കൊടിയത്തൂര്‍ സഹകരണ ബാങ്ക് അംഗ ക്ഷേമ പദ്ധതി പ്രകാരം ധനസഹായം നല്‍കി
ബാങ്കിലെ അംഗങ്ങളുടെ സാമൂഹിക സുരക്ഷയ്ക്കുവേണ്ടി കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച മെമ്പേഴ്‌സ് വെല്‍ഫയര്‍ സ്‌കീമനുസരിച്ച് ആദ്യ ഗുണഭോക്താവിന് ധനസഹായം നല്‍കി.
60 വയസ്സുവരെയുള്ള അംഗങ്ങളില്‍ നിന്നു പതിനായിരം രൂപ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് സ്‌കീമില്‍ അംഗങ്ങളെ ചേര്‍ത്തത്. 65 വയസ്സിനുള്ളില്‍ അംഗം മരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷം രൂപ ബാങ്കിലുള്ള അദ്ദേഹത്തിന്റെ ബാധ്യതയിലേക്കോ ബാധ്യതയൊന്നുമില്ലെങ്കില്‍ നോമിനിക്കോ ആനുകൂല്യമായി നല്‍കുന്നതാണ് ഈ പദ്ധതി. ബാങ്കിലെ മുഴുവന്‍ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്‌കീം പ്രകാരമുള്ള ആദ്യത്തെ ധനസഹായം ലിന്റോ ജോസഫ് എം.എല്‍.എ.യാണ് നല്‍കിയത്. സ്‌കീമില്‍ അംഗമായശേഷം മരിച്ച സുന്ദരന്‍ കണ്ണാംപറമ്പിലിന്റെ ഭാര്യ വിലാസിനി ധനസഹായം സ്വീകരിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍മാരായ നാസര്‍ കൊളായി, നിസാര്‍ബാബു എ.സി., വി.കെ. അബൂബക്കര്‍, അഹമ്മദ്കുട്ടി പാറക്കല്‍, അസ്മാബി പരപ്പില്‍, സിന്ധു രാജന്‍, റീന ബോബന്‍, സെക്രട്ടറി കെ. ബാബുരാജ്, ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.