കേരളശ്ശേരിയുടെ ആയുര്‍വേദ ബാങ്ക്

- അനില്‍ വള്ളിക്കാട്

ഉള്‍നാടായ തടുക്കശ്ശേരിയില്‍ 1922 ല്‍ 40 അംഗങ്ങളുമായി
നാണയ സംഘമായി തുടങ്ങിയ സഹകരണ ബാങ്കിനിപ്പോള്‍
അംഗങ്ങള്‍ അയ്യായിരത്തിലേറെ. കേരളശ്ശേരിയുടെ
ആയുര്‍വേദപ്പെരുമയും കാര്‍ഷിക പ്രതാപവും
ഒരുപോലെ കാത്തുസംരക്ഷിക്കുന്നു ഈ ബാങ്ക്.

 

നാടിന്റെ പൈതൃകവും പെരുമയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാട്ടുകാര്‍ക്കു സഹായസ്ഥാപനമാവുകയാണു പാലക്കാട്ടെ തടുക്കശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്. പഴയ വള്ളുവനാടന്‍ ദേശത്തെ ഒറ്റപ്പാലത്തിനടുത്തു കേരളശ്ശേരി പഞ്ചായത്തിലാണു ബാങ്കിന്റെ പ്രവര്‍ത്തനം. പാരമ്പര്യ ആയുര്‍വേദ ചികിത്സകര്‍ക്കു പേരുകേട്ട ഗ്രാമം. കുന്നും താഴ്‌വാരങ്ങളും സമ്മിശ്ര കൃഷിരീതിക്ക് അനുയോജ്യം. ആയുര്‍വേദപ്പെരുമയുടെയും കാര്‍ഷികപ്രതാപത്തിന്റെയും കനകശോഭ കേരളശ്ശേരിയില്‍ കെടാതെ കാക്കുകയാണു തടുക്കശ്ശേരി ബാങ്ക്. അതിനുതകുംവിധം പഴമയുടെ പ്രൗഢിയുമുണ്ട് ബാങ്കിന്. നൂറു വയസ്സ് തികഞ്ഞ ബാങ്ക് നാടിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞു.

അഭിമാനം
ആയുര്‍വേദം

ഔഷധസസ്യങ്ങളുടെ കൃഷി വിപുലീകരിച്ച് അതിലൂടെ മരുന്നുണ്ടാക്കി കൃഷിയും ആരോഗ്യവും പരിപാലിക്കുന്ന ആയുര്‍വേദസംസ്്കാരത്തിനാണു തടുക്കശ്ശേരി ബാങ്ക് ഊന്നല്‍ നല്‍കുന്നത്. ഇരുനൂറോളം വരുന്ന ഔഷധസസ്യങ്ങളുടെ വിത്തും തൈകളും ആവശ്യമുള്ളവര്‍ക്കു ബാങ്ക് നല്‍കും. ഔഷധമുണ്ടാക്കാന്‍ പ്രായമായ ചെടികളും വിളവുകളും ബാങ്ക് താങ്ങുവില നിശ്ചയിച്ച് കര്‍ഷകരില്‍നിന്നു വാങ്ങും. വിളവ് ബാങ്കിനുതന്നെ നല്‍കണമെന്നു നിര്‍ബന്ധമില്ല. സംഭരിച്ച വിളവുകള്‍ ഒരു സഹായസംരംഭവുമായി ചേര്‍ന്ന് ‘കേരള ആയുര്‍വേദിക്’ എന്ന പേരില്‍ മരുന്നുകളാക്കി വില്‍ക്കുന്നു. നാലു വര്‍ഷമായി തുടങ്ങിയ സംരംഭം കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു ബാങ്ക് പ്രസിഡന്റ് പി. ജയദാസ് പറഞ്ഞു. ബാങ്ക് വാങ്ങിയ മൂന്നര ഏക്കര്‍ സ്ഥലത്തു മരുന്നുല്‍പ്പാദനത്തിനു സ്വന്തമായ സംവിധാനമൊരുക്കും. ഇപ്പോള്‍ നീതി മെഡിക്കല്‍ സ്റ്റോറിലൂടെ വില്‍പ്പന നടത്തുന്ന മരുന്നുകളുടെ വിപണനമേഖലയും വര്‍ധിപ്പിക്കും. മരുന്നുല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള ഡ്രഗ് ലൈസന്‍സ് ബാങ്കിനു ലഭിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.

