നൂറുദിന കര്‍മ പരിപാടി : സഹകരണ മേഖലയില്‍20,000 തൊഴിലുകള്‍ ഉറപ്പാക്കും

Deepthi Vipin lal

രണ്ടാം പിണറായിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 2022 ഫെബ്രുവരി പത്തു മുതല്‍ മെയ് ഇരുപതു വരെ സഹകരണ മേഖലയില്‍ നടപ്പാക്കുന്ന നൂറുദിന കര്‍മ പരിപാടിയുടെ വിശദാംശങ്ങള്‍ സഹകരണ വകുപ്പു പുറത്തുവിട്ടു. ഇതനുസരിച്ച് 500 സ്ഥിരം തൊഴില്‍ സൃഷ്ടിക്കും. കൂടാതെ, പദ്ധതികള്‍ക്കായി വായ്പ അനുവദിച്ചുകൊണ്ട് 19,500 തൊഴിലുകള്‍ ഉറപ്പാക്കുകയും ചെയ്യും.


സഹകരണ വകുപ്പ് / സഹകരണ സ്ഥാപനങ്ങള്‍ മുഖേനയാണ് 500 സ്ഥിരം തൊഴില്‍ സൃഷ്ടിക്കുക. കേരള ബാങ്ക്, പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ അപെക്‌സ് ഫെഡറേഷനുകള്‍, മറ്റു സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ തൊഴിലധിഷ്ഠിതമായ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നീ പദ്ധതികള്‍ക്കായി വായ്പ അനുവദിച്ചുകൊണ്ടാണു 19,500 തൊഴിലുകള്‍ ഉറപ്പാക്കുക.

കേരള ബാങ്ക് വഴിയുള്ള വായ്പകളിലൂടെ 12,000 തൊഴിലുകള്‍ ഉറപ്പാക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ വായ്പകളിലൂടെ 7000 തൊഴിലുകളും സഹകരണ അപക്‌സ് ഫെഡറേഷന്‍ വായ്പകള്‍ വഴി 50 തൊഴിലുകളും വായ്‌പേതര സംഘങ്ങള്‍ വഴി 450 തൊഴിലുകളുമാണുണ്ടാക്കുക. ഈ നൂറു ദിനത്തില്‍ നല്‍കുന്ന വായ്പകള്‍ക്കു ഒമ്പതു ശതമാനമായിരിക്കും പലിശനിരക്ക്‌.
.

സഹകരണ അപക്‌സ് ഫെഡറേഷനുകള്‍ നേരിട്ടു നടത്തുന്ന പദ്ധതികള്‍ മുഖാന്തരമുണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഇപ്രകാരമാണ് : ( ബ്രാക്കറ്റില്‍ തൊഴിലവസരങ്ങളുടെ എണ്ണം ) : കണ്‍സ്യൂമര്‍ഫെഡ്, വനിതാഫെഡ്  ( 15 വീതം ), മാര്‍ക്കറ്റ്‌ഫെഡ് ( 5 ), റബ്ബര്‍മാര്‍ക്ക് ( 3 ), എസ്.സി / എസ്.ടി. ഫെഡ് ( 12 ).

പ്രാഥമിക വായ്പാ സംഘങ്ങള്‍ വഴി ഓരോ ജില്ലയിലും സൃഷ്ടിക്കേണ്ട തൊഴിലുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ( 800 വീതം ), തൃശ്ശൂര്‍ ( 700 ), കോട്ടയം, കണ്ണൂര്‍ ( 600 വീതം ), കോഴിക്കോട് ( 500 ), പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ( 400 വീതം ), കൊല്ലം, പത്തനംതിട്ട ( 300 വീതം ), ഇടുക്കി, വയനാട് ( 200 വീതം).

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/02/86.pdf”]

Leave a Reply

Your email address will not be published. Required fields are marked *

Latest News