തീന്‍മേശയിലെ സഹകരണ വിപ്ലവം

[mbzauthor]

 

(മാർച്ച് ലക്കം)

വി. ശശികുമാര്‍( അസി. രജിസ്ട്രാര്‍, സഹകരണ വകുപ്പ് )

 

ഇന്ത്യന്‍ കോഫീബോര്‍ഡിനു കീഴില്‍ 1940 ല്‍ ആരംഭിച്ച
കോഫീഹൗസുകള്‍ പില്‍ക്കാലത്ത് അടച്ചുപൂട്ടിയപ്പോള്‍
കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി. യാണ് തൊഴിലാളികളുടെ
രക്ഷക്കെത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോഫീ
ഹൗസുകളെ സഹകരണ മേഖലയിലേക്ക് കൊണ്ടുവന്നു.
ഇപ്പോള്‍ കേരളത്തിലെ രണ്ടെണ്ണമടക്കം 13 സംഘങ്ങളുടെ
കീഴില്‍ രാജ്യത്താകെ നൂറുകണക്കിനു
കോഫീഹൗസ് ഔട്ട്‌ലെറ്റുകളുണ്ട്.

ശുദ്ധവും ഹിതവും മിതവുമായ ആഹാരത്തിന്റെ ലഭ്യത ആരോഗ്യമുള്ള ഒരു സമൂഹത്തിന് ആവശ്യമാണ്. പഴയകാലത്ത്, ഭൂരിഭാഗം പേര്‍ക്കും വീട്ടിലെ ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളില്‍ മിക്കവര്‍ക്കും ഭക്ഷണശാലകളെ ആശ്രയിക്കേണ്ടി വരുന്നു. നിറങ്ങള്‍ ചേര്‍ത്ത, മായം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നമുക്ക് രോഗങ്ങള്‍ കൂടി സമ്മാനിക്കുന്നു. ഒരാഴ്ച തുടര്‍ച്ചയായി ഹോട്ടല്‍ഭക്ഷണം കഴിച്ചാല്‍ ആശുപത്രിയിലേക്ക് പോകേണ്ടുന്ന ദുരവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ‘ വീട്ടിലെ ഭക്ഷണം നാട്ടില്‍ വിളമ്പി ‘ ത്തരുന്ന, സഹകരണമേഖലയില്‍ വിജയപര്‍വ്വം രചിച്ച, ‘ഇന്ത്യന്‍ കോഫീഹൗസ്’ ശൃംഖലയെക്കുറിച്ച് സ്വാഭിമാനം ഓര്‍ത്തുപോകുന്നത്.

ജനഹൃദയങ്ങളില്‍ ഈ സുവര്‍ണ നാമം കൊത്തിവെയ്ക്കപ്പെട്ടിട്ട് ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്ത്യന്‍ കോഫീഹൗസ് എന്നത് ഒരു ഭക്ഷണശാല എന്നതിനപ്പുറം ഒരു വികാരം കൂടിയായി ഉപഭോക്താവിന്റെ മനസ്സില്‍ കുടിയേറിക്കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ കുലീനമായ പെരുമാറ്റം, അവരുടെ വസ്ത്രങ്ങളുടെയും തലപ്പാവിന്റേയും വെണ്‍മ പോലെ ശുദ്ധമായ ഭക്ഷണം, സ്വച്ഛമായ അന്തരീക്ഷം, മിതമായ വില തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ കോഫീ ഹൗസിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നു. കോള്‍ഡ് കോഫി, കട്ലെറ്റ് തുടങ്ങി വലിയ ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന വരേണ്യ ഭക്ഷണങ്ങളില്‍ പലതും സാധാരണക്കാരന്റെ തീന്‍മേശയില്‍ ആദ്യമായി വിളമ്പിയത് ഇന്ത്യന്‍ കോഫീ ഹൗസുകളായിരുന്നു. രുചി കൂട്ടാനുള്ള കൃത്രിമച്ചേരുവകളോ ഫ്ളേവറുകളോ ഇവിടത്തെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നില്ല. പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും കോഫീ ഹൗസുകളില്‍ കാണാന്‍ സാധിക്കില്ല. എരിവും പുളിയും ഉപ്പുമൊക്കെ പാകത്തിന് മാത്രമുള്ള ഭക്ഷണങ്ങളാണ് കോഫീഹൗസുകളെ ജനപ്രിയമാക്കിയത്. നഗരങ്ങളിലെത്തുന്നവര്‍ ഭക്ഷണ പാനീയങ്ങള്‍ക്കായി ആദ്യമന്വേഷിക്കുന്നത് തൊട്ടടുത്തുള്ള ഇന്ത്യന്‍ കോഫീഹൗസ് ആയിരിക്കും എന്നത് വസ്തുതയാണ്.

