പഞ്ചാബ് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് വീണ്ടും പെന്‍ഷന്‍
പഞ്ചാബിലെ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്കു പെന്‍ഷന്‍ നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 62.68 കോടി രൂപ അനുവദിച്ചു. 1130 മുന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇതുവഴി പെന്‍ഷനും കുടിശ്ശികയും കിട്ടും. സംസ്ഥാന സഹകരണ മന്ത്രി ഹര്‍പാല്‍ സിങ് ചീമയാണ് 62.68 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ഒമ്പതു വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന പെന്‍ഷനാണ് പുനരാരംഭിക്കുന്നത്.
1989 ലാണു പഞ്ചാബ് സഹകരണ കാര്‍ഷിക വികസന ബാങ്ക് വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍, 2013 ല്‍ ഈ പെന്‍ഷന്‍ നിര്‍ത്തലാക്കി. വിരമിച്ച ജീവനക്കാര്‍ ഇതിനെതിരെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.