തൊഴിലും വരുമാനവും കൂട്ടാനുള്ള അടപ്പുപാറ സംഘത്തിന്റെ സംരംഭത്തിന് സര്‍ക്കാരിന്റെ സഹായം
അടപ്പുപാറ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന് സ്വയംപര്യാപ്തതയിലേക്ക് വളരാന്‍ സര്‍ക്കാര്‍ സഹായം. സംഘത്തിലെ തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോള്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. സംഘത്തിന് കീഴില്‍ പേപ്പര്‍ ബാഗ്, ജൂട്ട് ബാഗ്, ക്ലോത്ത് ബാഗ്, ഫയല്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റ് തുടങ്ങും. ഇതിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി.
പട്ടികവര്‍ഗ സഹകരണ സംഘങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്താനാണ് പുനര്‍ജനി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരമാണ് അടപ്പുപാറ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന് പണം അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ തകര്‍ന്നുപോകുന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം പട്ടികവിഭാഗം സംഘങ്ങളും. ഈ സാഹചര്യം മറികടക്കുന്നതിനാണ് സംഘങ്ങളുടെ പ്രവര്‍ത്തനം വൈവിധ്യമുള്ള സംരംഭങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പ്രൊജക്ട് നല്‍കുന്ന സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ക്കുള്ള തുക മുഴുവന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
അടപ്പുപാറ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന്റെ സംരംത്തിന് സബ്‌സിഡിയായും ഓഹരിയായും തുക അനുവദിക്കണമെന്ന് മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് ഭരണാനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഘത്തിന് തുക നല്‍കുന്നതിന് റിലീസ് ഉത്തരവ് നല്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
30 ലക്ഷം രൂപയില്‍ ഭൂരിഭാഗം വിഹിതവും സബ്‌സിഡിയായാണ് സര്‍ക്കാര്‍ നല്‍കുന്നത്. 22.50 ലക്ഷം രൂപയാണ് സബ്‌സിഡി തുക. 7.50ലക്ഷമാണ് ഓഹരിയായി നല്‍കുന്നത്. സംഘത്തിന്റെ പദ്ധതി നിര്‍വഹണം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.
[mbzshare]