയ പുനര്‍ജനി പദ്ധതി അനുസരിച്ചുള്ള സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എട്ട് സംഘങ്ങള്‍ക്കുള്ള 2.26കോടിരൂപയുടെ സഹായമാണ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 93.16ലക്ഷം ഓഹരിയായും 1.33 കോടി സബ്‌സിഡി ഇനത്തിലുമാണ് നല്‍കുന്നത്. കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിലെ എട്ട് സംഘങ്ങള്‍ക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

2022 സപ്തംബറില്‍ ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് സഹകരണ സംഘങ്ങളുടെ പദ്ധതി അംഗീകരിച്ചത്. ഇതനുസരിച്ച് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം തുക നല്‍കാന്‍ കഴിഞ്ഞില്ല. 2023-24 വര്‍ഷത്തില്‍ തുക അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതനുസരിച്ചാണ് എട്ട് സംഘങ്ങള്‍ക്ക് തുക അനുവദിച്ച് വീണ്ടും ഭരണാനുമതി നല്‍കി ഉത്തരവിറക്കിയത്.

 

കൊല്ലം ജില്ലയിലെ കൊട്ടരക്കര പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘം, പാലക്കാട് ജില്ലയിലെ കുറുംബ പട്ടിക വര്‍ഗ സഹകരണ സംഘം, പെരുമാട്ടി പഞ്ചായത്ത് സര്‍വീസ് സഹകരണ സംഘം, പുതുനഗരം പട്ടികജാതി സഹകരണ സംഘം, അട്ടപ്പാടി പട്ടികജാതി സഹകരണ സംഘം, ചാത്തമംഗലം പട്ടികജാതി സഹകരണസംഘം, മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം എന്നിവയ്ക്കാണ് സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.