തരിശുപാടങ്ങളില്‍ വിളവിറക്കിക്കൊണ്ടുള്ള സമഗ്ര കാര്‍ഷികവികസന പദ്ധതിക്കു ബാങ്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സേവനകേന്ദ്രത്തിന്റെ കീഴില്‍ 15 പേരടങ്ങുന്ന തൊഴില്‍സേനയെ സജ്ജമാക്കിയിട്ടുണ്ട്. വിത്തു മുതല്‍ വിപണി വരെയുള്ള ആധുനിക കൃഷിരീതികള്‍ സ്വായത്തമാക്കുന്ന പരിശീലനം ഇവര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു നേടുകയുണ്ടായി. നെല്ലിനു പുറമെ കഴിഞ്ഞ ഓണക്കാലത്തു ധാരാളം പച്ചക്കറികള്‍ ‘ഗ്രീന്‍ ആര്‍മി’ യുടെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുകയുണ്ടായി. പച്ചക്കറികളില്‍ ചിലത് ഔഷധക്കൂട്ടിന് ഉപയോഗിക്കാമെന്നതും ഗുണകരമായിത്തീര്‍ന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നും പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാന്‍തന്നെയാണു ബാങ്കിന്റെ തീരുമാനം.

കൃഷിയും
വ്യവസായവും

വ്യാവസായിക പിന്തുണയില്‍ കാര്‍ഷികപ്രോത്സാഹനം എന്നതു ബാങ്കിന്റെ മുഖ്യലക്ഷ്യമാണ്. ചരല്‍മണ്ണായി കാണപ്പെടുന്ന കുന്നിന്‍പ്രദേശങ്ങളില്‍ മുമ്പു കശുമാവിന്‍തോട്ടങ്ങളായിരുന്നു. ബാങ്കിന്റെ തുടക്കകാലത്തു തോട്ടണ്ടിസംഭരണം മുഖ്യപ്രവര്‍ത്തനവുമായിരുന്നു. എന്നാല്‍, ഈ പ്രദേശങ്ങളെല്ലാം ഇപ്പോള്‍ റബ്ബറിനു വഴിമാറി. എങ്കിലും, താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലിനു പുറമെ തെങ്ങുകൃഷിയും വ്യാപകമായുണ്ട്. ഇതു കണക്കിലെടുത്തുകൊണ്ട് ബാങ്ക് നാളികേര സംസ്‌കരണ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. പാലക്കാട് താലൂക്കിലെ കൃഷിഭവനുകള്‍ നല്‍കുന്ന പെര്‍മിറ്റനുസരിച്ച് കര്‍ഷകരില്‍ നിന്നു സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്കു നാളികേരം സംഭരിക്കും. ഇതു കൊപ്രയാക്കി നാഫെഡിനു നല്‍കും. കൊപ്രയില്‍ നിന്നു ബാങ്ക്തന്നെ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിച്ച് വിപണിയിലിറക്കാനും ആലോചിക്കുന്നുണ്ട്. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ സംസ്‌കരണ കേന്ദ്രത്തില്‍ ഇതിനകം ഒന്നര ലക്ഷം കി. ഗ്രാം നാളികേരം സംഭരിച്ചു. വിപണിവിലയേക്കാള്‍ പത്തു രൂപ അധികം നല്‍കിയാണു സംഭരണം. നാട്ടിലെ കേരകര്‍ഷകര്‍ക്കു വലിയൊരു കൈത്താങ്ങായി മാറുകയാണു ബാങ്കിന്റെ ഈ നടപടി.

ബാങ്കിന്റെ സ്വന്തംസ്ഥലത്തു നബാര്‍ഡിന്റെ സഹായത്തോടെ അഞ്ചു കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചുകൊണ്ടാണു നാളികേരസംസ്‌കരണ കേന്ദ്രവും അനുബന്ധ മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണ കേന്ദ്രങ്ങളും ബാങ്ക് ആവിഷ്‌കരിച്ചിട്ടുള്ളത്. ചകിരിനാരുണ്ടാക്കി കയര്‍ നിര്‍മാണമേഖലക്കു നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അതിനു പുറമെ ചകിരിപ്പൊടിയും കൊക്കോപിറ്റും നിര്‍മിച്ച് നഴ്‌സറി രംഗത്തെ വിപണനസാധ്യതയും പരിശോധിക്കുന്നുണ്ട്. ചകിരിപ്പൊടിയും ചാണകവും ചേര്‍ത്തു ജൈവവള നിര്‍മാണത്തിനും ബാങ്ക് ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം വിപുലവും ആധുനികവുമായ ഒരു നഴ്‌സറിയും ബാങ്ക് തുടങ്ങും. ഇതിന്റെ ഭാഗമായി തുടങ്ങുന്ന അഗ്രോ സര്‍വീസ് സെന്ററിലൂടെ കാര്‍ഷികസേവനം വിപുലീകരിക്കും. ബാങ്കിന്റെ കൈവശമുള്ള കാര്‍ഷികോപകരണങ്ങള്‍ ഇവിടെനിന്നു കര്‍ഷകര്‍ക്കു സൗജന്യനിരക്കില്‍ വാടകക്കു നല്‍കും. പഴം, പച്ചക്കറി സംഭരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും ബാങ്ക് പരിപാടിയിടുന്നുണ്ട്. ഏതാണ്ട് 150 പേര്‍ക്കു നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണു ബാങ്ക് ഏറ്റെടുത്തിരിക്കുന്നതെന്നു പ്രസിഡന്റ് ജയദാസ് പറഞ്ഞു.

