നാല് ജില്ലകളില്‍ സ്വകാര്യ വ്യവസായ പര്‍ക്ക്; സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം

moonamvazhi

സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് അപേക്ഷകള്‍ ലഭിച്ചുതുടങ്ങി. നിലവില്‍ നാല് ജില്ലകളില്‍നിന്നുള്ള അപേക്ഷകളില്‍ തീരുമാനമായി. സഹകരണ സംഘങ്ങള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിന് അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു സംഘവും അപേക്ഷ നല്‍കിയിട്ടില്ല. ഇതിനൊപ്പം, തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയില്‍ സഹകരണ സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പത്ത് ഏക്കറോ അതിലധികമോ വരുന്നതും വ്യവസായത്തിന് അനുയോജ്യമായതുമായ ഭൂമിയില്‍ ചെറുകിട സംരംഭകരുടെ കൂട്ടായ്മ, സഹകരണ സ്ഥാപനങ്ങള്‍, കൂട്ടുടമ സംരംഭകര്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, കമ്പനികള്‍ മുതലായവര്‍ക്ക് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാന്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാം. ഈ അപേക്ഷകള്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തലത്തില്‍ പരിശോധിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഇത് വകുപ്പുതല സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നത സമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റിന് അനുമതി നല്‍കും.

15 ഏക്കറിന് മുകളിലുള്ള വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് 1963ലെ ഭൂ പരിഷ്‌കരണ നിയമപ്രകാരമുള്ള ഇളവ് അനുവദിച്ചുകൊണ്ടും ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാനായ ജില്ലാതല പരിശോധന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിതല കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, കോട്ടയം, പാലക്കാട് എന്നി ജില്ലകളിലാണ് നിലവില്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുമതി നല്‍കിയത്. ഈ എസ്റ്റേറ്റുകളിലൂടെ 58 കോടിയുടെ നിക്ഷേപവും 3950 തൊഴിലവസരങ്ങളും സൃഷ്ടിക്കാനിടയുണ്ടെന്ന് കണക്കാക്കുന്നു.

സഹകരണ സംഘങ്ങള്‍ ഇലക്ട്രോണിക് മേഖലയിലടക്കം സംരംഭങ്ങള്‍ തുടങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി വ്യവസായ വകുപ്പ് സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായി ഭൂമിയെ കുറിച്ച് വ്യവസായ വകുപ്പ് സര്‍വേ നടത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ സഹകരണ സംഘങ്ങളുടെ പങ്കാളിത്തതോടെ സംരംഭങ്ങള്‍ തുടങ്ങുന്നതാണ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News