കോടതിയലക്ഷ്യം: റിസര്‍വ് ബാങ്കിന് തെലങ്കാന ഹൈക്കോടതി നോട്ടീസയച്ചു
തെലങ്കാന ഹൈക്കോടതി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിനെതിരെ കോടതിയലക്ഷ്യത്തിനുള്ള നോട്ടീസയച്ചു. എ.പി. മഹേഷ് സഹകരണ അര്‍ബന്‍ ബാങ്ക് ഓഹരിയുടമകളുടെ ക്ഷേമസംഘടന നല്കിയ ഹര്‍ജിയിലാണു നോട്ടീസ്.
ഓഹരിയുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി മഹേഷ് സഹകരണ ബാങ്കിന്റെ ഭരണവും ദൈനംദിനകാര്യങ്ങളും നിര്‍വഹിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുദ്യോഗസ്ഥനെ നിയമിക്കണമെന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 24 നു തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു കോടതിയലക്ഷ്യനോട്ടീസ്. കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ ജൂലായ് ഏഴിനകം ബോധ്യപ്പെടുത്തണമെന്നു ജസ്റ്റിസ് ഭാസ്കര്‍ റെഡ്ഡി റിസര്‍വ് ബാങ്ക് ഗവര്‍ണറോടാവശ്യപ്പെട്ടു. മഹേഷ് ബാങ്കിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോട് ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് നയതീരുമാനങ്ങളൊന്നും എടുക്കരുതെന്നു 2021 ജനുവരി എട്ടിനു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
2022 ജനുവരി നാലിനു റിസര്‍വ് ബാങ്കിന്റെ പരിശോധനാറിപ്പോര്‍ട്ടില്‍ ക്രമക്കേടുകളുടെ പേരില്‍ കുറ്റപ്പെടുത്തിയിട്ടുള്ള ചെയര്‍മാനും സീനിയര്‍ വൈസ് ചെയര്‍മാനും ഇപ്പോഴും ബാങ്കിന്റെ ഭരണം കയ്യാളുകയാണ് എന്നതിനാല്‍ ഹൈക്കോടതിതീരുമാനം നടപ്പാക്കാന്‍ വൈകുന്നതില്‍ ഉത്കണ്ഠയുണ്ടെന്നു ഓഹരിയുടമകള്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് ദില്‍ജിത്ത് സിങ് അലുവാലിയ ബോധിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ നടപടിയെ മന:പൂര്‍വമുള്ള നിഷ്ക്രിയത്വം എന്നാണു ഹൈക്കോടതി വിശേഷിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പ്രതികരണത്തിനായി ഹൈക്കോടതി കേസ് ജൂലായ് ഏഴിലേക്കു മാറ്റിവെച്ചു.
1978 ല്‍ പ്രാഥമിക സഹകരണസംഘമായി പ്രവര്‍ത്തനമാരംഭിച്ച് 2001 ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കായി മാറിയതാണ് ആന്ധ്ര പ്രദേശ് മഹേഷ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്.
[mbzshare]