നിയമാവലി ഭേദഗതി ചെയ്താല്‍ കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന് റീജ്യണല്‍ സഹകരണ ബാങ്കായി പ്രവര്‍ത്തിക്കാം

moonamvazhi

നിയമാവലി ഭേദഗതി ചെയ്താല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിന്റെ പേരും ക്ലാസിഫിക്കേഷനും റീജ്യണല്‍ സഹകരണ ബാങ്ക് എന്നു മാറ്റിക്കൊടുക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 1969 ലെ കേരള സഹകരണ സംഘം നിയമം സെക്ഷന്‍ ഏഴില്‍ സബ് സെക്ഷന്‍ ഒന്നിലെ ക്ലോസ് സി യിലെ വ്യവസ്ഥയില്‍ നിന്നു ബാങ്കിനെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് അംഗീകരിച്ച പ്രമേയം രജിസ്ട്രാര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കേരള സഹകരണ സംഘം നിയമം സെക്ഷന്‍ ഏഴില്‍ സബ് സെക്ഷന്‍ ഒന്നിലെ ക്ലോസ് സി പ്രകാരം സമാനരീതിയിലുള്ള ഒരു സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ മറ്റൊരു നിര്‍ദിഷ്ടസംഘം കടന്നുകയറാന്‍ പാടുള്ളതല്ല. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ ആറു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക സഹകരണ അര്‍ബന്‍ ബാങ്കായി പ്രവര്‍ത്തിച്ചുവരുന്ന കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് നമ്പര്‍ 985 ന്റെ പ്രവര്‍ത്തനപരിധി കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും തലശ്ശേരി താലൂക്കില്‍പ്പെട്ട മാങ്ങാട്ടിടം, കോട്ടയം, പാട്യം പഞ്ചായത്തുകളുമാണ്.

1949 ലെ ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം അര്‍ബന്‍ സഹകരണ ബാങ്കായി പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു പ്രവര്‍ത്തനപരിധിനിയന്ത്രണത്തില്‍ നിന്നു തങ്ങളുടെ ബാങ്കിനെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അര്‍ബന്‍ ബാങ്കിന്റെ ഭരണസമിതി സഹകരണ സംഘം രജിസ്ട്രാര്‍വഴി സംസ്ഥാന സര്‍ക്കാരിനു അപേക്ഷ സമര്‍പ്പിച്ചത്. കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 15 പ്രകാരം അര്‍ബന്‍ ബാങ്കിനെ ക്ലാസിഫിക്കേഷനില്‍ മാറ്റം വരുത്തി റീജ്യണല്‍ ബാങ്കായി അംഗീകരിക്കണമെന്നും ബാങ്ക് അഭ്യര്‍ഥിച്ചിരുന്നു.

അര്‍ബന്‍ ബാങ്കിന്റെ പേരും ക്ലാസിഫിക്കേഷനും മാറ്റുന്നതു ബാങ്കിന്റെ നിയമാവലിഭേദഗതിക്കു വിധേയമായിരിക്കുമെന്ന വ്യവസ്ഥയിലാണു സെക്ഷന്‍ ഏഴില്‍ സബ് സെക്ഷന്‍ ഒന്നിലെ ക്ലാസ് സി വ്യവസ്ഥകളില്‍ നിന്നു കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിനു ഇളവനുവദിച്ചിരിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തിലെ സെക്ഷന്‍ 101 പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് പൊതുതാല്‍പ്പര്യം പരിഗണിച്ചാണു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിട്ടുള്ളത്.

eogfiledownload – 2022-10-18T171622.296

Leave a Reply

Your email address will not be published. Required fields are marked *

Latest News