നിയമനക്കാര്യത്തില്‍ മഹാരാഷ്ട്ര സഹകരണ മന്ത്രിയുടെ ഉത്തരവ് തടഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി  

moonamvazhi

ജില്ലാ സഹകരണ ബാങ്കിലെ നിയമനക്കാര്യത്തില്‍ മന്ത്രിയെടുത്ത തീരുമാനം സ്‌റ്റേ ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നടപടി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് തള്ളി. ബന്ധപ്പെട്ട വകുപ്പുമന്ത്രി എടുത്ത തീരുമാനം പുനരവലോകനം ചെയ്യാനോ തിരുത്താനോ ഉള്ള മേല്‍നോട്ട അധികാരം മുഖ്യമന്ത്രിക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സഹകരണമന്ത്രി അതുല്‍ സാവെ എടുത്ത തീരുമാനമാണു മുഖ്യമന്ത്രി തടഞ്ഞത്.

ഏതാനും തസ്തികകളിലേക്കു ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ചന്ദ്രാപ്പൂര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കിന്റെ ആവശ്യത്തിന്മേല്‍ സാവെ ഇറക്കിയ ഉത്തരവ് 2022 നവംബര്‍ 29 നു മുഖ്യമന്ത്രി സ്റ്റേ ചെയ്ത നടപടിയാണു ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാത്മീകി എസ്.എ. മെനെസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കാതെ തള്ളിയത്. റിക്രൂട്ട്‌മെന്റിന് അനുമതി കൊടുത്തുകൊണ്ടുള്ള മന്ത്രിയുടെ ഉത്തരവ് ഭരണപരമായ സ്വഭാവത്തിലുള്ളതാണെന്നും അതു പുനരവലോകനം ചെയ്യേണ്ടതു ആ മന്ത്രി തന്നെയാണെന്നും കോടതി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിച്ചട്ടങ്ങളും നിര്‍ദേശങ്ങളുമനുസരിച്ച് ബന്ധപ്പെട്ട മന്ത്രിയെടുത്ത തീരുമാനം പുനപ്പരിശോധിക്കാനോ ഭേദഗതി ചെയ്യാനോ മുഖ്യമന്ത്രിക്കു സ്വതന്ത്രാധികാരമൊന്നുമില്ലെന്നു കോടതി പറഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയുടെ നടപടി നിലനില്‍ക്കത്തക്കതല്ല. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനാവശ്യവും നിയമസാധുതയില്ലാത്തതുമാണ്. മുഖ്യമന്ത്രിയല്ല സഹകരണവകുപ്പിന്റെ തലവന്‍. വകുപ്പിനു പ്രത്യേകം മന്ത്രിയുണ്ട്. ചട്ടപ്രകാരം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മന്ത്രി മുഖ്യമന്ത്രിയുടെ കീഴിലുള്ളയാളല്ല – കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്റ്റേ ഉത്തരവിനെ ജില്ലാ സഹകരണ ബാങ്കാണു ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ ഉത്തരവിനു നിയമസാധുതയില്ലെന്നും സ്വാഭാവികനീതിയുടെ തത്വങ്ങള്‍ ഇതിലൂടെ ലംഘിച്ചിരിക്കയാണെന്നും ചന്ദ്രാപ്പൂര്‍ ജില്ലാ ബാങ്ക് വാദിച്ചു.

ബാങ്കിലെ 393 ഒഴിവുകള്‍ നികത്താനുള്ള നിര്‍ദേശത്തിനു അന്വേഷണങ്ങള്‍ക്കുശേഷം സഹകരണ കമ്മീഷണറാണു അനുമതി നല്‍കിയതെന്നു ജില്ലാ ബാങ്ക് കോടതിയില്‍ ബോധിപ്പിച്ചു. രാഷ്ട്രീയപ്രേരിതമായാണു മുഖ്യമന്ത്രി മന്ത്രിയുടെ ഉത്തരവ് തടഞ്ഞത്. ഇതു വിവേചനപരമാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നില്‍. വേണ്ടത്ര ജീവനക്കാരില്ലാതെ 93 ശാഖകള്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ്- ബാങ്ക് ബോധിപ്പിച്ചു. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മന്ത്രിമാരുടെ നടപടികള്‍ക്കു മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും അതിനാല്‍ അവരുടെ ഉത്തരവുകള്‍ പുനരവലോകനം ചെയ്യാന്‍ അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. നിയമനനടപടികള്‍ നിര്‍ത്തിവെച്ച് അന്വേഷണം നടത്താനാണു മുഖ്യമന്ത്രി നിര്‍ദേശിച്ചത്- സര്‍ക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News