ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാരനടപടി ജില്ലാബാങ്കുകളെ നശിപ്പിക്കാന്‍
രണ്ടു പൊതുമേഖലാബാങ്കുകളൊഴികെ ബാക്കിയെല്ലാം നഷ്ടത്തിലാകുന്ന കാലത്താണ് ജില്ലാസഹകരണ ബാങ്കുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതികാര നടപടിയെടുക്കുന്നവര്‍ ഓര്‍ക്കണമെന്ന് ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്മാൻ പറഞ്ഞു. ഇത് ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടാണ്. അത് കാണാതെ, താല്‍ക്കാലിക ഭരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ ഈ ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നത് ജില്ലാബാങ്കുകളെ നശിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംയുക്ത സംഘടനകള്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുറഹ്മാന്‍.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജീവനക്കാരുടെ സംഘടനകള്‍ എല്ലായ്‌പോഴും പ്രവര്‍ത്തിക്കുന്നത്. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്ലാ സംഘടനകളും ഒന്നിച്ചുപ്രവര്‍ത്തിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതൊരു ജനകീയ സ്ഥാപനമാണ്. അതേ മനോഭാവത്തോടെയാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതും. കണ്ണൂര്‍ ജില്ലാസഹകരണ ബാങ്കിന്റെ ചരിത്രം അറിയാത്തവരാണ് ഇപ്പോള്‍ പ്രതികാര നടപടിക്കിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഒരുപാട് നേതാക്കള്‍ ഭരണം നടത്തിയ ബാങ്കാണിത്. അന്നൊന്നും ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്ത സമീപനമുണ്ടായിട്ടില്ല. അവിടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ രാഷ്ട്രീയലക്ഷ്യത്തോടെ പകപോക്കല്‍ നടത്തുന്നത്. ഇത് തീ കൊള്ളി കൊണ്ട് തലചൊറിയലാണെന്ന് ഓര്‍ക്കുന്നത് നന്നാവുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
അന്യായമായ സ്ഥലം മാറ്റങ്ങള്‍ നിര്‍ത്തിവെക്കുക, മാനേജ്‌മെന്റിന്റെ ഭരണയൂണിയന്‍ പ്രീണനനയം തിരുത്തുക, വനിതാ ജീവനക്കാരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കുക, നിയമന നിരോധനവും പ്രമോഷന്‍ നിഷേധവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കണ്‍വന്‍ഷനില്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സമരത്തിനിറങ്ങുന്നതിന്റെ മുന്നോടിയായാണ് കണ്‍വന്‍ഷന്‍ നടത്തിയത്. എ.ഐ.ബി.ഇ.എ., എച്ച്.എം.എസ്. എന്നീ സംഘടനകള്‍ സംയുക്തമായാണ് കണ്‍വന്‍ഷന്‍ നടത്തിയത്.
എം.കെ.ശ്യാംലാല്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരന്‍, ജി.വി.ശരത്ചന്ദ്രന്‍, കെ.മനോജ് കൂവേരി, തോമസ് വര്‍ഗീസ്, എം.കെ.ദിലീപ് കുമാര്‍, എ.കെ.സതീശന്‍, പി.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.