കേരള ബാങ്ക് – പ്രതിപക്ഷത്തിന്റേതു രാഷ്ട്രീയ എതിർപ്പ് മാത്രമെന്ന് സഹകരണമന്ത്രി. യുഡിഎഫ് സംഘങ്ങൾ യോഗം ബഹിഷ്കരിച്ചു.
കേരള ബാങ്ക് രൂപീകരണത്തിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പ് രാഷ്ട്രീയം മാത്രമാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ സഹകാരികളുടെ യോഗം കൊടകരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. യുഡിഎഫ് സഹകരണ സംഘങ്ങളിലെ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെ അധികാരവും സൗകര്യങ്ങളും നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് ഉള്ളതാണെന്ന് മന്ത്രി കളിയാക്കി. കേരള ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷം എതിർക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് സാങ്കേതികമായും മറ്റും സഹകരണമേഖല മുന്നേറേണ്ടതുണ്ട്. അതിന് കേരള ബാങ്കിന്റെ വരവ് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ വരവിനെ സംബന്ധിച്ചും ആവശ്യകതയെ സംബന്ധിച്ചും വിശദമായി മന്ത്രി സംസാരിച്ചു. എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ പ്രതിനിധികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിജെപി നിയന്ത്രണത്തിൽ സഹകരണസംഘങ്ങൾ നാമമാത്രമാണ്.
യോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ. ജയശ്രീ ഐ.എ.എസ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു,
കേരള ബാങ്കിന്റെ വരവ് സഹകാരികൾ മാത്രമല്ല ജനങ്ങളും ഭയക്കുകയാണ് എന്നും സർക്കാർ പലതും ഒളിക്കുകയാണെന്നും കേരള ബാങ്ക് വരുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ജനങ്ങൾ അകലും എന്നും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ. അബ്ദുൽ സലാം പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടം കൊയ്യാൻ ആണ് സിപിഎം കേരള ബാങ്കിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടകരയിൽ നടന്ന യോഗം യുഡിഎഫ് സഹകരണ സംഘങ്ങളിലെ ബഹിഷ്കരിച്ച്തായും അദ്ദേഹം പറഞ്ഞു.