ക്ഷീരകര്ഷകര്ക്ക് ഉല്പാദന ബോണസ് നല്കാന് രജിസ്ട്രേഷന് വേഗത്തിലാക്കി സര്ക്കാര്
കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് നൽകുന്നതിനുവേണ്ടിയുള്ള നടപടികൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തി. ആദ്യപടി എന്ന നിലയിൽ ക്ഷീരശ്രീ പോർട്ടലിൽ എല്ലാ ക്ഷീരകർഷകരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ക്ഷീര വികസന വകുപ്പ് ആരംഭിച്ചു. ക്ഷീരകർഷകർക്ക് സമീപമുള്ള അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങളും മുഖേനയും ക്ഷീര വികസന ഓഫീസുകളും മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheersaree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ക്ഷീര കർഷകരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയും ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവയും ആവശ്യമാണ്. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് പോർട്ടലിൽ തന്നെ ലഭ്യമായ ഹെൽപ്പ് ഡെക്സ് നമ്പറുകളിലും, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും, ക്ഷീരസഹകരണ സംഘങ്ങളിലും, ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.
സംഘങ്ങളിൽ പാലൊഴിയുന്നതും അല്ലാത്തതുമായ എല്ലാ ക്ഷീരകർഷകർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്തതാണ്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വെച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് ഓഗസ്റ്റ് 20 നുള്ളിയിൽ തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി. കരസ്ഥമാക്കേണ്ടതാണ്.