നൂറ്റാണ്ടിന്റെ
നെറുകയില്‍

തടുക്കശ്ശേരി എന്ന ഉള്‍പ്രദേശത്തു 1922 ല്‍ തുടങ്ങിയ വിവിധോദ്ദേശ്യ നാണയസംഘമാണു ബാങ്കിന്റെ ആദ്യരൂപം. സംഘം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 40 അംഗങ്ങള്‍ മാത്രം. 1963 ല്‍ സഹകരണ ബാങ്കായി. അന്നു 365 അംഗങ്ങള്‍. 4820 രൂപ മൂലധനവും 18,180 രൂപ നിക്ഷേപവും 22,209 രൂപ വായ്പയും. ഇന്നു ബാങ്കിന് അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനു 55 കോടി രൂപയുടെ നിക്ഷേപവും 46 കോടി രൂപയുടെ വായ്പബാക്കിയുമുണ്ട്. കേരളശ്ശേരി പഞ്ചായത്തു മുഴുവന്‍ പ്രവര്‍ത്തനമേഖലയാണെങ്കിലും ആരംഭകാല പ്രവര്‍ത്തനകേന്ദ്രത്തിന്റെ പേരില്‍ തടുക്കശ്ശേരി എന്ന സ്ഥലം ബാങ്കിനോടു ചേര്‍ന്നുനിന്നു. കേരളശ്ശേരി പഞ്ചായത്തിന്റെ കേന്ദ്രസ്ഥാനത്താണു ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കിഴക്കുമുറിയില്‍ ഒരു ശാഖയുമുണ്ട്. താല്‍ക്കാലികക്കാരുള്‍പ്പടെ ഇരുപതോളം ജീവനക്കാരുടെ സേവനബലം ബാങ്കിനുണ്ട്. സ്വന്തമായി ആംബുലന്‍സ്, നീതി മെഡിക്കല്‍ സ്റ്റോര്‍, വളം ഡിപ്പോകള്‍ എന്നിവ ബാങ്കിനുണ്ട്. ഹെഡ് ഓഫീസിനു മുകളില്‍ ആധുനികരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള ഇ.എം.എസ.് സ്മാരക കോണ്‍ഫറന്‍സ് ഹാളുണ്ട്. ബാങ്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന തടുക്കശ്ശേരിയിലെ കെട്ടിടം നവീകരിച്ച് ചെറിയ പരിപാടികള്‍ നടത്താനുള്ള സൗകര്യമുണ്ടാക്കാന്‍ ആലോചിക്കുന്നതായി സെക്രട്ടറി എം.പി. വിജയകുമാരി പറഞ്ഞു. ‘എ’ ക്ലാസ് അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കിവരുന്നുണ്ട്. നറുക്കു ലഭിച്ചാല്‍ തുടര്‍ന്നു തവണകള്‍ അടയ്‌ക്കേണ്ടാത്ത, കുറഞ്ഞ തുകക്കുള്ള ‘സൗഭാഗ്യ നിക്ഷേപ പദ്ധതി’ സാധാരണ തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും വലിയൊരു ആകര്‍ഷണവും ആശ്വാസവുമാണ്. നറുക്കു ലഭിക്കാത്തവര്‍ക്ക് അടച്ചതുക ബോണസ്സോടെ അവസാനം തിരിച്ചു നല്‍കുകയും ചെയ്യും. ഇതിനുപുറമെ വലിയ തുകക്കുള്ള ചിട്ടികളും ബാങ്ക് നടത്തുന്നുണ്ട്.

എ. കൃഷ്ണദാസ് വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ കെ.കെ. വാസു, പി. രമേഷ്, എന്‍. ഹരിനാരായണന്‍, യു.കെ. ഹരിദാസ്, പി.കെ. രാമചന്ദ്രന്‍, പി.കെ. വിനോദ്കുമാര്‍, ലൈല, കെ.കെ. പ്രമീള, സി.എ. ലീല എന്നിവര്‍ അംഗങ്ങളാണ്.

 

 

Leave a Reply

Your email address will not be published.