നിര്‍മ്മാണ മേഖലയിലെ സംഘങ്ങള്‍ക്ക് ഓഡിറ്റ് മാന്വലില്‍ പുതിയ വ്യവസ്ഥ കൊണ്ടുവരാന്‍ നിര്‍ദ്ദേശം
നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ഓഡിറ്റ് മാന്വലില്‍ പ്രത്യേകം വ്യവസ്ഥ കൊണ്ടുവരാന്‍ ഓഡിറ്റ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. സഹകരണ നിയമത്തിലെ ഓഡിറ്റ് സംബന്ധിച്ചുള്ള വ്യവസ്ഥയില്‍ ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സംഘങ്ങളുടെ ഓഡിറ്റ് നടത്താന്‍ വ്യക്തമായ മാര്‍ഗരേഖയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഓഡിറ്റ് നടത്താന്‍ പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ ക്രഡിറ്റ്-മാര്‍ക്കറ്റിങ്-കണ്‍സ്യൂമര്‍ സംഘങ്ങളുടെ ഓഡിറ്റ് നടത്തുന്ന അതേരീതിയിലാണ് ഈ സംഘങ്ങളുടെ ഓഡിറ്റും നടത്തുന്നതെന്നാണ് ലാഡര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, മറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം പോലെയല്ല നിര്‍മ്മാണ മേഖലയിലെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ധനസ്ഥിതി തന്നെ വ്യത്യസ്തമാണ്. മറ്റ് സംഘങ്ങളുടെ ഓഡിറ്റ് മാനദണ്ഡം അനുസരിച്ചുമാത്രമേ ഈ സംഘങ്ങളും ഓഡിറ്റ് നടത്താനാകൂവെന്ന് സഹകരണ ഓഡിറ്റര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇത് സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണെന്നാണ് ലാഡര്‍ ചൂണ്ടിക്കാട്ടിയത്.
നിര്‍മ്മാണ മേഖലയിലെ സംഘങ്ങള്‍ ബിസിനസ് ആവശ്യത്തിന് വാങ്ങുന്ന സ്ഥലത്തിന്റെ വിലയും അതില്‍നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാപാരകണക്കില്‍ ഉള്‍പ്പെടുത്തുന്ന രീതിയാണ് വേണ്ടതെന്നാണ് ലാഡര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതടക്കം ഓഡിറ്റ് പരിഷ്‌കരണത്തില്‍ കൊണ്ടുവരേണ്ട അഞ്ച് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടാണ്, ഓഡിറ്റ് മാന്വലില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഓഡിറ്റ് ഡയറക്ടര്‍ക്ക് നല്‍കുന്നത്.