ക്ഷീര കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ കര്‍ണാടകയില്‍ ക്ഷീരാഭിവൃദ്ധി ബാങ്ക് തുടങ്ങുന്നു

Deepthi Vipin lal

ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നന്ദിനി ക്ഷീരാഭിവൃദ്ധി ബാങ്കിനു രൂപം നല്‍കി. ബാങ്കിനു വേണ്ടി സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനു ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സഹകരണ സമ്മേളനത്തില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ നന്ദിനി ക്ഷീരാഭിവൃദ്ധി ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്യും. സഹകരണ മന്ത്രിയായ ശേഷം സംസ്ഥാനത്തു അമിത് ഷാ പങ്കെടുക്കുന്ന ആദ്യത്തെ സഹകരണ സമ്മേളനമാണിത്. സംസ്ഥാന  സഹകരണ വകുപ്പാണു സമ്മേളനം സംഘടിപ്പിക്കുന്നത്. ഒമ്പതിനായിരത്തിലധികം സഹകാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയിലെയും കര്‍ണാടകത്തിലെയും സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. സഹകരണ സംഘാംഗങ്ങള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ യശസ്വിനിയുടെ തുടക്കവും അമിത് ഷാ നിര്‍വഹിക്കും.

സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളുടെ വാര്‍ഷിക വരുമാനം 36,000 കോടി രൂപയാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. പാല്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം പാലുല്‍പ്പാദകര്‍ക്കുതന്നെ കിട്ടാനാണു ക്ഷീരോല്‍പ്പാദകരുടെ ക്ഷീരാഭിവൃദ്ധി ബാങ്കിനു സര്‍ക്കാര്‍ രൂപം നല്‍കിയതെന്നു അദ്ദേഹം പറഞ്ഞു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ കര്‍ണാടകയില്‍ 42,551 സഹകരണ സംഘങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 37,532 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News