തൊഴില്‍പരിശീലനത്തിന് സഹകരണ സംഘം വായ്പ

moonamvazhi

വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സാങ്കേതിക- വൈജ്ഞാനിക മേഖലകളില്‍ കൂടുതല്‍ മികവ് ലഭിക്കാനും ഉയര്‍ന്ന തൊഴില്‍ നേടാനും പരിശീനത്തിനായി സഹകരണ സംഘങ്ങള്‍ വഴി വായ്പ ലഭ്യമാക്കും. സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് ‘നൈപുണ്യം’ എന്ന പേരില്‍ വായ്പ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അസാപ്, കാസെ, ഒഡെപെക്, ഗിഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പരിശീലനം തേടുന്നതിനാണ് കോഴ്സ് ഫീസായി വായ്പ അനുവദിക്കുന്നത്. സകരണ സംഘങ്ങള്‍, ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ എന്നിവ മുഖേനയാണ് വായ്പ നല്‍കുക. വിദ്യാര്‍ഥിയും രക്ഷിതാവും കൂട്ടായി വേണം വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. ഫീസോ, ഫീസിനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപയോ ഏതാണ് കുറവ് ആയത് മാത്രമേ അനുവദിക്കു. 10 ശതമാനം പലിശയായിരിക്കും ഈടാക്കുക.

കോഴ്സ് തീര്‍ന്ന് ആറ് മാസത്തിന് ശേഷമോ, ജോലി ലഭിച്ച് മൂന്ന് മാസത്തിന് ശേഷമോ ഏതാണ് ആദ്യം വരുന്നത് അന്നുമുതല്‍ വായ്പ തുക തിരിച്ചടയ്ക്കണം. രക്ഷിതാവിന്റെ ശമ്പള സര്‍ട്ടിഫിക്കറ്റോ, അതില്ലാത്ത പക്ഷം ഉദ്യോഗാര്‍ഥിയുടേയോ, രക്ഷാകര്‍ത്താവിന്റേയോ പേരിലുള്ള വസ്തുവിന്റെ ഏറ്റവും പുതിയ കരമടച്ച രസീത്, പ്രമാണത്തിന്റെ പകര്‍പ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുവരുടേയും സ്വന്തം ജാമ്യത്തിലായിരിക്കും വായ്പ അനുവദിക്കുക. 36 മാസമായിരിക്കും തിരിച്ചടവ് കാലാവധി. അപേക്ഷയില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണം. അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം പ്രവര്‍ത്തനപരിധിയായി വരുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ ഇത്തരം വായ്പകള്‍ അനുവദിക്കുന്നതിന് സംഘം നിയമാവലിയില്‍ വ്യവസ്ഥയില്ലങ്കില്‍ അടുത്തുകൂടുന്ന പൊതുയോഗത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തി ബൈലോ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News