എ.കെ.ജി. രംഗത്ത്

കോഫീ ഹൗസ് എന്ന ആശയത്തിന് പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഇന്ത്യയില്‍ പ്രചാരമുണ്ടായിരുന്നു. 1936 ല്‍ കോഫീ സെസ്സ് കമ്മിറ്റിയാണ് കോഫീ ഹൗസ് ശൃംഖല തുടങ്ങിയത്. ആദ്യ ഔട്ട്‌ലെറ്റ് ബോംബെയിലാണ് തുറന്നത്. 1940 കളില്‍ രാജ്യത്താകെ ഇത്തരം 50 കോഫീഹൗസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നു. വര്‍ണ വിവേചനത്തിന്റെ ഭാഗമായി ആദ്യകാലത്ത് ഇന്ത്യക്കാര്‍ക്ക് കോഫീ ഹൗസുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍, 1950 ന്റെ പാതിയോടെ കോഫീ ബോര്‍ഡ് കോഫീഹൗസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. അവര്‍ പട്ടിണിയിലും തീരാദുരിതങ്ങളിലും പെട്ടു. ഈ ദുരവസ്ഥ കണ്ടറിഞ്ഞാണ് ‘ പാവങ്ങളുടെ പടത്തലവന്‍ ‘ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട എ.കെ.ജി രംഗത്ത് വന്നത്. പിരിച്ചുവിട്ട ജീവനക്കാരെ അദ്ദേഹം ഒരുമിച്ചു ചേര്‍ത്തു. അവരുടെ നേതൃത്വം ഏറ്റെടുത്തു. അവര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനത്തിനായി അദ്ദേഹം യത്നിച്ചു. ഇതിന്റെ അനന്തരഫലമായിട്ടാണ് ഇന്ത്യന്‍ കോഫീബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപം കൊണ്ടത്. നേരത്തെയുണ്ടായിരുന്ന കോഫീ ബോര്‍ഡിനോട് ഔട്ട്ലെറ്റുകള്‍ തൊഴിലാളികള്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശമുണ്ടായി. അവയ്ക്ക് ദേശീയതയിലൂന്നിയ പുതിയൊരു പേരും നല്‍കി- ഇന്ത്യന്‍ കോഫീഹൗസ് .

1957 ഓഗസ്റ്റ് 19 ന് ബാംഗ്ലൂരിലും അക്കൊല്ലം ഡിസംബര്‍ 27 ന് പുത്തന്‍ശൈലിയില്‍ ഡല്‍ഹിയിലും ഇന്ത്യന്‍ കോഫീഹൗസിന്റെ ഔട്ട്ലെറ്റുകള്‍ തുറന്നു. തുടര്‍ന്ന് ലഖ്‌നൗ, കല്‍ക്കട്ട, ചെന്നൈ, ബെല്ലാരി, നാഗ്പൂര്‍, ജബല്‍പൂര്‍, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേക്കും ഔട്ട്ലെറ്റുകള്‍ വ്യാപിച്ചു. 1960 ഡിസംബര്‍ 17 ന് ദേശീയതലത്തില്‍ രൂപീകൃതമായ ഓള്‍ ഇന്ത്യ കോഫീ വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ് സെസൈറ്റീസ് ഫെഡറേഷന് കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടതും സ്വതന്ത്ര സഹകരണ സംഘങ്ങളായി പ്രവര്‍ത്തികുന്നതുമായ 13 സംഘങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ രണ്ടെണ്ണം കേരളത്തിലാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി ഇന്ത്യന്‍ കോഫീ ഹൗസ് മാറി എന്നതില്‍ സഹകരണമേഖലയ്ക്ക് അഭിമാനിക്കാം.

കേരളത്തില്‍

കേരളത്തില്‍ 1958 ലാണ് ഇന്ത്യന്‍ കോഫീ ഹൗസ് എത്തുന്നത്. തൃശ്ശൂര്‍ ആസ്ഥാനമായി രൂപം കൊണ്ട ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് സൊസൈറ്റി നമ്പര്‍: 4227ന്റെ കീഴിലാണ് ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്നത്. അക്കൊല്ലം മാര്‍ച്ച് എട്ടിനായിരുന്നു ഉദ്ഘാടനം. അന്നത്തെ കുന്നംകുളം എം.എല്‍.എ. അഡ്വ. ടി.കെ കൃഷ്ണന്‍ പ്രസിഡന്റ്ും നടക്കല്‍ പരമേശ്വരന്‍ പിള്ള സെക്രട്ടറിയുമായാണ് ഈ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യന്‍ കോഫീഹൗസിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘ കോഫീ ഹൗസിന്റെ കഥ ‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുകൂടിയാണ് പരമേശ്വരന്‍ പിള്ള. തൃശ്ശൂര്‍ ജില്ല മുതല്‍ തിരുവനന്തപുരം ജില്ല വരെ പ്രവര്‍ത്തനപരിധിയുള്ള ഈ സഹകരണ സംഘത്തിനു കീഴില്‍ അമ്പതോളം ഇന്ത്യന്‍ കോഫീഹൗസുകള്‍ നിലവിലുണ്ട്. ഇവ തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

1958 ല്‍ത്തന്നെ കണ്ണൂര്‍ ജില്ലയിലും ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു. കണ്ണൂര്‍ ആസ്ഥാനമായി 1958 ജൂലായ് രണ്ടിന് രൂപീകൃതമായ ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് സൊസൈറ്റി നമ്പര്‍: 4317 നു കീഴിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഓഗസ്റ്റ് ഏഴിന് തലശ്ശേരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. അഡ്വ. എ.വി.കെ. നായര്‍ പ്രസിഡന്റും ടി.പി. രാഘവന്‍ സെക്രട്ടറിയുമായാണ് ഈ സഹകരണ സംഘം ആരംഭിച്ചത്. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയാണ് ഇതിന്റെ പ്രവര്‍ത്തന പരിധി. മികച്ച സഹകാരിയും പൊതുപ്രവര്‍ത്തകനുമായ പി.വി. ബാലകൃഷ്ണനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. സംഘത്തിന് കീഴില്‍ കണ്ണൂര്‍ ധര്‍മശാലയില്‍ കോടികള്‍ ചെലവിട്ട് 40 സെന്റ് സ്ഥലത്ത് പണിത മനോഹരമായ കെട്ടിടം ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഹൗസാണ്.

[mbzshare]

Leave a Reply

Your email address will not be published.