നബാർഡ്, എൻ.സി.ഡി.സി വായ്പകൾ ഉപയോഗപ്പെടുത്താൻ സഹകരണസംഘങ്ങൾക്ക്‌ കഴിയണം.

adminmoonam

നബാർഡ്, എൻ.സി.ഡി.സി വായ്പകൾ ഉപയോഗപ്പെടുത്താൻ സഹകരണസംഘങ്ങൾക്ക്‌ കഴിയണം.അതുവഴി കർഷകരെ കൂടുതൽ സഹായിക്കാൻ സാധിക്കും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-20

കർഷകർ നേരിടുന്ന പ്രധാനപ്പെട്ട 2 പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് എത്രകണ്ട് കഴിയും എന്നുള്ള ആലോചനയാണ് ഈ കുറിപ്പിന് ആധാരം . കൃഷി എന്നു പറയുന്നത് മിക്കവാറും സീസൺ അനുസരിച്ചാണ് ക്രമീകരിക്കുന്നത്. ഉദാഹരണമായി കേരളത്തിൽ നെൽകൃഷി പ്രധാനമായും മൂന്നു സീസണിൽ നടക്കുന്നതായി കാണാൻ കഴിയും. ഒന്നാം വിളയെ വിരിപ്പ് കൃഷി എന്നും, രണ്ടാം വിളയെ മുണ്ടകൻ എന്നും , മൂന്നാം വിള പുഞ്ച എന്നുമാണ് അറിയപ്പെടുന്നത് . ഒന്നാം വിളവെടുപ്പ് തീർന്നാൽ ഉടനെ തന്നെ രണ്ടാംവിള ഇറക്കാൻ കർഷകർ തയ്യാറാകേണ്ടതുണ്ട്. അതുപോലെതന്നെ രണ്ടാംവിളവിനു ശേഷം മൂന്നാം വിള ഇറക്കുന്നതിനും തയ്യാറായേ മതിയാകൂ. പലപ്പോഴും കൃഷി ഇറക്കുന്നതിൽ കാലതാമസം വന്നാൽ കൃഷിനാശം സംഭവിക്കുന്നതിനും, വിള നഷ്ടപ്പെടുന്നതിനും കാരണമായേക്കും.

പലപ്പോഴും വിളവെടുപ്പിനുശേഷം വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാറില്ല. വിപണിയിൽ വില നിശ്ചയിക്കുന്നത് ലഭ്യതയും, ആവശ്യകതയും തമ്മിലുള്ള ബന്ധത്തിൻറെ അടിസ്ഥാനത്തിലാണ്. എല്ലാവരുടെയും വിള ഒരേ സമയത്താണ് പാകമാകുന്നത് എന്നതിനാൽ ആ സമയത്ത് ലഭ്യത കൂടുകയും ,ആവശ്യത കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിളവെടുപ്പ് കാലത്ത് ഉത്പന്നങ്ങൾക്ക് വിപണിയിൽ വില കുറയുന്നത് സ്വാഭാവികമാണ്. മിക്കവാറും കർഷകർ ഒരു വിളവെടുപ്പിനുശേഷം കിട്ടുന്ന ഉൽപ്പന്നം വിറ്റ് ലഭിക്കുന്ന പണംകൊണ്ടാണ് അടുത്തവിള ഇറക്കുന്നത്.കൂടാതെ ഉൽപ്പന്നം കേടു വരാതെ സൂക്ഷിച്ച് വയ്ക്കുന്നതിന് ഒട്ടനവധി പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ കർഷകർ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. മിക്കവാറും കാർഷിക വിഭവങ്ങൾ ഭദ്രമായി കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. തന്നെയുമല്ല ഇവ വിറ്റ് ലഭിക്കുന്ന പണം കൊണ്ടാണ് അടുത്ത വിള ഇറക്കാൻ സാധിക്കുക.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന എല്ലാ വിളകളെ സംബന്ധിച്ചും, ഈ പ്രശ്നം നിലവിലുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ നിന്നും കർഷകർ പിൻവലിഞ്ഞത്. ഇതിന് പരിഹാരം കണ്ടെത്താൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും.നബാർഡ്, എൻ.സി.ഡി.സി എന്നീ സ്ഥാപനങ്ങൾ സഹകരണമേഖലയ്ക്ക് ഇതിനാവശ്യമായ പണം ലഭ്യമാക്കുന്നുണ്ട് . ചുരുങ്ങിയ പലിശക്ക് ലഭിക്കുന്ന ഈ പണം ഉപയോഗിച്ച് ഗോഡൗണുകൾ, വെയർഹൗസുകൾ എന്നിവ നിർമ്മിക്കാവുന്നതാണ്. ഐ.സി.ഡി.പി പദ്ധതി പ്രകാരം ഇത്തരത്തിൽ പല സഹകരണ സ്ഥാപനങ്ങളും വായ്പ വാങ്ങിയ ശേഷം, അത് മറ്റ് ഉപയോഗങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത് കേരളത്തിൽ സാധാരണയാണ് . ഇതിനുപകരം കാർഷിക പ്രധാനമായ പ്രദേശങ്ങളിൽ എങ്കിലും സഹകരണ സ്ഥാപനങ്ങൾ വെയർ ഹൗസുകളും, ഗോഡൗൺകളും നിർമ്മിക്കുന്നത് ഗുണകരമായിരിക്കും. കർഷകർ വിളവെടുപ്പിനുശേഷം തങ്ങളുടെ ഉൽപന്നങ്ങൾ വെയർ ഹൗസിൽ അല്ലെങ്കിൽ ഗോഡൗണിൽ സൂക്ഷിച്ചാൽ അതിൻറെ ഈടിൻ മേൽ വായ്പ അനുവദിക്കാവുന്നതാണ്. ഇതിനെയാണ് കീ ലോൺ എന്ന് വിളിക്കുന്നത്. അത് നാളികേരം,അടക്ക, നെല്ല്, കുരുമുളക് ,ഏലം എന്നു തുടങ്ങി വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന എല്ലാ വിളകൾക്കും ഈ രീതി ഗുണകരമായിരിക്കും .

ഈ വിഷയങ്ങളെക്കുറിച്ച് അവബോധതിൻറെ കുറവും, ആവശ്യക്കാരുടെ നിർബന്ധബുദ്ധി ഇല്ലായ്മയും, ആയിരിക്കാം ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങൾ പിൻവലിയാൻ കാരണം. വരും നാളുകളിൽ വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിയാതെ നിലനിൽക്കാനാവില്ല. റിലയൻസ് തുടങ്ങി വൻകിട കമ്പനികൾ നടത്തുന്നത് ഇത്തരത്തിലുള്ള വാല്യൂ ചെയിൻ ഇടപെടലുകളാണ് ഇവർ കർഷകർക്ക് വിത്ത്, വളം, ഉപദേശം എന്നിവ നൽകുകയും, അവരിൽ നിന്നും വിള തിരികെ വാങ്ങുകയും, അതു സൂക്ഷിച്ചു വെച്ച്, വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള സമയത്ത് ഇറക്കുകയും ആണ് ചെയ്യുന്നത്. ചില ഘട്ടങ്ങളിൽ ഉൽപ്പന്നങ്ങൾ പൂഴ്ത്തി വെച്ച് , വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുന്ന സ്ഥിതിയും നിലവിലുണ്ട് . ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് സഹകരണ സ്ഥാപനങ്ങൾ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താൻ മുന്നോട്ടു വരേണ്ടതാണ്.
ഡോ. എം. രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News