ട്രോമാകെയര്‍ സന്നദ്ധസേനയുമായി യു.എല്‍.സി.സി.എസ്
അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ട്രോമാകെയര്‍ സന്നദ്ധസേന രൂപവല്‍ക്കരിക്കുന്നു. ഇതിനായി സൊസൈറ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സൊസൈറ്റിയുടെ ജീവനക്കാരെയാണ് ഇതിന് സജ്ജരാക്കുന്നത്. പ്രളയവും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തം, തീപിടിത്തം, റോഡപകടം, തൊഴിലിടങ്ങളിലെ അപകടങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ സാഹചര്യങ്ങളില്‍ കാലതാമസമില്ലാതെ പ്രഥമശുശ്രൂഷ നല്‍കാനും ആശുപത്രിയിലെത്തിക്കാനും പരിശീലനം നല്‍കി.
കോഴിക്കോട് ട്രോമാകെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഡോ. ലോകേഷ് നായര്‍, ഡോ. മുഹമ്മദ് നജീബ്, പി പി വിനോദ്, വിജയന്‍, സജിത്ത് എന്നിവര്‍ പരിശീലനം നയിച്ചു. നാദാപുരം റോഡിലെ ‘മടിത്തട്ടി’ല്‍ നടന്ന പരിശീലനം യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എം. പത്മനാഭന്‍, അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ കെ. പി. ഷാബു, കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.