തമിഴ്‌നാട്ടില്‍ സഹകരണ സംഘങ്ങളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

[mbzauthor]

സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷംതന്നെയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാട്‌സര്‍ക്കാര്‍ തീരുമാനിച്ചതായി ‘ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘  റിപ്പോര്‍ട്ട് ചെയ്തു. സംഘം ഭരണസമിതികളുടെ കാലാവധി നിലവിലെ അഞ്ചു വര്‍ഷത്തില്‍നിന്നു വെട്ടിക്കുറച്ചു മൂന്നു വര്‍ഷമാക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇക്കൊല്ലം തുടക്കത്തില്‍ നിയമസഭയില്‍ ബില്ലും പാസാക്കിയിരുന്നു. രാജ്യമെങ്ങും സഹകരണസംഘം ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷമാണ്.

ഭരണസമിതികളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുദ്ദേശിച്ചു 1983 ലെ തമിഴ്‌നാട് സഹകരണസംഘം നിയമത്തില്‍ ഇക്കൊല്ലം ജനുവരിയിലാണു ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ പാസാക്കിയത്. ഗവര്‍ണറുടെ അംഗീകാരം കാത്തുകൊണ്ട് ബില്‍ 11 മാസമായി രാജ്ഭവനിലാണുള്ളത്. ബില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സംസ്ഥാന നിയമവകുപ്പ് തുടങ്ങിക്കഴിഞ്ഞു. ബില്‍ പാസായപ്പോള്‍ത്തന്നെ കാലാവധി കുറയ്‌ക്കേണ്ടതിന്റെ ആവശ്യമെന്തെന്നു ചോദ്യങ്ങളുയര്‍ന്നിരുന്നു.

സംസ്ഥാനത്തെ സഹകരണസംഘങ്ങളിലേക്ക് അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കും. വരുന്ന ഏപ്രില്‍ അവസാനത്തോടെ ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി തീരും. 15 വകുപ്പുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 26,754 സഹകരണസംഘങ്ങളാണു തമിഴ്‌നാട്ടിലുള്ളത്. ഇതിലെല്ലാംകൂടി 2.4 ലക്ഷം അംഗങ്ങളാണുള്ളത്. നിലവില്‍ 21,000 സംഘങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. അടുത്ത ഏപ്രിലോടെ കാലാവധി തീരുന്ന സഹകരണസംഘങ്ങളുടെ പട്ടിക അയച്ചുതരാന്‍ സഹകരണസംഘം രജിസ്ട്രാര്‍ എ. ഷണ്‍മുഖസുന്ദരം ജോയിന്റ് രജിസ്ട്രാര്‍മാരോടാവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി രൂപവത്കരിച്ച സംഘങ്ങളിലേക്കും അടുത്ത കൊല്ലം ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്തും.

2018 മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ തിരഞ്ഞെടുപ്പു നടന്ന 18,468 സംഘങ്ങളുടെ കാലാവധി അടുത്ത കൊല്ലം അവസാനിക്കുമെന്നു നിയമ-സഹകരണവകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. ഇതിനാലാണു ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഘംഫണ്ടുകള്‍ വന്‍തോതില്‍ തിരിമറി നടത്തിയതും മുക്കുപണ്ടങ്ങളിന്മേല്‍ ആഭരണവായ്പ നല്‍കിയതും കോടിക്കണക്കിനു രൂപയുടെ വ്യാജവായ്പകള്‍ അനുവദിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണു സംഘം ഭരണകാലാവധി കുറയ്ക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍, മുന്‍സര്‍ക്കാരിന്റെ കാലത്തു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിടാനുള്ള ഏകലക്ഷ്യത്തോടെയാണ് ഈ ബില്‍ അവതരിപ്പിച്ചത് എന്നായിരുന്നു പ്രതിപക്ഷകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ ആരോപണം.

പ്രതിപക്ഷത്തിന്റെ ആരോപണം സഹകരണമന്ത്രി ഐ. പെരിയസാമി തള്ളിയിരുന്നു. സംസ്ഥാനത്തു നാലു തവണ സഹകരണനിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 ല്‍ സംഘങ്ങളിലേക്കു തിരഞ്ഞെടുപ്പു നടന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷകക്ഷികള്‍ക്കു നോമിനേഷന്‍ നല്‍കാന്‍പോലും കഴിഞ്ഞിരുന്നില്ല. ഏകപക്ഷീയമായാണു ഫലങ്ങള്‍ പ്രഖ്യാപിച്ചത്. എല്ലാ സംഘങ്ങളും എ.ഐ.എ.ഡി.എം.കെ. കൈപ്പിടിയിലാക്കുകയാണുണ്ടായത്- അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.