തിങ്കളാഴ്ചയോടെ മുഴുവന്‍ പാലും സംഭരിക്കും; പരിഹാരത്തിന് ദീര്‍ഘകാല പദ്ധതി

Deepthi Vipin lal

ക്ഷീരമേഖലയില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി, ലോക്ഡൗണ്‍ പോലുള്ള സാഹചര്യം ഉടലെടുത്താല്‍ ഭാവിയില്‍ എപ്പോഴും സംഭവിക്കാനിടയുള്ളതാണെന്ന് ക്ഷീരവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍, ഈ പ്രശ്നം നേരിടാന്‍ ദീര്‍ഘകാല പദ്ധതി രൂപീകരിക്കാന്‍ മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കര്‍ഷകരെ ബാധിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. തിങ്കളാഴ്ചയോടെ ക്ഷീരകര്‍ഷകരില്‍നിന്നുള്ള മുഴുവന്‍ പാലും സഹകരണ സംഘങ്ങള്‍ വഴി മില്‍മ സംഭരിക്കും.

പാല്‍ ഒഴിച്ചുകഴിഞ്ഞുള്ള പ്രതിഷേധവും വരുമാന നിലച്ച കര്‍ഷകരുടെ പരാതികളും ഉയര്‍ന്നതോടെയാണ് അടിയന്തരയോഗം മന്ത്രി വിളിച്ചത്. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ അധികം വരുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാല്‍ വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സംഘങ്ങളിലൂടെ സംഭരിച്ചാല്‍ മാത്രമാണ് ഇത്തരമൊരു വിതരണ സംവിധാനം ഒരുക്കാനാകൂ. അതിനാല്‍, മുഴുവന്‍ പാലും സംഭരിക്കാനും, അവ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ച് വിതരണം ചെയ്യാനുമുള്ള നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിനുള്ള പദ്ധതി തയ്യാറാക്കി.

സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ പാല്‍ സംഭരണം ഊര്‍ജ്ജിതമായി നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പാല്‍ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. നിലവില്‍ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുന്‍പ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം. തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് 19 മൂലം പല സംസ്ഥാനങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാലിന്റെ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി യോഗം വിലയിരുത്തി. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കേണ്ടിവന്നു. സാധാരണയായി ഇത്തരത്തില്‍ സംഭരിക്കുന്നപാല്‍ മിച്ചം വന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ തിമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലുള്ള പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പൊടിയാക്കി മാറ്റുകയാണ് പതിവ്. എന്നാല്‍, കോവിഡ് പ്രതിസന്ധി മൂലം മറ്റു സ്ഥാനങ്ങളിലും പാല്‍ അധികമായി ശേഖരിക്കേണ്ട അവസ്ഥയുണ്ടായി. ഇതാണ് സംസ്ഥാനത്തെ പാല്‍ സംഭരണം പ്രതിസന്ധിയിലെത്തിച്ചതെന്ന് യോഗം വിലയിരുത്തി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാള്‍, മില്‍മ മാനേജിംങ് ഡയറക്ടര്‍ സൂരജ് പാട്ടീല്‍, ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് മന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News