കേരള ബാങ്ക് രൂപീകരണത്തിനെതിരെ കോടതിയിലേക്ക്
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പ് കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ലക്ഷോപലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ പ്രസ്ഥാനം ഇല്ലാതാകുമെന്നും ഇതിനെ എല്ലാ കോടതികളിലും ചോദ്യം ചെയ്യുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സാമ്പത്തിക തകര്‍ച്ച നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ഉപായമായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. സഹകരണ മേഖലയെയും അതിനെ ആശ്രയിക്കുന്ന ജനലക്ഷങ്ങളെയും തകര്‍ത്തുകൊണ്ട് പണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടുകയാണ്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ കേരള ബാങ്ക് രൂപീകരിക്കാം. പക്ഷേ, അതു സഹകരണ പ്രസ്ഥാനത്തെ കുരുതി കൊടുത്തുകൊണ്ടാകരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ 250 കോടി രൂപ നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണബാങ്കുമായി ലയിപ്പിക്കുന്നതോടെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കും. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കോമേഴ്‌സ്യല്‍ ബാങ്കായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എന്നാല്‍, സഹകരണ ബാങ്കുകള്‍ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തില്‍ അഭിവാജ്യഘടകമാണ്. കാര്‍ഷിക വായ്പ, സ്വര്‍ണ വായ്പ തുടങ്ങിയ നിരവധി വായ്പകള്‍ കുറഞ്ഞ നിരക്കില്‍ സഹകരണ ബാങ്ക് നല്കുമ്പോള്‍, നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശയും നല്കുന്നു. നിരവധി കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുമ്പോള്‍, അതില്‍ കൂടുതല്‍ എന്തു സേവനമാണു കേരള ബാങ്കിനു നല്കാനാകുകയെന്നു മുല്ലപ്പള്ളി ചോദിച്ചു.
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ സഹകരണ അവകാശ നിയമം പാസാക്കി സഹകരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഭരണഘടനയുടെ 97-ാം ഭേദഗതിയിലൂടെ സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ പൗരന് മൗലികാവകാശം നല്കി. രാജ്യത്തെ ആറു ലക്ഷം സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടലുകളില്‍ നിന്നു സംരക്ഷിക്കാനും ഈ നിയമനിര്‍മാണത്തിലൂടെ സാധിച്ച്. അങ്ങനെ പരിപോഷിപ്പിച്ച സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.